India

അഞ്ചു വര്‍ഷത്തിനിടെ പഠനം ഉപേക്ഷിച്ചത് 13,600-ലധികം പിന്നാക്ക വിദ്യാര്‍ഥികള്‍; പാര്‍ശ്വവല്‍കൃതരെ പുറംന്തള്ളുന്ന രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 4,596 ഒബിസി വിദ്യാര്‍ഥികളും, 2,424 പട്ടികജാതി വിദ്യാര്‍ഥികളും, 2,622 പട്ടികവര്‍ഗ വിദ്യാര്‍ഥികളും പഠനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Madism Desk

ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ മുന്‍നിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയ വിവേചനവും ഒറ്റപ്പെടലും വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. ഐഐടി ബോംബെയില്‍ ദലിത് വിദ്യാര്‍ഥിയായ സാഹില്‍ വാക്കോഡെയുടെ (20) മരണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളോട് കാണിക്കുന്ന സമീപനത്തെക്കുറിച്ച് ഗുരുതര ആശങ്കകള്‍ ഉയര്‍ത്തി സുപ്രീം കോടതിയുടെ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും പഠിക്കാന്‍ 2025 മാര്‍ച്ചില്‍ സുപ്രീം കോടതി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ 211 പേജുള്ള ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ ആശങ്കാജനകമായ കണക്കുകളുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങള്‍ ഉദ്ധരിച്ചാണ് ടാക്‌സ്‌ഫോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2023-ല്‍ ഐഐടി ഡല്‍ഹിയില്‍ നടന്ന രണ്ട് വിദ്യാര്‍ഥി ആത്മഹത്യകളില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച കേസിലാണ് ഈ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കപ്പെട്ടത്.

2018-നും 2023-നും ഇടയിലുള്ള അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് 13,600-ലധികം പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 4,596 ഒബിസി വിദ്യാര്‍ഥികളും, 2,424 പട്ടികജാതി വിദ്യാര്‍ഥികളും, 2,622 പട്ടികവര്‍ഗ വിദ്യാര്‍ഥികളും പഠനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഐഐടികളില്‍ നിന്ന് 2,066 ഒബിസി, 1,068 എസ്സി, 408 എസ്ടി വിദ്യാര്‍ഥികളും ഐഐഎമ്മുകളില്‍ നിന്ന് 163 ഒബിസി, 188 എസ്സി, 91 എസ്ടി വിദ്യാര്‍ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു.

അധ്യാപക നിയമനങ്ങളിലെ അസമത്വം

ക്യാമ്പസുകളിലെ പാര്‍ശ്വവല്‍ക്കരണത്തിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അധ്യാപക തസ്തികകളിലെ വൈവിധ്യമില്ലായ്മയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം അധ്യാപകരില്‍ 56 ശതമാനവും സാമൂഹികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സവര്‍ണ സ്ഥാപനങ്ങളിലാണ് ഈ അസമത്വം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയ പ്രമുഖ ദേശീയ സ്ഥാപനങ്ങളില്‍ കേവലം 7.57% എസ്സി അധ്യാപകരും 1.91% എസ്ടി അധ്യാപകരും മാത്രമാണുള്ളത്. എന്നാല്‍ 67.71% അധ്യാപകരും മുന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്ന ആധിപത്യ സ്വഭാവമുള്ള പൊതുസംസ്‌കാരം പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒറ്റപ്പെടലിലേക്കും തള്ളിവിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പൊതു സംസ്‌ക്കാരത്തിന്റെ ഭാഗമാകുന്നതില്‍ പരാജയപ്പെടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ ഒറ്റപ്പെടാനും മാറ്റിനിര്‍ത്തപ്പെടാനും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, സാഹില്‍ വാക്കോഡെയുടെ മരണത്തില്‍ ഐഐടി ബോംബൈ അധികൃതര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മിഡ്-ടേം പരീക്ഷയ്ക്കിടെ സാഹില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ നടപടിയെടുത്തിരുന്നില്ലെന്നുമുള്ള പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ തിങ്കളാഴ്ച ഐഐടി അധികൃതര്‍ മാപ്പു പറഞ്ഞിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ജാതിവിവേചനവും അപമാനവുമാണ് സാഹിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.

A report by a Supreme Court-appointed national task force has raised serious concerns about caste discrimination, exclusion and unequal treatment faced by students from marginalised communities in India’s premier higher education institutions. The 211-page interim report, prepared by a task force constituted in March 2025 to study student mental health and suicide prevention, cites parliamentary data showing that more than 13,600 OBC, SC and ST students dropped out of leading institutions between 2018 and 2023. The report records 4,596 OBC, 2,424 SC and 2,622 ST students dropping out of central universities during the period. At IITs, the figures were 2,066 OBC, 1,068 SC and 408 ST students, while IIMs recorded 163 OBC, 188 SC and 91 ST dropouts.