India

ഡല്‍ഹിയിലെ പൊലീസ് നടപടി: മോദിയും അമിത് ഷായും രാജിവെക്കണമെന്ന് കോണ്‍ഗ്രസ്, സമരവേദിയില്‍ രാഹുലും പ്രിയങ്കയും

'യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജി വെക്കണം. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരതയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണം', രാഹുല്‍ ഗാന്ധി.

Madism Desk

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് കൈകള്‍ കൂട്ടിക്കെട്ടി പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ഖേര, ചരണ്‍ജിത് സിങ് ചന്നി, ദീപേന്ദര്‍ ഹൂഡ, രാജാ വോറിങ്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വെക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അതിസുരക്ഷാ മേഖലയായ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഇരുന്ന എംപിമാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. 'യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജി വെക്കണം. ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരതയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണം', രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിന്റേത് ഏകാധിപത്യ ഭരണകൂടമാണെന്നും വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ലാത്തിച്ചാര്‍ജിനും അടിച്ചമര്‍ത്തലിനും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് തൊട്ടുമുമ്പ്, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തി പൊലീസ് അക്രമത്തില്‍ പരിക്കേറ്റ സിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടയിലാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായത്. വിദ്യാര്‍ഥികള്‍ക്കെതിരെ നടന്നത് ബിജെപിയുടെ ഭീകരതയാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി കുറ്റപ്പെടുത്തി.

ജൂലൈ 23-ന് മഹാരാഷ്ട്ര ബന്ദ്

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജൂലൈ 23-ന് വഞ്ചിത് ബഹുജന്‍ അഘാഡി 'മഹാരാഷ്ട്ര ബന്ദ്' പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളും മറ്റ് ജനാധിപത്യ വിശ്വാസികളും ബന്ദിന് പിന്തുണ നല്‍കണമെന്ന് വിബിഎ അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, പ്രതിഷേധത്തിനിടയിലെ അനാദരവും മോശവുമായ പെരുമാറ്റത്തിന്റെ പേരില്‍ ഔദ്യോഗിക വക്താവ് വിജേത ദാഹിയയെ കോക്രോച്ച് ജനതാ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി. പ്രവര്‍ത്തകര്‍ ക്രൂരമായ പൊലീസ് അതിക്രമം നേരിടുമ്പോള്‍ വിജേത ദാഹിയ കാണിച്ച പെരുമാറ്റം പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി അദ്ദേഹത്തെ പ്രാഥമിക ചുമതലകളില്‍ നിന്ന് പുറത്താക്കിയത്.

The Congress has intensified its protest against the Centre following the alleged police crackdown on Cockroach Janata Party (CJP) activists demonstrating at Delhi's Jantar Mantar over the NEET examination controversy. Led by Rahul Gandhi and Priyanka Gandhi, Congress leaders staged a protest outside Prime Minister Narendra Modi's residence, demanding the resignation of Prime Minister Modi and Union Home Minister Amit Shah, while accusing the government of suppressing students' voices. Meanwhile, Maharashtra Bandh has been called on July 23 in protest against the police action, and the CJP removed its official spokesperson Vijeta Dahiya over alleged misconduct during the demonstrations.