India

യുപിയിൽ ബിജെപിക്ക് കനത്ത വെല്ലുവിളി; 'ജെൻ സെഡ്' അല്ല, വില്ലനാകുന്നത് 'ജെൻ എക്സ്' എന്ന് സർവേ റിപ്പോർട്ട്

പുതിയ മാനദണ്ഡങ്ങളിൽ ജനറൽ കാറ്റഗറി വിദ്യാർഥികൾക്ക് ജാതീയമായ വിവേചനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നില്ല എന്നതാണ് സവർണ്ണ വിഭാഗങ്ങളുടെ പ്രധാന പരാതി.

Madism Desk

ഉത്തർ പ്രദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ബിജെപിക്ക് അത്ര എളുപ്പമായിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യ ടുഡേ-സി വോട്ടർ സംയുക്തമായി നടത്തിയ ഏറ്റവും പുതിയ മൂഡ് ഓഫ് ദി നേഷൻ സർവേ. ആറുമാസത്തിനകം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയിൽ അസ്വസ്ഥരായ ജെൻ സി ആയിരിക്കില്ല, മറിച്ച് അവരെ വളർ‌ത്തിയ ജെൻ എക്സ് ആയിരിക്കുമെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഇന്ത്യ മുന്നണിക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നതാണ് ഈ പുതിയ സർവേ റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ ഇന്ത്യ മുന്നണി ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 41 സീറ്റുകൾ വരെ നേടുമെന്നും, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് 38 സീറ്റുകൾ മാത്രമായി ചുരുങ്ങേണ്ടി വരുമെന്നാണ് സർവേ പ്രവചിക്കുന്നത്. 2026 ജനുവരിയിൽ നടന്ന സർവേയിൽ എൻഡിഎ നാൽപ്പത്തിയെട്ടും ഇന്ത്യ മുന്നണി മുപ്പത്തിയൊന്നും സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. അതിൽ നിന്നാണ് ബിജെപിക്ക് ഈ വൻ തിരച്ചടി നേരിടേണ്ടി വരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഈ കണക്കുകൾ 2027ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൃത്യമായ പ്രവചനമല്ലെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് രം​ഗത്ത് ബിജെപിക്ക് ഉണ്ടായിരുന്ന ആധിപത്യത്തിന് കോട്ടം തട്ടിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യയുടെ അടുത്ത പൊതുതിരഞ്ഞെടുപ്പിന്റെ ​ഗതി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഈ 80 ലോക്സഭാ സീറ്റുകൾ ദേശീയ തലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്നതാണ്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ അടുത്ത തിരഞ്ഞെടുപ്പുകൾ രാജ്യം ഉറ്റുനോക്കുന്ന ഒന്നായിരിക്കും.

ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെ?

തൊഴിലില്ലായ്മ, പരീ​ക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾക്കിടയിലുള്ള, അതായത് ജെൻ സി ക്കിടയിലുള്ള അതൃപ്തിയാണ് ബിജെപിയുടെ പ്രധാന വെല്ലുവിളിയെന്ന് തോന്നിയേക്കാം. എന്നാൽ, തിരഞ്ഞെടുപ്പ് നിരീക്ഷകനായ യശ്വന്ത് ദേശ്മുഖിന്റെ അഭിപ്രായത്തിൽ 1965നും 1980നും ഇടയിൽ ജനിച്ച ജെൻ എക്സിനിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുക എന്ന ലക്ഷ്യത്തോടെ യുജിസി കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ, ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ സവർണ വിഭാ​ഗങ്ങൾക്കിടയിൽ വലിയ അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ അവ പൂർണമായും പിൻവലിച്ചിട്ടില്ല. ഇത് സവർണർക്കിടയിൽ ആശങ്കകൾ നിലനിർത്തുന്നു. സംവരണം ജാതിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ 'റിസർവേഷൻ ഹഠാവോ ആന്ദോളൻ' എന്ന സംഘടനയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികളും നടന്നിരുന്നു.

''1989ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെ നേരിട്ട ജെൻ എക്സിന്, ഇപ്പോഴത്തെ യുജിസി മാനദണ്ഡങ്ങൾ ആ പഴയ ഓർമകൾ തിരികെ കൊണ്ടുവരുന്നുവെന്ന് യശ്വന്ത് ദേശ്മുഖ് ചൂണ്ടിക്കാട്ടുന്നു. യുജിസി ആണ് ഇവിടത്തെ പ്രധാന പ്രശ്നം. ആളുകൾ ജെൻ സിയെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ ജെൻ എക്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കാരണം, 1989ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചവരാണ് അവർ. തങ്ങളുടെ കുട്ടികളും സമാനമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന ഭയം അവർക്കുണ്ട്'' - ഇന്ത്യ ടുഡേ ടിവിയുടെ പാനൽ ചർച്ചയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

1990ൽ വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ, കേന്ദ്ര സർക്കാർ ജോലികളിലും സർവകലാശാലകളിലും ഒബിസി വിഭാ​ഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകിക്കൊണ്ട് മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയപ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാന​ങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. യുജിസി മാനദണ്ഡങ്ങൾ ആ കാലഘട്ടത്തിന്റെ ഓർമകൾ ജെൻ എക്സിനിടയിൽ വീണ്ടും സജീവമാക്കിയെന്നാണ് ദേശ്മുഖ് വിശ്വസിക്കുന്നത്. പുതിയ മാനദണ്ഡങ്ങളിൽ ജനറൽ കാറ്റഗറി വിദ്യാർഥികൾക്ക് ജാതീയമായ വിവേചനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നില്ല എന്നതാണ് സവർണ്ണ വിഭാഗങ്ങളുടെ പ്രധാന പരാതി.

സവർണ്ണ വോട്ട് ബാങ്കിലെ വിള്ളലുകൾ

ബിഹാറിലും ഉത്തർപ്രദേശിലും യുജിസി വിഷയം വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബിഹാറിലെ ബാങ്കിപുർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പരാജയത്തിന് ഒരു പരിധി വരെ കാരണം യുജിസി വിഷയത്തിലുള്ള സവർണ്ണരുടെ അതൃപ്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. 1989 മുതൽ ഉത്തർപ്രദേശിൽ ബിജെപിയുടെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കാണ് സവർണ്ണർ. ബ്രാഹ്മണരും ക്ഷത്രിയരും ഉൾപ്പെടുന്ന ഈ വിഭാ​ഗങ്ങൾ ഉത്തർ പ്രദേശിലെ ആകെ വോട്ടർമാരിൽ 20 ശതമാനത്തിലധികം വരും.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് 2027ലെ തിരഞ്ഞെടുപ്പിൽ ഈ വിഭാ​ഗത്തിൽ നിന്ന് 2-3ശതമാനം പേർ വോട്ട് ചെയ്യാതിരിക്കാൻ തീരുമാനിച്ചാൽ പോലും അത് ബിജെപിയുടെ വിജയ സാധ്യതകളെ ദോഷകരമായി ബാധിക്കും. "ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ സവർണ്ണരെ യുജിസി വിഷയം പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോളജുകളിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണ സമിതികൾ അവർക്ക് അമിത അധികാരങ്ങൾ നൽകുമെന്നും ഇത് ക്യാമ്പസുകളിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്നും അവർ ഭയപ്പെടുന്നു," മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി പാനൽ ചർച്ചയിൽ വ്യക്തമാക്കി.

രാമക്ഷേത്ര വിവാദം തിരിച്ചടിയാകുമോ?

അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേട് ആരോപണങ്ങളും ബിജെപിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. രാമക്ഷേത്രം എന്നും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. എന്നാൽ ഫണ്ട് തിരിമറി വിവാദം പാർട്ടിക്കെതിരെയുള്ള അതൃപ്തി കൂടുതൽ രൂക്ഷമാക്കി. ഈ വിവാദം നരേന്ദ്ര മോദി, യോ​ഗി ആദിത്യനാഥ് സർക്കാരുകളെ ദോഷകരമായി ബാധിച്ചുവെന്ന് ഓ​ഗസ്റ്റിലെ സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും വിശ്വസിക്കുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്നത് ബിജെപിയുടെ വിജയത്തെ എത്രത്തോളം ബാധിക്കുമെന്ന് ഉത്തർപ്രദേശിൽ വ്യക്തമായിരുന്നു. 2019നെ അപേക്ഷിച്ച് ബിജെപിയുടെ സീറ്റുകളുടെ എണ്ണം 36 ആയി കുറഞ്ഞപ്പോൾ, സമാജ്‍വാദി പാർട്ടി-കോൺ​ഗ്രസ് സഖ്യം 43 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രതിപക്ഷ പാർട്ടികൾ വിവിധ സാമൂഹിക വിഭാ​ഗങ്ങളെ ഒന്നിപ്പിക്കുകയും പ്രാദേശിക വിഷയങ്ങളെ രാഷ്ട്രീയ വിഷയങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും ഹിന്ദുത്വ പ്രചാരണങ്ങളെയും എളുപ്പത്തിൽ വെല്ലുവിളിക്കാൻ കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്.

ഈ ഘടകങ്ങളെല്ലാം 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഉത്തർപ്രദേശിനെ ബിജെപിക്ക് അത്ര എളുപ്പമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഗോദയാക്കി മാറ്റുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

According to the latest India Today-CVoter MOTN survey, the BJP faces a tough road ahead in the Uttar Pradesh elections. The primary challenge comes from Gen X upper-caste voters who are upset over the UGC reservation guidelines, which remind them of the 1989 Mandal Commission protests. Coupled with the controversy surrounding Ram Mandir donations, this discontent threatens the BJP's core vote bank and gives a potential advantage to the INDIA bloc.