യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആതിഥേയത്വം വഹിച്ച് ദിവസങ്ങള്‍ക്ക് ശേഷം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ആഗോള തലത്തില്‍ സ്ഥിരത നിലനിര്‍ത്തുന്ന ഒരു പ്രധാന ശക്തിയാണ് ചൈന-റഷ്യ ബന്ധമെന്ന് ഷി ജിന്‍പിങ് വിശേഷിപ്പിച്ചു. വളരെ ഗംഭീരമായ സൈനികാഘോഷങ്ങളോടെയാണ് ചൈനീസ് നേതാവ് റഷ്യന്‍ പ്രസിഡന്റിനെ വരവേറ്റത്. തുടര്‍ന്ന് ഇരുനേതാക്കളും ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച ബീജിംഗില്‍ ട്രംപും ഷി ജിന്‍പിങും തമ്മില്‍ നടന്ന ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുടിന് ലഭിച്ച സ്വീകരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളുടെ നേതാക്കളായ അവര്‍ അന്ന് വ്യാപാരം, നിക്ഷേപം, ഇറാന്‍ സംഘര്‍ഷം, തായ്വാന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
കുറഞ്ഞ പ്രതിനിധികള്‍ പങ്കെടുത്ത 'നാരോ ഫോര്‍മാറ്റ്' (narrow format) കൂടിക്കാഴ്ചയോടെയായിരുന്നു ഷി-പുടിന്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. അതീവ പ്രാധാന്യമുള്ളതും തന്ത്രപരവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ രീതി ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്ത 'വൈഡ് ഫോര്‍മാറ്റ്' (wide format) ചര്‍ച്ച നടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇത് അവസാനിച്ചത്.
ഇതിനുശേഷം സാങ്കേതികവിദ്യ, വ്യാപാരം, ശാസ്ത്ര ഗവേഷണം, ബൗദ്ധിക സ്വത്ത് അവകാശം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ ഇരുനേതാക്കളും പങ്കെടുത്തു. 25 വര്‍ഷം മുമ്പ് ഒപ്പുവെച്ച 'ചൈന-റഷ്യ അയല്‍പക്ക സൗഹൃദ-സഹകരണ ഉടമ്പടി' നീട്ടുന്നതിനുള്ള രേഖയും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഏറ്റവും ഉയര്‍ന്നനിലയിലെത്തിയെന്നു കരാറുകളില്‍ ഒപ്പുവെച്ചതിന് ശേഷം ഷി ജിന്‍പിങ് പറഞ്ഞു. അന്താരാഷ്ട്ര രംഗത്തെ 'എല്ലാത്തരം ഏകപക്ഷീയമായ ഭീഷണികളെയും' സംയുക്തമായി ചെറുക്കാന്‍ ഇരുരാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ യുദ്ധങ്ങള്‍ ഉണ്ടാകുന്നത് അഭികാമ്യമല്ലെന്നും സമഗ്രമായ വെടിനിര്‍ത്തല്‍ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ പ്രതിസന്ധി തുടരുമ്പോഴും റഷ്യ എപ്പോഴും വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു ഊര്‍ജ്ജ ദാതാവായി തുടരുമെന്ന് പുടിന്‍ ചൈനയ്ക്ക് ഉറപ്പുനല്‍കി. അടുത്ത വര്‍ഷം റഷ്യ സന്ദര്‍ശിക്കാന്‍ അദ്ദേഹം ഷി ജിന്‍പിങിനെ ക്ഷണിക്കുകയും ചെയ്തു. ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് കനത്ത ഉപരോധങ്ങള്‍ നേരിടുന്ന റഷ്യന്‍ സമ്പദ്വ്യവസ്ഥ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും പുടിന്റെ അജണ്ടയിലെ പ്രധാന വിഷയങ്ങള്‍. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയാണ് നിലവില്‍ റഷ്യയുടെ എണ്ണ കയറ്റുമതിയുടെ പകുതിയോളവും വാങ്ങുന്നത്.
സമീപകാലത്തായി പുടിനും ഷിയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമായിരിക്കുകയാണ്. പരസ്പരം 'പ്രിയപ്പെട്ടവന്‍' എന്നും 'പഴയ സുഹൃത്ത്' എന്നുമാണ് അവര്‍ വിശേഷിപ്പിക്കാറുള്ളത്. ബുധനാഴ്ചയും ഈ ആത്മബന്ധം ദൃശ്യമായിരുന്നു. 'നമ്മള്‍ തമ്മില്‍ ഒരു ദിവസം കണ്ടില്ലെങ്കില്‍ പോലും മൂന്ന് ശരത്കാലങ്ങള്‍ കടന്നുപോയതുപോലെ തോന്നും' എന്ന ചൈനീസ് പഴഞ്ചൊല്ല് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പുടിന്‍ തന്റെ സന്തോഷം പങ്കുവെച്ചത്. മറ്റ് ലോകനേതാക്കളുമായി ഷി ജിന്‍പിങ് നടത്തുന്ന കൂടിക്കാഴ്ചകള്‍ ആ നേതാക്കളോട് ചൈനയ്ക്കുള്ള ബഹുമാനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടാറുള്ളത്. അതിനാല്‍ തന്നെ ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന പുടിനുമായുള്ള ഈ കൂടിക്കാഴ്ചയെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.
English Summary: Days after hosting US President Donald Trump in Beijing, Chinese President Xi Jinping held high-level talks with Russian President Vladimir Putin, highlighting China’s growing role at the center of global geopolitics. Xi described China-Russia relations as a major force for global stability, while both leaders reaffirmed their strategic partnership during meetings at the Great Hall of the People