ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ദ്രുതകർമ്മ സേന പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. സിവിലിയൻ പ്രതിഷേധങ്ങളെ പിരിച്ചുവിടാൻ നിയമപാലകർ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജി അവ്യക്തമാണെന്നും, ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന പോലീസ് ചട്ടങ്ങളെ ചോദ്യം ചെയ്യാതെ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ യശോവർദ്ധൻ ആസാദ്, പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ പ്രശാന്ത് കുമാർ സിങ്, ഷെയ്ഖ് ഇർഷാദ് മൻസൂരി എന്നിവർ നൽകിയ ഹർജി പരിഗണിച്ചത്. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജൂലൈ ഇരുപതിന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ചലോ സൻസദ് മാർച്ചിനിടെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചത്.
പൊലീസ് ചട്ടങ്ങൾ അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം അനുവദിക്കുന്നുണ്ടെന്നും, ആ ചട്ടങ്ങളുടെ സാധുത ചോദ്യം ചെയ്യാതെ ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിക്കുക ബുദ്ധിമുട്ടാണെന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. എന്നാൽ, ഇത്തരം ചട്ടങ്ങൾ പൊതുസമൂഹത്തിന് പ്രാപ്യമായ രീതിയിൽ ലഭ്യമല്ലെന്നും, ഹർജി ഭേദഗതി ചെയ്യുന്നതിനായി അവ കോടതിയിൽ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു.
പ്രതിഷേധക്കാർക്ക് നേരെ മെറ്റാലിക് പെല്ലറ്റുകളാണ് ഉപയോഗിച്ചതെന്നും പരുക്കേറ്റവരുടെ ശരീരത്തിൽനിന്ന് ഇവ കണ്ടെത്തുതായും അവർ കോടതിയെ അറിയിച്ചു. സമാധാനപരമായ ഒരു പ്രതിഷേധം സാമൂഹ്യവിരുദ്ധരുടെ നുഴഞ്ഞുകയറ്റം വഴി അക്രമാസക്തമാകാൻ സാധ്യതയുണ്ടെന്നും അത്തരം ഘട്ടങ്ങളിൽ ക്രമസമാധാന പാലനത്തിനായി സേനയ്ക്ക് സാഹചര്യത്തിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോടതിയെ സഹായിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
കേസിൽ വാദം കേൾക്കുന്നതിനിടെ, പരുക്കേറ്റ ഹർജിക്കാർക്കും സമാനമായ സാഹചര്യത്തിലുള്ള മറ്റ് വ്യക്തികൾക്കും മതിയായ വൈദ്യചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശം നൽകി. ദ്രുതകർമ്മ സേന പെട്ടെന്ന് പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തെന്നും, ശരീരത്തിൽ തുളച്ചുകയറുന്ന തരത്തിലുള്ള പെല്ലറ്റുകൾ കാരണം കടുത്ത വേദനയും രക്തസ്രാവവും ഉണ്ടായെന്നും ഹർജിക്കാർ വ്യക്തമാക്കി. ഇവരെ പിന്നീട് ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു.
പെല്ലറ്റുകൾ വലിയൊരു പരിധിയിലേക്ക് വിതറുന്ന രീതിയിൽ പ്രവേശിക്കുന്നതിനാൽ കണ്ണുകൾ ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. ജൂലൈ ഇരുപതിന് നടന്ന വെടിവയ്പ്പിൽ പത്തൊൻപതുകാരനായ സാഹിൽ ലോചബ് എന്ന വിദ്യാർഥിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
സമാധാനപരമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പെല്ലറ്റുകൾ ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അനുപാതം, ആവശ്യകത, യുക്തി എന്നിവയുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (2023) ലെ വകുപ്പ് 148 പ്രകാരം, ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആദ്യം ആവശ്യപ്പെടണമെന്നും, അല്ലാത്തപക്ഷം മാത്രമേ സിവിൽ ഫോഴ്സ് ഉപയോഗിച്ച് അവരെ മാറ്റാൻ ശ്രമിക്കാവൂ എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ, ഐക്യരാഷ്ട്രസഭയുടെ 2020-ലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ജനക്കൂട്ടത്തിന് നേരെ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ പരാമർശിക്കുന്നു. കെ എസ് പുട്ടുസ്വാമി, ഡി കെ ബസു തുടങ്ങിയ സുപ്രധാന സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട്, മെറ്റാലിക് പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം പൂർണ്ണമായോ ഭാഗികമായോ നിരോധിക്കണമെന്നും പരിക്കേറ്റ എല്ലാവർക്കും അർഹമായ നഷ്ടപരിഹാരവും മികച്ച വൈദ്യചികിത്സയും ഉറപ്പാക്കണമെന്നുമാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
The Supreme Court of India orally observed that a petition seeking a complete ban on the use of pellet guns (projectile action guns) by law enforcement agencies to disperse civilian crowds is "vague" unless the specific police regulations permitting such use are challenged. A bench comprising Chief Justice Surya Kant, Justice Joymalya Bagchi, and Justice V. Mohana was hearing a Public Interest Litigation (PIL) filed by former IPS officer Yashovardhan Azad and two victims, Prasant Kumar Singh and Sheikh Irshad Mansoori. The victims claimed they suffered severe injuries after the Rapid Action Force (RAF) fired metallic pellets during the "Chalo Sansad" student protest organized by the Cockroach Janata Party on July 20 over exam paper leaks.