രാജ്യം ഉറ്റുനോക്കിയ വനിതാ സംവരണ ബിൽ (മണ്ഡല പുനർനിർണ്ണയ ബിൽ) ലോക്സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (Special Majority) ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ സഭയിൽ വീണത്. വോട്ടെടുപ്പിൽ 278 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്തു. ഹാജരായ അംഗങ്ങളിൽ പകുതിയിലധികം പേരുടെ പിന്തുണ ലഭിച്ചെങ്കിലും, ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ 326 വോട്ടുകൾ (മൂന്നിൽ രണ്ട് ഭാഗം) സമാഹരിക്കാൻ സർക്കാരിന് സാധിച്ചില്ല.
ബിൽ പരാജയപ്പെട്ടത് മോദി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. 2029-ഓടെ സംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിന് ഇനി പുതിയൊരു ബിൽ അവതരിപ്പിക്കുകയോ അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടുകയോ വേണ്ടിവരും. ഭരണഘടനാ ഭേദഗതിയായതിനാൽ ഇതിൽ ഓർഡിനൻസ് ഇറക്കാൻ കഴിയില്ലെന്നത് സർക്കാരിന്റെ പരിമിതിയാണ്.
ചർച്ചയ്ക്ക് മറുപടി നൽകിയ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ചപ്പോൾ, ബില്ലിനെ വെറുമൊരു രാഷ്ട്രീയ മറയായാണ് സർക്കാർ ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ഓരോ വോട്ടർക്കും തുല്യ മൂല്യം ഉറപ്പാക്കുമെന്നും 2029-ഓടെ സംവരണം നടപ്പിലാക്കുമെന്നും അമിത് ഷാ സഭയ്ക്ക് ഉറപ്പുനൽകി.
മണ്ഡല പുനർനിർണ്ണയ നടപടികളോട് സഹകരിക്കാൻ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ച അമിത് ഷാ കൃത്യമായ കണക്കുകൾ സഭയിൽ നിരത്തി. "കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങൾക്കായി നിലവിൽ 543-ൽ 129 സീറ്റുകളാണുള്ളത് (23.76%). മണ്ഡലങ്ങളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവുണ്ടാകുമ്പോൾ ഈ സംസ്ഥാനങ്ങളിലെ സീറ്റുകൾ 195 ആയി ഉയരും. അതായത് 816 സീറ്റുകളിൽ 23.87% പ്രാതിനിധ്യം ദക്ഷിണേന്ത്യയ്ക്ക് ലഭിക്കും. ആർക്കും ഒരു സീറ്റ് പോലും നഷ്ടമാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു," അദ്ദേഹം പറഞ്ഞു. 2029-ഓടെ വനിതാ സംവരണം നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ഒബിസി രാഷ്ട്രീയത്തെയും അമിത് ഷാ പരിഹസിച്ചു. കോൺഗ്രസ് ഇതുവരെ ഒരു ഒബിസി പ്രധാനമന്ത്രിയെ നൽകിയിട്ടില്ലെന്നും ബിജെപിയാണ് നരേന്ദ്ര മോദിയിലൂടെ അത് സാധ്യമാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ സഖ്യം വനിതാ ബില്ലിനെ എതിർക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനെ പോലും അവർ ഭയപ്പെടുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഈ ബില്ലിന്റെ അന്തസ്സത്തയെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മണ്ഡലത്തിലെ 49 ലക്ഷത്തോളം വോട്ടർമാരെ പ്രതിനിധീകരിക്കാൻ ഒരു എംപി മാത്രം പോരെന്ന വസ്തുത ചൂണ്ടിക്കാട്ടിയ അദ്ദേഹം, വനിതാ പങ്കാളിത്തം അനിവാര്യമാണെന്ന് അടിവരയിട്ടു. ചർച്ചയിൽ പങ്കെടുത്ത 130 എംപിമാരിൽ 56 പേരും വനിതകളായിരുന്നു എന്നത് ബില്ലിനോടുള്ള സ്ത്രീസമൂഹത്തിന്റെ താൽപ്പര്യമാണ് വ്യക്തമാക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തു. ഇത് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലല്ലെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ സ്ത്രീകളെ വെറും മറയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നത് ഈ സർക്കാരിന്റെ സ്ഥിരം അജണ്ടയാണെന്നും ഭരണഘടനയ്ക്ക് മേൽ 'മനുവാദം' അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു. സത്യത്തിന് വേണ്ടി പൊരുതാൻ തനിക്ക് ഭയമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞുകൊണ്ടുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തിയതോടെ സഭയിൽ ബഹളം രൂക്ഷമായി. കോൺഗ്രസ് ഭരിച്ച 60 കൊല്ലം എന്തുകൊണ്ട് ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയില്ലെന്നും രാജീവ് ഗാന്ധി എന്തുകൊണ്ടാണ് ഈ നീക്കങ്ങളെ എതിർത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതിനിടെ ബിസിനസുകാരും മാജിക്കുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് രാഹുൽ പരാമർശിച്ചത് സ്പീക്കറുടെ അതൃപ്തിക്ക് കാരണമായി. ഇത്തരം പ്രയോഗങ്ങൾ സഭാ നടപടികളിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ച സ്പീക്കർ ഓം ബിർള, പാർലമെന്ററി മര്യാദകൾ പാലിക്കണമെന്ന് രാഹുലിന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ രഹസ്യങ്ങൾ അറിയുന്ന 'അദൃശ്യ ശക്തികളെ' കുറിച്ചുള്ള രാഹുലിന്റെ വാക്കുകൾ കൂടി വന്നതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് സഭ നീങ്ങി. നരേന്ദ്ര മോദി സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെന്ന പരിഹാസത്തോടെയാണ് രാഹുൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്
നേരത്തെ ബില്ലിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ മുന്നണി രംഗത്തുവന്നിരുന്നു. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ഈ അന്തിമ തീരുമാനമുണ്ടായത്.
"ബില്ല് പിൻവലിച്ച് സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണം. നിലവിലുള്ള 543 സീറ്റുകളിൽ മൂന്നിലൊന്ന് സംവരണം അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഈ ബില്ലിലൂടെ സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കുന്നതിന് പകരം ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്," എന്ന് മുന്നണി നേതാക്കൾ വ്യക്തമാക്കി. ബില്ലിന്റെ ഭാവി നിർണ്ണയിക്കുന്ന വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം നാല് മണിക്ക് പാർലമെന്റിൽ നടക്കും. സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോഴും പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളും കേന്ദ്രം നടത്തുന്നുണ്ട്.
ബിൽ നിയമമാകണമെങ്കിൽ സഭയിൽ 360 അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്നിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യം ഭരണകക്ഷിക്ക് അല്പം വെല്ലുവിളി നിറഞ്ഞതാണ്. സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ നീക്കങ്ങളെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രിയും ബിജെപിയും കുറ്റപ്പെടുത്തുന്നു.
നോട്ടുനിരോധനത്തിന് സമാനമായ തിടുക്കത്തോടെ മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം രാജ്യത്തിന്റെ രാഷ്ട്രീയ അധികാര ഘടനയെ തകർക്കുന്ന 'രാഷ്ട്രീയ നോട്ടുനിരോധന'മാണെന്ന് ശശി തരൂർ എം.പി. ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നത് സഭയുടെ പ്രവർത്തനക്ഷമത ഇല്ലാതാക്കുമെന്നും രാജ്യസഭയുമായുള്ള തുലനാവസ്ഥ തെറ്റിക്കുമെന്നും അദ്ദേഹം ആരോപിച്ചു. വനിതാ സംവരണത്തെ പിന്തുണയ്ക്കുമ്പോഴും, അശാസ്ത്രീയമായ മണ്ഡല പുനർനിർണയ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെ വരെ നീണ്ട സഭാ നടപടികളിൽ ബില്ലിനെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. ചർച്ചയിൽ പങ്കെടുത്ത ഫ്രാൻസിസ് ജോർജ് എംപി സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. കുറുക്കുവഴിയിലൂടെ അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ ബില്ലിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. എങ്കിലും, വോട്ടെടുപ്പിൽ വിജയിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി കേന്ദ്രങ്ങൾ. പ്രതിപക്ഷ നിരയിലെ ഭിന്നതയോ ചില കക്ഷികളുടെ വിട്ടുനിൽക്കലോ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഭരണപക്ഷം കണക്കുകൂട്ടുന്നത്.
നിലവിലെ കണക്കനുസരിച്ച് ലോക്‌സഭയിൽ എൻഡിഎയ്ക്ക് 293 അംഗങ്ങളുടെ പിന്തുണയാണുള്ളത്. എന്നാൽ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 വോട്ടുകൾ) തികയ്ക്കാൻ പ്രതിപക്ഷത്തിന്റെ സഹായം അനിവാര്യമാണ്. സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ മാത്രമേ സർക്കാരിന് ബിൽ എളുപ്പത്തിൽ പാസാക്കാൻ സാധിക്കൂ. 98 അംഗങ്ങളുള്ള കോൺഗ്രസ് ബില്ലിലെ വ്യവസ്ഥകളിൽ മാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
ലോക്‌സഭയിലെ തടസ്സങ്ങൾ നീങ്ങിയാലും രാജ്യസഭയിലും സർക്കാരിന് വെല്ലുവിളികൾ കാത്തിരിക്കുന്നുണ്ട്. ഉപരിസഭയിൽ ഭൂരിപക്ഷത്തിന് 163 വോട്ടുകൾ ആവശ്യമാണെങ്കിലും ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 141 അംഗങ്ങൾ മാത്രമാണുള്ളത്. ബിആർഎസ്, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ പിന്തുണച്ചാലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തുക പ്രയാസകരമാണ്. രാജ്യസഭയിലും കോൺഗ്രസ്, തൃണമൂൽ, എഎപി എന്നീ കക്ഷികൾ ശക്തമായ സാന്നിധ്യമാണ്. ചുരുക്കത്തിൽ, രാഷ്ട്രീയ സമവായമുണ്ടായില്ലെങ്കിൽ വനിതാ സംവരണ ബിൽ വീണ്ടും അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.
English Summary: The Women’s Reservation Bill faces a crucial vote in the Lok Sabha, with the Bharatiya Janata Party seeking majority support. Opposition parties remain firm on reservation provisions, making the bill’s passage uncertain.