ഡൽഹിയിലെ വായുമലിനീകരണം രാജ്യത്ത് ചർച്ചയാകുന്നതിനിടെ കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലും വായുനിലവാരം ആശങ്കാജനകമായി താഴുന്നതായി റിപ്പോർട്ട്. നവംബർ 20-ന് നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI) 354-ൽ എത്തിയെന്നാണ് സ്വകാര്യ നിരീക്ഷണ പ്ലാറ്റ്ഫോമായ AQI.in-ന്റെ കണക്ക്. ഇതോടെ രാജ്യത്തെ ഏറ്റവും മലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ശ്രീനഗറും ഇടംപിടിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം, അന്നേ ദിവസം ഡൽഹിയിലെ AQI 277 ആയിരുന്നു. ഹിസാറിൽ 328, ലുധിയാനയിൽ 309, അമൃത്സറിൽ 302 എന്നിങ്ങനെയും ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തി. എന്നാൽ ശ്രീനഗറിലെ വായുനിലവാരം സംബന്ധിച്ച് സ്വകാര്യ ഏജൻസിയുടെയും സർക്കാർ സംവിധാനത്തിന്റെയും കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) പുറത്തുവിട്ട ഒരു കണക്കിൽ നഗരത്തിലെ AQI 59 മാത്രമാണ്. ഇത് തൃപ്തികരമായ വിഭാഗത്തിലാണ്. മറ്റൊരു റിപ്പോർട്ടിൽ ബോർഡിന്റെ 24 മണിക്കൂർ ശരാശരി 180 ആണെന്നും വ്യക്തമാക്കുന്നു.
AQI.in-ന്റെ റിപ്പോർട്ട് പ്രകാരം വായുവിൽ പിഎം2.5, പിഎം10 തുടങ്ങിയ സൂക്ഷ്മമലിനീകരണ കണികകളുടെ സാന്നിധ്യവും ഉയർന്നിട്ടുണ്ട്. ഇവയിൽ പിഎം2.5 കണികകൾക്ക് വലിപ്പം വളരെ കുറവായതിനാൽ ശ്വസനത്തിലൂടെ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് എത്താൻ കഴിയും. ദീർഘകാലം ഇത്തരം മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ, ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയുമുണ്ട്.
ശ്രീനഗറിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥാ സാഹചര്യങ്ങളും മലിനീകരണം വർധിക്കാൻ കാരണമാകുന്നതായാണ് വിലയിരുത്തൽ. പർവതങ്ങളാൽ ചുറ്റപ്പെട്ട താഴ്വരയിൽ സ്ഥിതി ചെയ്യുന്നതിനാൽ വായുവിന്റെ സ്വാഭാവിക സഞ്ചാരം പരിമിതമാണ്. ഇതുമൂലം മലിനീകരണ ഘടകങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. ശൈത്യകാലത്ത് രൂപപ്പെടുന്ന താപനില വിപരീതാവസ്ഥയും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. ഭൂമിക്ക് സമീപമുള്ള തണുത്ത വായുവിന് മുകളിൽ ചൂടുള്ള വായു പാളി രൂപപ്പെടുന്നതോടെ മലിനവസ്തുക്കൾ അന്തരീക്ഷത്തിൽ കുടുങ്ങിക്കിടക്കും.
മഴയും മഞ്ഞുവീഴ്ചയും കുറയുന്നത് മലിനീകരണ ഘടകങ്ങൾ നീക്കം ചെയ്യപ്പെടുന്നത് തടയുന്നു. ഇതിനുപുറമെ വീടുകളിൽ ചൂടിനായി ഇന്ധനം കത്തിക്കുന്നത്, വാഹനങ്ങളിൽ നിന്നുള്ള പുക, നിർമാണ പ്രവർത്തനങ്ങൾ, മാലിന്യം കത്തിക്കൽ എന്നിവയും വായുനിലവാരം മോശമാക്കുന്നുണ്ട്. ശ്രീനഗറിലെ പരിസ്ഥിതി സാഹചര്യം വഷളാകുന്നതിൽ രാഷ്ട്രീയ നേതാക്കളും ആശങ്ക അറിയിച്ചിട്ടുണ്ട്. കശ്മീരിന്റെ വനസമ്പത്ത്, തടാകങ്ങൾ, ജൈവവൈവിധ്യം എന്നിവ വലിയ ഭീഷണി നേരിടുകയാണെന്നും പ്രകൃതിസംരക്ഷണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്നും പുൽവാമ എം.എൽ.എ വഹീദ് പാറ സമൂഹമാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടു.
Air pollution in Srinagar is rising at an alarming rate, with the AQI reaching 354, making it one of the most polluted cities in India. The presence of PM2.5 and PM10 particles poses serious health risks. Geographical features and climatic conditions are among the major factors contributing to the pollution.