ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ തുടർനടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്തയച്ച് ടിവികെ നേതാവ് വിജയ്. അന്വേഷണത്തിന്റെ ഭാഗമായി തുടർചോദ്യംചെയ്യൽ ഉണ്ടെങ്കിൽ ചെന്നൈയിലോ സംസ്ഥാനത്തെ മറ്റേതെങ്കിലും സ്ഥലത്തോ നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ ഭാഗമായി ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ ഉള്ളതിനാൽ ഡൽഹിയിൽ എത്തുന്നത് ബുദ്ധിമുട്ടാണെന്നും വിജയ് കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന സുപ്രീംകോടതി നിയോഗിച്ച സമിതി അധ്യക്ഷൻ ജസ്റ്റിസ് അജയ് രാസ്തോഗിക്കും കൈമാറിയിട്ടുണ്ട്.
ഇതുവരെ മൂന്ന് തവണ വിജയ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഇന്നലെ ഡൽഹിയിൽ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടുനിന്നിരുന്നു. തുടർന്ന് രാത്രി തന്നെ വിജയ് ഡൽഹിയിൽ നിന്ന് മടങ്ങി. ഡൽഹിയിൽ തുടരാതിരുന്നത് അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാനാണെന്ന് ടിവികെ നേതാക്കൾ അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് നേരത്തെ വിജയ് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും താരം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 27നാണ് കരൂരിൽ ടിവികെയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 മരണപ്പെടുന്നത്. ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണസംഘമായിരുന്ന കേസിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സിബിഐ കേസ് ഏറ്റെടുത്തു.
English Summary: Vijay has written to the Central Bureau of Investigation requesting that further questioning in the Karur tragedy case be conducted in Tamil Nadu instead of Delhi. He cited election-related commitments and said he has cooperated with the investigation so far.