India

'24x7 വിനോദ ചാനലുകളല്ല'; കോടതി ദൃശ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രീം കോടതി വിധി

ലൈവ് സ്ട്രീമിങ് വഴി ലഭിക്കുന്ന ഡാറ്റ, യാതൊരു നിയന്ത്രണവുമില്ലാത്ത ഡിജിറ്റൽ ലോകത്തേക്ക് എത്തുമ്പോൾ അത് നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാകുന്നു.

Madism Desk

സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ പരമോന്നത നീതിപീഠം ഉൾപ്പെടെ കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം (Live Streaming) ചെയ്യാൻ തുടങ്ങിയത്. എന്നാൽ, നിയമവിദ്യാർഥികൾക്കും സാധാരണക്കാർക്കും പ്രയോജനപ്പെടേണ്ടിയിരുന്ന ഈ സംവിധാനം, വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിലെ ട്രോളന്മാർക്കും 'റീൽ' സ്രഷ്ടാക്കൾക്കും ചാകരയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഈ പശ്ചാത്തലത്തിലാണ്, കോടതി നടപടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും സുപ്രീം കോടതി കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ് കേവലം ഒരു വിലക്കല്ല, മറിച്ച് ഡിജിറ്റൽ കാലത്തെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വലിയൊരു പ്രതിസന്ധിക്കുള്ള വ്യക്തമായ മറുപടിയാണ്.

കോടതികളെ ഒരു 24x7 വിനോദ ചാനലായി കാണാനാകില്ല. അതിനാൽ കോടതി നടപടികൾ ആളുകളിലേക്ക് എത്തുന്നതിന് ഒരു പരിധിയുണ്ടാകണം. ലൈവ് സ്ട്രീമിങ് അടക്കമുള്ളവ നിയന്ത്രിക്കേണ്ടതുണ്ട്.
സുപ്രീം കോടതി

മാധ്യമപ്രവർത്തകയായ ഹർഷിത ഗ്രോവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലുടെയാണ് സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ടത്. കോടതി മുറിയിലെ ഗൗരവമേറിയ സംഭാഷണങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുന്നത് കോടതിയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നു എന്നതാണ് പ്രധാന പ്രശ്നം. നീണ്ട വാദപ്രതിവാദങ്ങൾക്കിടയിലെ ഏതാനും സെക്കൻഡുകൾ മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുമ്പോൾ, അത് കേസിന്റെ യഥാർത്ഥ വസ്തുതകളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നു.

"കോടതികളെ ഒരു 24x7 വിനോദ ചാനലായി കാണാനാകില്ല" എന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയുടെ നിരീക്ഷണം കൃത്യമായി വിരൽ ചൂണ്ടുന്നത് ഈ പ്രവണതയ്ക്കാണ്. ലൈവ് സ്ട്രീമിങ് വഴി ലഭിക്കുന്ന ഡാറ്റ, യാതൊരു നിയന്ത്രണവുമില്ലാത്ത ഡിജിറ്റൽ ലോകത്തേക്ക് എത്തുമ്പോൾ അത് നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാകുന്നു.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ ചൂണ്ടിക്കാണിച്ച നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം ഈ വിഷയത്തിന് പുതിയൊരു മാനം നൽകുന്നു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും വീഡിയോകൾ എടുത്ത ശേഷം, ചുണ്ടുകളുടെ അനക്കത്തിന് കൃത്യമായി ചേരുന്ന രീതിയിൽ (Deepfakes) വ്യാജ ശബ്ദരേഖകൾ നിർമിച്ച് പ്രചരിപ്പിക്കാൻ ഇന്നത്തെ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇത് നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള വലിയ തെറ്റിദ്ധാരണകൾക്കും വ്യാജവാർത്തകൾക്കും വഴിവെക്കും.

മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുമോ?

ഈ ഉത്തരവ് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്കകൾ കോടതി തന്നെ ദുരീകരിച്ചിട്ടുണ്ട്. യഥാർത്ഥ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഈ വിലക്ക് ബാധകമല്ല. മറിച്ച്, കോടതി നടപടികൾ വെട്ടിമുറിച്ച്, എഡിറ്റ് ചെയ്ത്, അതിലൂടെ സമൂഹമാധ്യമങ്ങളിൽ പണമുണ്ടാക്കുന്ന പ്രവണതയ്ക്കാണ് കോടതി പൂട്ടിട്ടിരിക്കുന്നത്. അതായത്, മുൻകൂർ അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന മാധ്യമപ്രവർത്തനത്തെയും, കേവലം വ്യൂസ് മാത്രം ലക്ഷ്യം വെക്കുന്ന കണ്ടന്റ് ക്രിയേഷനെയും സുപ്രീം കോടതി കൃത്യമായി വേർതിരിച്ച് കാണുന്നുണ്ട്.

ഈ ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി ഒരു വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മെറ്റ, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ചതിലൂടെ, ഇത്തരം ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ ടെക് ഭീമന്മാർക്കുള്ള ഉത്തരവാദിത്തം കോടതി ഓർമിപ്പിക്കുന്നു. കൂടാതെ, ലൈവ് സ്ട്രീമിങ്ങിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും ആവശ്യപ്പെട്ടത് സുപ്രധാനമായ ഒരു നീക്കമാണ്. ലൈവ് സ്ട്രീമിങ് തന്നെ പരിമിതപ്പെടുത്തണമോ എന്ന കാര്യത്തിലും കോടതി വരും ദിവസങ്ങളിൽ തീരുമാനമെടുത്തേക്കാം.

നീതിനിർവഹണ പ്രക്രിയയുടെ സുതാര്യത നിലനിർത്തേണ്ടത് അനിവാര്യമാണെങ്കിലും, അത് കോടതിയുടെ അന്തസ്സിനെ വിലപേശിയാകരുത് എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്. ഡിജിറ്റൽ യുഗത്തിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും തമ്മിലുള്ള അതിർവരമ്പ് കൂടുതൽ വ്യക്തമാക്കാൻ ഈ ഇടപെടൽ സഹായിച്ചേക്കാം.

The Supreme Court of India has issued an interim order banning the unauthorized extracting, editing, posting, and uploading of video and audio recordings of judicial proceedings on social media platforms. Emphasizing that "courts are not 24x7 entertainment channels," the bench mandated that prior permission from the Supreme Court Secretary General or the respective High Court Registrar General is required. While genuine news reporting is exempted, the court expressed serious concerns over the misuse of proceedings for monetization and the potential threat of AI deepfakes.