India

സ്കൂൾ വളപ്പിൽ രാഷ്ട്രീയ പരിപാടികൾ വേണ്ട; ഉത്തരവിറക്കി തമിഴ്‍നാട് സർക്കാർ

മഹാവിഷ്ണു എന്ന ആത്മീയ പ്രഭാഷകനെ പങ്കെടുപ്പിച്ചുകൊണ്ട് 2024-ൽ പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് വിവാദമുണ്ടായപ്പോൾ സർക്കാർ സ്‌കൂളുകളിലും സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു

Madism Desk

രാഷ്ട്രീയ-മത പരിപാടികൾ നടത്തുന്നതിന് സ്കൂൾ പരിസരം ഉപയോഗിക്കുന്നതിനെതിരെ നിയമം കൊണ്ടുവന്ന് തമിഴ്‌നാട് സർക്കാർ. 'തമിഴ്നാട് പ്രൈവറ്റ് സ്‌കൂൾസ് (റെഗുലേഷൻ) നിയമത്തിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. ഈ ഭേദഗതി പ്രകാരം സ്‌കൂൾ ക്യാംപസിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ, മതത്തിന്റേയോ പരിപാടികൾ നടത്താൻ സംഘടനകൾക്കോ, വ്യക്തികൾക്കോ അനുമതിയില്ല. സ്‌കൂൾ വളപ്പുകളിൽ ആർഎസ്എസിന്റെ ശാഖകൾ നടത്തുന്നതിനെ ചൊല്ലി വിവാദമുണ്ടായ സാഹചര്യത്തിലാണ് നടപടി.

മാർച്ച് രണ്ടിന് ഇറക്കിയ ഉത്തരവിൽ വിദ്യാർഥി ക്ഷേമ പരിപാടികൾക്കും പഠനേതര ആവശ്യങ്ങൾക്കുമല്ലാതെ സ്കൂൾ ക്യാമ്പസുകൾ ഉപയോഗിക്കരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഹാവിഷ്ണു എന്ന ആത്മീയ പ്രഭാഷകനെ പങ്കെടുപ്പിച്ചുകൊണ്ട് 2024-ൽ പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് വിവാദമുണ്ടായപ്പോൾ സർക്കാർ സ്‌കൂളുകളിലും സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം കടലൂരിലെ സരസ്വതി വിദ്യാലയത്തിൽ സേവാഭാരതിയുടെ ക്യാംപ് നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നു. തുടർന്ന് സ്‌കൂളിന് കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും, ഈ സർക്കാർ നടപടിക്കെതിരെ സ്‌കൂൾ അധികൃതർ രംഗത്തെത്തുകയും ചെയ്തിരുന്നു.

പുതിയ ഉത്തരവ് ഏതെങ്കിലും പ്രത്യേക സ്ഥാപനത്തെ ലക്ഷ്യം വെക്കുന്നതിനല്ലെന്നും പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു. സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സർക്കാരിന്റെ ഈ നടപടിയെ സ്വാഗതം ചെയ്യുകയും, രാഷ്ട്രീയം കളിക്കാനല്ല, മറിച്ച് വിദ്യാർഥികൾക്ക് രാഷ്ട്രീയം മനസിലാകുന്നതിനു വേണ്ടിയുള്ള ഇടമാണ് വിദ്യാലയമെന്നും അസോസിയേഷൻ പറഞ്ഞു.

English Summary: The Tamil Nadu government has amended the Tamil Nadu Private Schools (Regulation) Act to ban political and religious events on school campuses. The order states that school premises should only be used for student welfare and educational purposes. The move follows controversies over events and RSS shakhas conducted in school grounds.