എഞ്ചിനീയറിങ് ബിരുദധാരികളെ അപമാനിക്കുന്ന പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അടിസ്ഥാനപരമായ തൊഴില്‍ നൈപുണ്യം പോലുമില്ലെന്നും, ഇത്തരക്കാര്‍ വെറും ക്രിമിനല്‍ വേസ്റ്റുകളാണെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍. ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് പ്രതിവർഷം 1.10 ലക്ഷം എഞ്ചിനീയറിങ് വിദ്യാർഥികൾ പഠനം പൂർത്തിയാക്കുന്നുണ്ടെങ്കിലും പലർക്കും ജോലിക്ക് അപേക്ഷിക്കാൻ പോലും അറിയില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. അധ്യാപകർ ഒരു പേപ്പർ നൽകി ജോലി അപേക്ഷ എഴുതാൻ പറഞ്ഞാൽ പോലും പലർക്കും കഴിയുന്നില്ല, ക്രിമിനൽ വേസ്റ്റ്. എഞ്ചിനീയറിങ് പഠിച്ചതുകൊണ്ട് ചെറിയ ജോലികൾക്ക് അപേക്ഷിക്കാനും അവർ തയ്യാറാകുന്നില്ല. ആവശ്യമായ നൈപുണ്യങ്ങൾ അവർ നേടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശം വിവാദമായതിന് പിന്നാലെ ബിരുദധാരികളെയല്ല നിലവിലെ വിദ്യാഭ്യാസ സംവിധാനത്തെയാണ് വിമർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ തെലുങ്കാനയിലെ പ്രതിപക്ഷ മുന്നണികളായ ബിആർഎസും ബിജെപിയും രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമർശം സമൂഹമാധ്യമങ്ങളിലും വ്യാപക ചർച്ചയ്ക്കും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
വിദ്യാർഥികളെയും എൻജിനീയറിങ് ബിരുദധാരികളെയും അപമാനിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ബിആർഎസ് പ്രസിഡന്റ് കെടി രാമറാവു ആരോപിച്ചു. ഇത്തരമൊരു പരാമർശം നടത്താൻ മുഖ്യമന്ത്രിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പ്രസ്താവനയ്ക്കെതിരെ ബിജെപിയും രംഗത്തെത്തി. രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന എഞ്ചിനീയർമാരെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. അതേസമയം, രേവന്ത് റെഡ്ഡിയുടെ വാക്കുകൾ വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്നതാണെന്നും അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
Telangana Chief Minister Revanth Reddy has sparked a political controversy after referring to engineering graduates as "criminal waste" while criticizing the lack of employability skills among many graduates. Speaking at an event in Hyderabad, he said that although around 1.10 lakh engineering students graduate every year in the state, many are unable to even write a basic job application and lack the skills required for employment. As the remarks drew sharp criticism, Reddy clarified that his comments were aimed at the education system, not the graduates themselves.