അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ എട്ട് പ്രതികളില്‍ അഞ്ച് പേര്‍ പണം എണ്ണുന്നതിനിടയില്‍ നോട്ടുകെട്ടുകള്‍ മാറ്റുന്നതിന്റെയും വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററില്‍ നിന്നുള്ള 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അയോധ്യ പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പണം എണ്ണാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ അഞ്ച് പേര്‍ നോട്ടുകെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്‌സിനുള്ളിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
അതേസമയം, പണം എണ്ണുന്നതിനായി ജീവനക്കാരെ നല്‍കിയ ഏജന്‍സി തങ്ങളല്ല ഈ വ്യക്തികളെ കണ്ടെത്തിയതെന്നും മറിച്ച് കാണിക്കപ്പണം നിക്ഷേപിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്ത പേരുകളാണ് ഇവരുടേതെന്നും അവകാശപ്പെട്ടു. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് ഇതിനകം തന്നെ തിരച്ചില്‍ നടത്തുകയും പണം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഏതാണ്ട് 80 ലക്ഷത്തോളം രൂപയാണ് പൊലീസ് കണ്ടെടുത്തത്.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പരാതിയില്‍ ജൂണ്‍ 25-നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകല്‍പ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കര്‍ മിശ്ര, രാം ശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നീ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ടിന്നു യാദവ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ മുന്‍ ഡ്രൈവറാണ്. മനീഷ് യാദവ് ടിന്നുവിന്റെ അനന്തരവനും. അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. ക്ഷേത്രത്തിലെ വിവിധ ഹുണ്ടികകളില്‍ (കാണിക്ക വഞ്ചികള്‍) വീഴുന്ന നോട്ടുകളും നാണയങ്ങളും എണ്ണാന്‍ ട്രസ്റ്റ് ഏകദേശം 50 പേരെയാണ് നിയോഗിച്ചിരുന്നത്.
അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും
'പണം എണ്ണുന്നതിനിടയില്‍, അഞ്ച് പേര്‍ പണത്തിന്റെ കൂട്ടത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ മാറ്റുന്നതും അവ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്‌സിനുള്ളിലും ഒളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ പണം കണ്ടെടുത്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ക്ഷേത്രത്തില്‍ 45 ദിവസത്തില്‍ക്കൂടുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാറില്ല. അതുകൊണ്ട് ഈ മോഷണം എത്ര നാളായി തുടരുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയില്ല', ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെയാണ്.
മോഷ്ടിച്ച പണം ഉപയോഗിച്ച് എന്തെങ്കിലും സ്വത്തുക്കളോ മറ്റ് ആസ്തികളോ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പ്രതികളുടെ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ക്ഷേത്രത്തില്‍ നിന്ന് കാണിക്കപ്പണം മോഷണം പോയതില്‍ മറ്റെന്തെങ്കിലും വഴികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ബാങ്ക് ജീവനക്കാരും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
നിയമനങ്ങളില്‍ വന്‍ വീഴ്ചയെന്ന് സൂചന
അറസ്റ്റിലായ എട്ട് പേരില്‍ ആറ് പേരെ വാരാണസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗനിക് സെക്യൂരിറ്റീസ് എന്ന മാന്‍പവര്‍ ഏജന്‍സി വഴിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം എണ്ണുന്നതിനായി നിയമിച്ചത്. എന്നാല്‍ തങ്ങളുടെ ഏജന്‍സി ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഹൗസ് കീപ്പിങ് ജീവനക്കാരെയാണ് നല്‍കാറുള്ളതെന്നും ബാങ്കിങ് സംബന്ധമായ ജീവനക്കാരെയല്ലെന്നും സൈനിക് സെക്യൂരിറ്റീസ് ഡയറക്ടര്‍ ഗൗരവ് സിങ് വ്യക്തമാക്കി. ഈ ജീവനക്കാരെ ബാങ്ക് എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിലെ നിയമനത്തില്‍ ആളുകളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏജന്‍സിക്ക് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'നിയമിക്കേണ്ട ആളുകളുടെ പേരുകള്‍ എസ്ബിഐ ഞങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഞങ്ങള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തത്. ഈ വ്യക്തികള്‍ ഇതിന് മുന്‍പ് ഒരിക്കലും ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടില്ല,' ഗൗരവ് സിങ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‌കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തിലെ പണം എണ്ണല്‍ പ്രക്രിയ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, തികച്ചും താത്കാലികമായ സംവിധാനങ്ങളിലൂടെയാണ് മുന്നോട്ട് പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികളില്‍ പലരും പരസ്പരമുള്ള ബന്ധുക്കളോ ട്രസ്റ്റ് ഭാരവാഹികളുമായി അടുപ്പമുള്ളവരോ ആണ്. കൃത്യമായ പശ്ചാത്തല പരിശോധനയോ പണം എണ്ണുന്ന കേന്ദ്രത്തില്‍ ശക്തമായ സുരക്ഷാ പരിശോധനകളോ ഉണ്ടായിരുന്നില്ലെന്നും എസ്ഐടിയുടെ കണ്ടെത്തലിലുണ്ട്. സംഭവത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.
The investigation into the alleged theft of donation money from the Ram Temple in Ayodhya has taken a significant turn after police recovered CCTV footage showing five of the eight arrested suspects allegedly hiding bundles of cash inside their clothes and socks while counting temple donations. The footage was obtained after Ayodhya Police reviewed 45 days of surveillance recordings from the temple's Pilgrim Facility Centre.