India

വനിതാ സംവരണ ബിൽ; സർവ്വകക്ഷി ചർച്ച ആവശ്യപ്പെട്ട് ഖർഗെ

വനിതാ സംവരണ ബിൽ ഉടൻ പാസാക്കാനുള്ള നീക്കത്തിന് എതിരായി, സർവ്വകക്ഷി ചർച്ച ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെ

Madism Desk

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ രംഗത്ത്. മണ്ഡല പുനർനിർണ്ണയം പോലുള്ള പ്രധാന വിഷയങ്ങളിൽ ആദ്യം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് ഖർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി.

വ്യാഴാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം എംപിമാർ നിർബന്ധമായും ഹാജരാകണമെന്ന് ബിജെപി എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. വനിതാ സംവരണ ബില്ലിന് പിന്തുണ തേടി പ്രധാനമന്ത്രി എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നൽകിയിരുന്നു. വനിതാ സംവരണം നടപ്പാക്കാനുള്ള ഉചിതമായ സമയമാണിതെന്നും, ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം ആവശ്യമാണ് എന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നാണ് ഖർഗെ ആരോപിക്കുന്നത്. മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ലോക്സഭ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി വർധിപ്പിക്കാനുള്ള നീക്കവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഇതോടൊപ്പം 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും സംവരണം നടപ്പാക്കുന്നതിനുള്ള പ്രത്യേക നിയമവും കൊണ്ടുവരാനാണ് സാധ്യത.

സീറ്റുകളുടെ വർധനയും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ച് ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച നടത്തണമെന്നും ഖർഗെ നിർദേശിച്ചു. അതിനു ശേഷമേ പാർലമെന്റ് സമ്മേളനം വിളിക്കാവൂ എന്നതാണ് കോൺഗ്രസിന്റെ നിലപാട്. പ്രതിപക്ഷ കക്ഷികളുടെ യോഗം ബുധനാഴ്ച ഡൽഹിയിൽ ഖർഗെയുടെ അദ്ധ്യക്ഷതയിൽ ചേരും.

രാഷ്ട്രീയ ലാഭത്തിനായി വിഷയത്തെ ഇപ്പോൾ മുന്നോട്ട് കൊണ്ടുവരുകയാണെന്ന വിമർശനവും ഖർഗെ ഉന്നയിച്ചു. നിലവിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ സംവരണം നടപ്പാക്കണം എന്നതാണ് ചില കക്ഷികളുടെ അഭിപ്രായം. അല്ലാത്ത പക്ഷം ജനസംഖ്യാ സെൻസസ് കണക്കുകൾ പ്രസിദ്ധീകരിച്ച ശേഷം മാത്രമേ മണ്ഡലങ്ങളുടെ എണ്ണം നിശ്ചയിക്കാവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, നീക്കത്തിൽ നിന്ന് പിന്മാറില്ലെന്ന സൂചനയാണ് ബിജെപി നൽകുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ നിർബന്ധമായും സമ്മേളന ദിവസങ്ങളിൽ ഹാജരാകണമെന്ന് പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

English Summary: Congress leader Mallikarjun Kharge has called for an all-party discussion on the Women’s Reservation Bill, opposing the government’s push to pass it in the upcoming Parliament session without wider consultation, amid rising political tensions over delimitation and seat expansion