ഇന്ത്യ സഖ്യത്തിലെ ഓരോ പാര്‍ട്ടിക്കും അവരവരുടേതായ നിലപാടുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയതലത്തില്‍ ഇന്‍ഡ്യാ സഖ്യം ഒന്നിച്ചുനിന്ന് പോരാടണം. പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഇന്‍ഡ്യാ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും രാഹുല്‍ പറഞ്ഞു. കേരളത്തില്‍ പിണറായി വിജയനോടുള്ള രാഷ്ട്രീയ വിയോജിപ്പ് പരാമര്‍ശിച്ചാണ് ജൂണ്‍ എട്ടിന് നടന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തിലെ പ്രസംഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഇന്ത്യ സഖ്യയോഗത്തിലെ പ്രസംഗം പോഡ്കാസ്റ്റായി സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധി പ്രസംഗം പുറത്തുവിട്ടിട്ടുണ്ട്. പിണറായി വിജയനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞാല്‍ അതിന് തനിക്ക് കഴിയില്ല. അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടം തുടരുകയാണ്. എന്നാണ് രാഹുലിന്റെ വാക്കുകള്‍. ആഭ്യന്തര ഭിന്നതകള്‍ മാറ്റിവെച്ച് ബിജെപിക്കെതിരെ ഒന്നിക്കാന്‍ സഖ്യകക്ഷികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധി നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് ഒപ്പം അണിനിരക്കുന്നില്ലെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയും ചെയ്തു.
''എനിക്ക് നിങ്ങളോട് പോരാടാന്‍ താല്‍പ്പര്യമില്ല. നിങ്ങളാണ് എതിരാളികള്‍ എന്ന് പറയാന്‍ പറയാന്‍ ഞാന്‍ ഒരു ഭ്രാന്തനായിരിക്കും. കാരണം നിങ്ങള്‍ ഞങ്ങളുടെ സഖ്യകക്ഷികളാണ്. ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ സ്‌നേഹിക്കുന്ന ആളുകളാണ്. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയവുമായി ചേര്‍ന്ന് നിന്ന് സംസാരിക്കേണ്ടിവരും. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാന്‍ തനിക്ക് കഴിയില്ല. അതിന് താന്‍ തയ്യാറല്ല. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്‍ഡ്യാ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാന്‍. സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണ്ണ സന്തോഷത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. പ്രതിപക്ഷത്തെ തകര്‍ക്കാനും ദുര്‍ബലമാക്കാനും സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ ഇന്‍ഡ്യാ സഖ്യത്തിന് സാധിക്കും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുന്നു. പരമ്പരാഗതമായ പഴയ രാഷ്ട്രീയ ശൈലികള്‍ ഇനി വിജയിക്കില്ലെന്നത് യാഥാര്‍ഥ്യമാണ്. ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ബിജെപിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
English Summary: Leader of the Opposition in the Lok Sabha, Rahul Gandhi, stated that every party within the INDIA alliance has its own political position and priorities. He emphasized that the alliance must remain united in its fight at the national level while also recognizing and respecting regional political realities. Referring to his political differences with Pinarayi Vijayan in Kerala, Rahul Gandhi said that the INDIA bloc should move forward with a clear understanding of state-specific political dynamics. His remarks were made during the INDIA alliance meeting held on June 8, highlighting the balance between national unity and regional political competition.