പാക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം. ജനകീയ കൂട്ടായ്മയായ ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റി(ജെഎഎസി) പ്രവർത്തകരും പാകിസ്ഥാൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30ലേറെ പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. റാവലക്കോട്ട് നഗരത്തിലാണ് അക്രമം അതിരൂക്ഷമായത്.
പ്രദേശത്തെ ക്രമസമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച അധികൃതർ ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി നിയമപാലകരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു വ്യാപാരി കൊല്ലപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് സംഘർഷം രൂക്ഷമാവുകയും, ഞായറാഴ്ച റാവലക്കോട്ട് നഗരത്തിൽ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
ജൂലൈ 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി സംവരണം ചെയ്തതിനെതിരെ ജെഎഎസി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് ഒരു ദിവസം മുമ്പാണ് ഏറ്റുമുട്ടലുകൾ ഉണ്ടായത്. സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്നായിരുന്നു ജെഎഎസിയുടെ വാദം. ഇതിന് പിന്നാലെയാണ് സർക്കാർ സംഘടനയെ നിരോധിച്ചത്.
മുൻകാല അക്രമസംഭവങ്ങൾ, ഇന്റർനെറ്റ് തടസ്സങ്ങൾ, സംഘടനയ്ക്ക് ഏർപ്പെടുത്തിയ നിരോധനം എന്നിവയ്ക്കെതിരെയും വൈദ്യുതി ക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭവങ്ങളുടെ ചൂഷണമെന്ന ആരോപണം, രാഷ്ട്രീയ അവഗണന തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സംഘടന പ്രതിഷേധത്തിന് മുതിർന്നത്.
പാക്ക് അധിനിവേശ കശ്മീരിന്റെ സാമ്പത്തിക–രാഷ്ട്രീയ ആവശ്യങ്ങൾ ഉയർത്തി വർഷങ്ങളായി സമരം നയിച്ചുവരുന്ന കൂട്ടായ്മയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി. വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ എന്നിവയ്ക്ക് എതിരെയും പ്രാദേശിക വിഭവങ്ങൾ പാക്ക് സർക്കാർ ചൂഷണം ചെയ്യുന്നതിനെതിരെയും രണ്ടു വർഷമായി സംഘടന പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്.
തങ്ങൾക്കു മേൽ 'തീവ്രവാദ സംഘടന' എന്ന മുദ്രകുത്തിയത് അടിച്ചമർത്തലാണെന്നാണ് ജെഎഎസി അംഗങ്ങൾ ആരോപിക്കുന്നത്. തങ്ങൾ ന്യായമായ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്കായാണ് സമരം ചെയ്യുന്നതെന്നും അവർ പറയുന്നു.
ഭീകരവിരുദ്ധ നിയമപ്രകാരം ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ നിരോധിക്കാനുള്ള പ്രാദേശിക സർക്കാരിന്റെ തീരുമാനത്തിൽ ഗുരുതര ആശങ്കയുണ്ടെന്നാണ് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷനും അറിയിക്കുന്നത്.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, അമിതബലപ്രയോഗത്തെയും സാധാരണക്കാരുടെയും നിയമപാലകരുടെയും മരണങ്ങളെയും ആശയവിനിമയ നിയന്ത്രണങ്ങളെയും കമ്മിഷൻ ശക്തമായി അപലപിച്ചിട്ടുണ്ട്.