Rahul Gandhi 
India

ഇന്ത്യ-യുഎസ് കരാർ; മോദിയുടേത് ഇന്ത്യൻ പരുത്തി കർഷകരെ തകർക്കുന്ന നിലപാടെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി

"മുന്നിൽ കിണറും പിന്നിൽ കിടങ്ങും" എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്, രാഹുൽ ഗാന്ധി പറഞ്ഞു.

Madism Desk

ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്രക്കയറ്റുമതിക്കാരെയും കേന്ദ്ര സർക്കാർ വഞ്ചിക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും മന്ത്രിസഭയും ചേർന്ന് ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പം പരത്തുകയാണെന്നും ഇന്ത്യയുടെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും മുറിപ്പെടുത്തുന്ന രീതിയിലാണ് സർക്കാർ കരാറുകളിൽ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയിൽ ബംഗ്ലാദേശിന് 0% താരിഫ് ആനുകൂല്യം ലഭിക്കുമ്പോൾ ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18% നികുതി ചുമത്തുന്നതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ പരുത്തി ഇറക്കുമതി ചെയ്യുക എന്ന നിബന്ധനയിന്മേലാണ് ബംഗ്ലാദേശിന് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇതേ ആനുകൂല്യം ഇന്ത്യയ്ക്ക് വേണമെങ്കിൽ അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മോദി സർക്കാർ പാർലമെന്റിൽ മറുപടി നൽകിയതായും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. ഇക്കാര്യം എന്തുകൊണ്ടാണ് ഇതുവരെ രാജ്യത്തോട് മറച്ചുവെച്ചതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിന്റെ ഈ നയ കെണിയിൽ ഇന്ത്യ വീണിരിക്കുകയാണെന്നും അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം പരുത്തി കർഷകർ നശിക്കുമെന്നും, എന്നാൽ ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം വിദേശ രാജ്യങ്ങളോട് മത്സരിക്കാനാവാതെ തകരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "മുന്നിൽ കിണറും പിന്നിൽ കിടങ്ങും" എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്, അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കാനോ നിർത്താനോ ബംഗ്ലാദേശ് ആലോചിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഉപജീവനത്തിന്റെ നട്ടെല്ലാണ് പരുത്തി കൃഷിയും വസ്ത്ര വ്യവസായവും. കോടിക്കണക്കിന് ഇന്ത്യക്കാരുടെ നിത്യഭക്ഷണമാണ് ഈ മേഖലയെ ആശ്രയിച്ചിരിക്കുന്നത്. ഈ മേഖലകളെ തകർക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും സർക്കാർ തള്ളിവിടുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഗുരുതരമായ നീക്കമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

English Summary: Rahul Gandhi criticised the India–US trade deal, alleging that the Modi government’s policies would severely harm Indian cotton farmers and the textile industry, putting millions of livelihoods at risk.