India

ഭരണഘടന ഉയർത്തിപ്പിടിച്ച് റോഡിൽ കിടന്ന് പ്രിയങ്കയുടെ പ്രതിഷേധം; രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ രണ്ടാം ദിനവും ഡൽഹിയിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വാദ്രയെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഡൽഹിയിലെ ഷാംഗ്രി-ലാ ഹോട്ടലിന് സമീപം അത്യന്തം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയ നേതാക്കളെ തടഞ്ഞതോടെ പ്രിയങ്ക ഗാന്ധിയും വനിതാ എംപിമാരും റോഡിൽ കിടന്ന് പ്രതിഷേധിച്ചു. കൈയിൽ ഭരണഘടനാ പുസ്തകം ഉയർത്തിപ്പിടിച്ചായിരുന്നു പ്രിയങ്കയുടെ പ്രതിഷേധം. പ്രതിഷേധ സ്ഥലത്തുനിന്ന് പ്രിയങ്കയെ പൊലീസ് ബലം പ്രയോഗിച്ച് എടുത്തുമാറ്റി ബസിലേക്ക് കയറ്റുകയായിരുന്നു. നടപടിക്കിടെ പൊലീസ് തന്നെ പിടിച്ചുതള്ളിയതായി പ്രിയങ്ക ഗാന്ധി പിന്നീട് ആരോപിച്ചു. സ്ഥലത്തുണ്ടായിരുന്ന രാഹുൽ ഗാന്ധിയെയും പൊലീസ് ബലമായി ബസിലേക്ക് കയറ്റി.

ജൻപഥിലെ സാ​ഗർ രന്ത റസ്റ്റോറന്റിലെ ഉച്ചഭക്ഷണത്തിനൊപ്പം ചേർന്ന തന്ത്രപ്രധാന യോ​ഗത്തിന് ശേഷം പ്രതിപക്ഷ എംപിമാർ പുറത്തുകിടന്ന ബസുകളിൽ കയറി ജന്തർ മന്ദറിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ, ജന്തർ മന്ദറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചിരുന്നു. മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എംപിമാരുമായി പോയ ബസുകൾ ഷാംഗ്രി-ലാ ഹോട്ടലിന് സമീപം വെച്ച് വഴിമധ്യേ പൊലീസ് തടയുകയായിരുന്നു. ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഇതിനായി ന്യൂഡൽഹി ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് പത്ത് ദിവസം മുൻപെങ്കിലും അപേക്ഷ നൽകണമെന്നാണ് ചട്ടം. എന്നാൽ ജന്തർ മന്ദറിൽ തന്നെ പ്രതിഷേധിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

തുടർന്ന് അത്യന്തം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തിയ നേതാക്കളെ തടഞ്ഞതോടെ ആദ്യം രാഹുൽ ഗാന്ധിയെ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലമായി ബസിലേക്ക് മാറ്റി. എന്നാൽ മറ്റ് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് പോയ തക്കത്തിന് നേതാക്കൾ ബസിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. മാറിപ്പോകണമെന്ന പൊലീസിന്റെ ആവശ്യം രാഹുലും പ്രിയങ്കയും നിരസിച്ചു.

കൈയിൽ ഭരണഘടനാ പുസ്തകം ഉയർത്തിപ്പിടിച്ച് പ്രിയങ്ക ​ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തന്നെ മാറ്റാൻ കഴിയുമെങ്കിൽ മാറ്റാനും പ്രിയങ്ക പൊലീസിനെ വെല്ലുവിളിച്ചു. "ഇങ്ങനെയാണോ എംപിമാരോട് പെരുമാറുന്നത്? ഇത് കേട്ടുകേൾവിയില്ലാത്തതാണ്. ഞങ്ങൾ ഇവിടെ നിന്ന് മാറില്ല," പ്രിയങ്ക പറഞ്ഞു. ഒടുവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രിയങ്കയെ ബലം പ്രയോഗിച്ച് എടുത്തുമാറ്റി ബസിലേക്ക് കയറ്റിയത്.

പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരെയും കാത്തുകിടന്ന ബസുകളിലേക്ക് ബലമായി കയറ്റി കൊണ്ടുപോയി. ഇതിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ രോഷാകുലരായ കോൺ​ഗ്രസ് പ്രവർത്തകർ രാഹുൽ ​ഗാന്ധിയെ കൊണ്ടുപോയ ബസിന്റെ ടയർ കുത്തിക്കീറി പഞ്ചറാക്കിയതായി കോൺ​ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ എംപിമാരെ ജന്തർ മന്ദറിലെ സമരസ്ഥലത്തേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ബസുകൾക്ക് മുകളിൽ കയറി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Congress leaders Rahul Gandhi and Priyanka Gandhi Vadra were detained by Delhi Police for the second consecutive day during a massive INDIA bloc protest. The opposition leaders were demanding the resignation of Chief Election Commissioner Gyanesh Kumar over alleged irregularities in the Special Intensive Revision (SIR) of voter lists. The protest saw dramatic scenes near Delhi's Shangri-La hotel, where Priyanka Gandhi lay on the road holding a copy of the Constitution before being forcibly removed and bundled into a police bus along with Rahul Gandhi and other party workers.