സോഷ്യൽ മീഡിയ സെൻസേഷനായി മാറിയതിനു പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ എക്സ് അക്കൗണ്ടിന് പൂട്ടുവീണത് ഇന്നലെയാണ്. പിന്നാലെ പുതിയ എക്സ് അക്കൗണ്ടുമായി സിജെപി എത്തുകയും ഇതിനും വൻ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത് ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്റലിജൻസ് ബ്യൂറോ (ഐ ബി) ഉയർത്തിയ 'ദേശീയ സുരക്ഷാ ആശങ്കകൾ' അടിസ്ഥാനമാക്കി കേന്ദ്ര സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഐടി നിയമം 69 എ വകുപ്പ് പ്രകാരമാണ് നടപടി. അക്കൗണ്ടിലൂടെ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാണ് ഐ ബിയുടെ കണ്ടെത്തൽ. ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ അക്കൗണ്ട് മരവിപ്പിക്കുന്നതിന് ഐബി നിർദേശം നൽകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയുമൊക്കെ ഫോളോവേഴ്സിനേക്കാൾ കൂടുതലാണ് സിജെപിയുടെ ഫോളോവേഴ്സ്. മേയ് 22-ലെ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് 90 ലക്ഷം ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിന് 1.3 കോടിയും. ഒരാഴ്ച കൊണ്ട് 19 മില്യൺ ഫോളോവേഴ്സിനെയാണ് സിജെപി നേടിയത്. വെറും 66 പോസ്റ്റുകളും.
അനുരാഗ് കശ്യപ്, ദിയ മിർസ, ഫാത്തിമ സന തുടങ്ങി സെലിബ്രിറ്റി ഫോളോവേഴ്സിന്റെ ഒരു നിര തന്നെയുണ്ട് സിജെപിക്ക്. എക്സ് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ സിജെപിയുടെ ഇൻസ്റ്റ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നിരുന്നു.
കോക്രോച്ച് പാർട്ടിയുടെ കഥ
ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്ർറെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.
പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: Reports are now emerging that the X account of the Cockroach Janta Party was withheld in India citing national security concerns. According to a report by The Indian Express, quoting senior government officials, the account was blocked following directions from the Centre based on “national security concerns” raised by the Intelligence Bureau (IB).