India

വിജയിയെ മുഖ്യമന്ത്രിയാക്കും; ഓപ്പറേഷന്‍ ലോട്ടസിനെ തടയാന്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍

ടിവികെ തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് മുതിർന്ന നേതാവ് സി. പൊന്നയ്യൻ വ്യക്തമാക്കി

Madism Desk

തമിഴ്നാട്ടിൽ വിജയിയെ കോൺ​ഗ്രസ് പിന്തുണച്ചേക്കും. നിലവിൽ ഡിഎംകെയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന കോൺ​ഗ്രസിന്റെ നിർണായക നീക്കത്തിന് എഐസിസി ഉടൻ പച്ചക്കൊടി കാണിച്ചേക്കും. എഐഡിഎംകെ-ബിജെപി സഖ്യം അധികാരം പിടിക്കുന്നതിന് തടയിടാനാണ് കോൺ​ഗ്രസിന്റെ പുതിയ കരുനീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ഒറ്റകക്ഷിയാണ് തമിഴക വെട്രി കഴകമെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ വിജയിക്കും സംഘത്തിനും സാധിച്ചിട്ടില്ല. ഭരണം പിടിക്കണമെങ്കിൽ സ്വതന്ത്ര്യരുടെ പിന്തുണ ഉറപ്പുവരുത്തണം. ഓപ്പറേഷൻ ലോട്ടസിനുള്ള സാധ്യതയും ഈ ഘട്ടത്തിൽ തള്ളിക്കളയാനാവില്ല.

അതേസമയം ടിവികെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കില്ലെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. ടിവികെ തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് മുതിർന്ന നേതാവ് സി. പൊന്നയ്യൻ വ്യക്തമാക്കി. നഗര മേഖലകളിലെ വോട്ടുകളാണ് വിജയ്‌യുടെ പാർട്ടിക്ക് ഇപ്പോൾ അനുകൂല സാഹചര്യം ഒരുക്കുന്നതെന്നും, ഗ്രാമപ്രദേശങ്ങളിലെ വലിയ വോട്ടുശക്തി എണ്ണിത്തീരുമ്പോൾ രാഷ്ട്രീയ ചിത്രം മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ 108 സീറ്റുകളിൽ ടിവികെ മുന്നിലാണ്.

സംസ്ഥാനമാകെ വിജയ് തരംഗം ശക്തമായ സാഹചര്യത്തിൽ ഭരണകക്ഷിയായ ഡിഎംകെക്ക് തിരിച്ചടി നേരിട്ടതായി വിലയിരുത്തപ്പെടുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം ഡിഎംകെ അഞ്ച് സീറ്റുകളിൽ വിജയിച്ചിട്ടുണ്ടെങ്കിലും നിലവിൽ 65 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിൽക്കുന്നത്. അതേസമയം എഐഎഡിഎംകെ 45 സീറ്റുകളിൽ മുന്നിലാണ്. രാഷ്ട്രീയ സാഹചര്യം മാറിമറിയുന്ന സാഹചര്യത്തിൽ അന്തിമ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് നിരീക്ഷണം.

English Summary: Reports suggest Congress may consider supporting Vijay’s Tamil Nadu political front to counter BJP-AIADMK alliance strategies, while early trends show shifting leads across parties in the state.