നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പാളയത്തിൽ പട. ബിജെപി വിട്ട് ടിവികെയിലെത്തിയ രഞ്ജന നാച്ചിയാരാണ് വിജയിക്കെതിരെ പരസ്യ വിമർശനമുയർത്തി രംഗത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിജയ് നടത്തിയ പ്രസ്താവന അനാദരവാണെന്ന് രഞ്ജന ചൂണ്ടിക്കാണിച്ചു. 25 വർഷമായുള്ള ദാമ്പത്യ ജീവിതം വേർപിരിയുന്ന വേളയിൽ, നടത്തുന്ന പൊതു ഇടപെടലുകൾ തെറ്റായ മാതൃകയുണ്ടാക്കുമെന്ന് രഞ്ജന വിമർശിച്ചു.
വിവാഹ മോചന വാർത്തകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു നടിക്കൊപ്പം പൊതുവേദിയിലെത്തുന്നത് പുതിയ തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നും തമിഴ്നാടിന്റെ നേതാവാകാൻ ആഗ്രഹിക്കുന്ന നേതാവ് എന്ന നിലയിൽ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ആദ്യം വിജയ് പരിഹരിക്കേണ്ടതുണ്ടെന്നും രഞ്ജന കുറ്റപ്പെടുത്തി. എഎൻഐയോടായിരുന്നു മുൻ ബിജെപി നേതാവിന്റെ പ്രതികരണം.
തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന വിജയ് വനിതാ ദിനത്തിൽ മഹാബലിപുരത്ത് പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. 1999-ൽ വിവാഹിതരായ വിജയ്‌യും സംഗീതയും വേർപിരിയുകയാണെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഇതാദ്യമായിട്ടാണ് പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാകുന്നത്. വിജയ്ക്ക് സിനിമയിൽ നിന്നുള്ള മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു സംഗീതയുടെ പ്രധാന ആരോപണം. ഊഹാപോഹങ്ങൾക്ക് പിന്നാലെ നിർമാതാവ് കൽപാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ വിജയ് നടി തൃഷയ്ക്കൊപ്പം എത്തിയതോടെ വലിയ വിമർശനങ്ങളിലേക്കും കാര്യങ്ങളെത്തിച്ചു.
English Summary: Vijay has come under criticism from within his own party after remarks about his personal life sparked controversy. Ranjana Nachiyar publicly criticized Vijay, saying a leader aspiring to guide Tamil Nadu should first address issues within his family and set a responsible example.