പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യങ്ങളുന്നയിച്ച് വൈറലായ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങിന്റെ ഇന്ത്യ സന്ദര്‍ശനം വിലക്കിയെന്ന് ആരോപണം. യാത്രയുടെ അവസാന നിമഷം വിസ റദ്ദാക്കിയെന്നാണ് ആരോപണം. ഹൈദരാബാദില്‍ നടക്കുന്ന ഭാരത് സമ്മിറ്റില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിക്കാനിരിക്കെ അവസാന നിമിഷം വിസ റദ്ദാക്കിയെന്ന് ഹെല്ലെ ആരോപിച്ചു. എക്സില്‍ പങ്കുവച്ച വീഡിയോയിലാണ് ഹെല്ലെയുടെ പ്രതികരണം.
എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉന്നയിച്ചായിരുന്നു ഹെല്ല വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമിത് ഷായുടെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഇടപെടലാണ് ഇതിനുപിന്നിലെന്നും ലിങ് ആരോപിച്ചു. മോദി സര്‍ക്കാരിനെ വിമര്ശിച്ചതുകൊണ്ടാണോ വിസ റദ്ദാക്കിയതെന്നും ലിങ് ചോദിക്കുന്നു. തന്റെ ഇന്ത്യന്‍ യാത്ര തടസപ്പെടുത്തിയത് ആഭ്യന്തര മന്ത്രാലയമാണെന്ന വാദമാണ് ഹെല്ലെ ഉയര്‍ത്തുന്നത്. വിസ റദ്ദാക്കിയതില്‍ നോര്‍വേയിലെ ഇന്ത്യന്‍ എംബസി ഉത്തരവാദിയല്ല. എംബസിയുടെ ഇടപെടല്‍ മികച്ചതായിരുന്നു എന്നും ഹെല്ലെ മറ്റൊരു എക്സില്‍ പോസ്റ്റില്‍ കുറിച്ചു.
ഓസ്ലോ ആസ്ഥാനമായുള്ള 'ഡാഗ്സാവിസെന്‍' പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ലെ ലിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മെയ് മാസത്തില്‍ ഓസ്ലോ സന്ദര്‍ശിച്ചപ്പോള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഹെല്ലെ ലിങ് ഉയര്‍ത്തിയ ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയിരുന്നു. ഇതിന്റെ വീഡിയോ ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളുടെ വലിയ സൈബറാക്രമണം ആണ് ഉണ്ടായത്. പിന്നാലെ ഇവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പൂട്ടുന്ന നിലയും ഉണ്ടായി.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായത്. സ്പെൻഷൻ അറിയിപ്പിന്റെ സ്ക്രീൻഷോട്ടിനൊപ്പം 'പത്രസ്വാതന്ത്ര്യത്തിനായി കൊടുക്കേണ്ട ചെറിയ വില മാത്രമാണിത്. പക്ഷേ, ഇതുപോലൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല' എന്നാണ് അവർ പ്രതികരിച്ചത്.
'വിദേശ ചാര', 'ചൈനീസ് പ്രതിനിധി' തുടങ്ങിയ പരാമർശങ്ങൾ ഹെല്ലെ ല്യംഗിനെതിരെ ഉയർന്നിരുന്നു. എന്നാൽ താനൊരു വിദേശ ചാരയല്ലെന്നും, ഏതെങ്കിലും സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതല്ലെന്നും, ജോലിയാണ് ചെയ്യുന്നതെന്നും അവർ വിശദീകരിച്ചിരുന്നു.
ഇതിനിടെയാണ് വിസ നിഷേധം എന്ന ആക്ഷേപം ഉയരുന്നത്. നവംബര്‍ 13, 14 തീയതികളില്‍ ഹൈദരാബാദില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് സമ്മിറ്റില്‍ 'മാധ്യമങ്ങളുടെ ഭാവിയും മാധ്യമസ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ സംസാരിക്കാനാണ് ഇവര്‍ ഇന്ത്യയിലേക്ക് വരാനിരുന്നത്. 70-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Norwegian journalist Helle Lyng has alleged that her visa to visit India was cancelled at the last minute, preventing her from attending the Bharat Summit in Hyderabad. Helle, who went viral after questioning Prime Minister Narendra Modi during a press conference, shared her claims in a video posted on X. She alleged that her visa was revoked just as she was preparing to travel to India for the event.