ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കേവലം സൈനിക സാമഗ്രികളുടെ വില്‍പനയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. അത്യാധുനിക ആയുധ സാങ്കേതികവിദ്യകള്‍ പങ്കുവെക്കുന്നതിനും സംയുക്തമായി നിര്‍മ്മിക്കുന്നതിനും എല്ലാവര്‍ക്കും അമേരിക്ക അവസരം നല്‍കാറില്ലെന്നും തങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഇന്ത്യയുമായുള്ള ഈ സഹകരണം ഒരു വലിയ അവസരമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങളുടെ പ്രതിരോധ ബന്ധം കേവലം ആയുധ കച്ചവടമല്ല. അത് പരസ്പര വിശ്വാസത്തിന്റെ അടയാളമാണ്,' സെര്‍ജിയോ ഗോര്‍ പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്ക സൈനിക സാമഗ്രികള്‍ വില്‍ക്കാറില്ലെന്ന് ഗോര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങള്‍ വിശ്വസിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച ഉപകരണങ്ങളും ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയും തങ്ങളുടെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെപ്പോലുള്ള വിശ്വസ്ത പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ലഭിക്കുന്ന വലിയൊരു അവസരമായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് മികച്ച ഉദാഹരണങ്ങളാണ് ജാവലിന്‍ ആന്റി-ടാങ്ക് മിസൈല്‍ സംവിധാനവും അപ്പാച്ചെ ഹെലികോപ്റ്ററുകളുമെന്ന് യു.എസ് അംബാസഡര്‍ ചൂണ്ടിക്കാട്ടി. തോളില്‍ വെച്ച് തൊടുക്കാവുന്ന അത്യാധുനിക ആന്റി-ടാങ്ക് മിസൈലായ 'ജാവലിന്‍' വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം കരാറിലെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ, ജാവലിന്‍ മിസൈലുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ തന്നെ നടത്തുന്നതിനായി 'ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്', റെയ്തിയോണ്‍-ലോക്ഹീഡ് മാര്‍ട്ടിന്‍ കൂട്ടായ്മയായ 'ജാവലിന്‍ ജോയിന്റ് വെഞ്ച്വറുമായി' ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം, ജാവലിന്‍ മിസൈലുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതകള്‍ കമ്പനികള്‍ പരിശോധിക്കും.
എങ്കിലും പ്രതിരോധ ബന്ധങ്ങള്‍ വെറുമൊരു ഇടപാട് മാത്രമായി കാണാനാകില്ലെന്നും നിരന്തരമായ സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയുമാണ് ഇത് ശക്തിപ്പെടുന്നതെന്നും അംബാസഡര്‍ വ്യക്തമാക്കി. ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഇന്ത്യ നടത്തുന്നത് അമേരിക്കയുമായാണ്. രാജസ്ഥാനില്‍ വരാനിരിക്കുന്ന 'ഉദവാസ്' ഉഭയകക്ഷി സൈനിക അഭ്യാസം ഇതിന് തെളിവാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന് പിന്നില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന് വലിയ പങ്കുണ്ടെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ഇന്ത്യയുമായുള്ള സൈനിക-പ്രതിരോധ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
US Ambassador to India Sergio Gor has described the India-US defence relationship as being built on mutual trust rather than merely arms sales. In an interview with India Today, Gor said the US does not share its most advanced military technologies with every country and considers India a trusted partner for defence cooperation, technology sharing and joint production. He cited the Javelin anti-tank missile system and Apache helicopters as examples of growing cooperation. He also highlighted joint military exercises and said the personal rapport between US President Donald Trump and Prime Minister Narendra Modi has contributed to strengthening bilateral ties.