India

'കാലം മറുപടി നൽകും'; ടിവികെ ആരോപണത്തിൽ രജനികാന്തിന്റെ മറുപടി

വിവാദ പരാമർശത്തിനെതിരെ അണ്ണാ ഡിഎംകെ, ബിജെപി തുടങ്ങിയ പാർട്ടികളിലെ നേതാക്കളും ടിവികെയെ പരസ്യമായി വിമർശിച്ചിരുന്നു

Madism Desk

ചെന്നൈ: നിയസമഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ടിവികെ നീക്കങ്ങൾക്ക് തിരിച്ചടി. ഡിഎംകെയുടെ ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയത് എന്ന ടിവികെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശമാണ് അപ്രതീക്ഷിത തിരിച്ചടിക്ക് കാരണമായിരിക്കുന്നത്.

ടിവികെയുടെ ഈ പരാമർശത്തിന് രജനീകാന്ത് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകാൻ കാലം കാത്തിരിക്കുകയാണ് എന്നായിരുന്നു രജനീകാന്തിന്റെ വാക്കുകൾ. ഈ വിവാദ പരാമർശത്തിനെതിരെ അണ്ണാ ഡിഎംകെ, ബിജെപി തുടങ്ങിയ പാർട്ടികളിലെ നേതാക്കളും ടിവികെയെ പരസ്യമായി വിമർശിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് രജനീകാന്തെന്നും അദ്ദേഹത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള വാക്കുകൾ ആരുടെ ഭാഗത്തു നിന്നായാലും അംഗീകരിക്കാനാകില്ലെന്നും അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. കൂടാതെ ബിജെപി നേതാവ് അണ്ണാമലയും അർജുനെ രൂക്ഷമായി വിമർശിച്ചു.

തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട് സഖ്യരൂപീകരണത്തിനായി ടിവികെയും ബിജെപിയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്‌ദാനം ചെയ്തുവെന്ന അവകാശവാദങ്ങളും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐക്ക് മുന്നിൽ ഹാജരാകാൻ വിജയ് ഡൽഹിക്ക് പോയതോടെയാണ് സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. ഇതിനിടയിലായിരുന്നു ടിവികെ നേതാവ് ആദവ് അർജുന്റെ വിവാദ പരാമർശം.

English Summary: A controversy erupted after Tamilaga Vettri Kazhagam leader Aadav Arjun claimed that Rajinikanth quit politics due to threats from Dravida Munnetra Kazhagam. Rajinikanth responded by saying “time will answer.” The remarks drew criticism from leaders of All India Anna Dravida Munnetra Kazhagam and Bharatiya Janata Party, impacting ongoing alliance discussions.