International

സഹപ്രവര്‍ത്തകര്‍ കൈവിട്ടു, എഐ ചാറ്റ്‌ബോട്ട് തുണയായി, ചൈനയില്‍ അപൂര്‍വ 'മീ ടൂ' വിജയം; തൊഴിലിട അതിക്രമത്തില്‍ യുവതിക്ക് നീതി

"അടിവസ്ത്രത്തിന്റെ അളവിനെക്കുറിച്ച് തമാശ പറയുക, അനുവാദമില്ലാതെ കൈകളില്‍ പിടിക്കുക, ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുക എന്നിവയായിരുന്നു അയാളുടെ രീതികള്‍"

Madism Desk

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ചൈനയില്‍ അപൂര്‍വവും ചരിത്രപരവുമായ നിയമവിജയം നേടി യുവതി. ബീജിങ് ഗ്രാസ്ലാന്‍ഡ് അലയന്‍സ് എന്ന പരിസ്ഥിതി സന്നദ്ധ സംഘടനയിലെ മുന്‍ ജീവനക്കാരിയാണ് മുന്‍ മാനേജര്‍ക്കെതിരായ കേസില്‍ അനുകൂല വിധി സമ്പാദിച്ചത്. പ്രതിയായ മാനേജര്‍ യുവതിക്ക് മാനസിക വിഷമമുണ്ടാക്കിയതിന് 5,000 യുവാന്‍ (ഏകദേശം 70,000 രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പ് എഴുതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ദശലക്ഷക്കണക്കിന് സ്ത്രീകളെ സ്വാധീനിച്ച മീ ടൂ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയ ചൈനയില്‍, ഈ വിധി വളരെ വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ചര്‍ച്ചകള്‍ വലിയൊരു ജനകീയ മുന്നേറ്റമായി മാറാതിരിക്കാന്‍ ചൈനീസ് അധികൃതര്‍ #MeToo എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെ സെന്‍സര്‍ ചെയ്ത് വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ വന്ന കീഴ്‌ക്കോടതി വിധി കഴിഞ്ഞയാഴ്ച അപ്പീല്‍ കോടതിയും ശരിവെച്ചത്.

'എന്റെ വ്യക്തിപരമായ അന്തസ്സ് സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു,' വിധിക്കുശേഷം യുവതി പ്രതികരിച്ചത് ഇങ്ങനെയാണ്. സ്വകാര്യത മുന്‍നിര്‍ത്തി 'സിയോങ്' എന്ന പേരിലാണ് ഇവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഈ വിധി തന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കം തമാശകളില്‍നിന്ന്, ഒടുവില്‍ തിരിച്ചറിവ്

2022-ന്റെ തുടക്കത്തില്‍ ചൈനയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാനില്‍ പഠിക്കുന്ന കാലത്താണ് സിയോങ് ഈ എന്‍ജിഒയില്‍ ഇന്റേണായി ചേരുന്നത്. ജോലിയില്‍ പ്രവേശിച്ച് വൈകാതെ തന്നെ തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള മാനേജര്‍ തനിക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയതായി സിയോങ് പറയുന്നു. അടിവസ്ത്രത്തിന്റെ അളവിനെക്കുറിച്ച് തമാശ പറയുക, അനുവാദമില്ലാതെ കൈകളില്‍ പിടിക്കുക, ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുക എന്നിവയായിരുന്നു അയാളുടെ രീതികള്‍. ''പ്രണയത്തിലാവുകയോ കൂട്ടുകാരിയുടെ കൂടെ കറങ്ങിനടക്കുകയോ ചെയ്യരുത്, എന്നെക്കുറിച്ച് കൂടുതല്‍ ചിന്തിക്കൂ. എനിക്ക് നിന്നോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്,'' എന്നൊക്കെയായിരുന്നു മാനേജരുടെ സന്ദേശങ്ങള്‍.

തനിക്ക് നേരിട്ട അനുഭവങ്ങള്‍ കഴിഞ്ഞവര്‍ഷം 'വീചാറ്റ്' വഴിയുള്ള ഒരു ലേഖനത്തിലൂടെയാണ് സിയോങ് പങ്കുവെച്ചത്. തുടക്കത്തില്‍ മാനേജറുടെ പെരുമാറ്റം ലൈംഗികാതിക്രമമാണെന്നു തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അവര്‍ എഴുതി. അവിടുത്തെ അന്തരീക്ഷം തമാശ നിറഞ്ഞതായിരുന്നതിനാല്‍ തന്റെ നാണക്കേടും അസ്വസ്ഥതയും അസ്ഥാനത്താണോയെന്ന് യുവതി ഭയന്നിരുന്നു.

ഈ വിഷയത്തില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ ആരും ഗൗരവമായി എടുത്തില്ല. ഒടുവില്‍ ചൈനീസ് നിര്‍മിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ 'ഡീപ്‌സീക്കി'നോട് സംസാരിച്ചപ്പോഴാണ് തന്റെ മാനസികാവസ്ഥയ്ക്ക് ഒരു അംഗീകാരം ലഭിച്ചതായി തോന്നിയതെന്ന് സിയോങ് വെളിപ്പെടുത്തി. ഒടുവില്‍ 2024-ല്‍ അവര്‍ ജോലി രാജിവയ്ക്കുകയും കഴിഞ്ഞ വര്‍ഷം മാനേജര്‍ക്കെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു.

ചൈനയിലെ മീ ടൂ മുന്നേറ്റവും നിയമവ്യവസ്ഥയും

2021 മുതല്‍ മാത്രമാണ് ചൈനയില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് കമ്പനികള്‍ക്കെതിരെയും കുറ്റവാളികള്‍ക്കെതിരെയും സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നിയമപരമായ അവകാശം ലഭിച്ചത്. എന്നിരുന്നാലും ഇത്തരം കേസുകള്‍ ജയിക്കുന്നത് വളരെ അപൂര്‍വമാണ്. ലൈംഗികാതിക്രമം പ്രധാന വിഷയമായി വന്ന 2010 മുതല്‍ 2017 വരെയുള്ള കേസുകള്‍ പരിശോധിച്ച ഒരു പഠനത്തില്‍ വെറും 34 കോടതി വിധികള്‍ മാത്രമാണ് കണ്ടെത്താനായത്. അതില്‍ ഭൂരിഭാഗവും കുറ്റം ആരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ജീവനക്കാര്‍ കമ്പനിക്കെതിരെ നല്‍കിയ കേസുകളായിരുന്നു.

ചൈനയിലെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും എന്നാല്‍ മീ ടൂ ചലനങ്ങളും നിയമപരിഷ്‌കരണങ്ങളും കാരണം അടുത്ത കാലത്തായി കൂടുതല്‍ സ്ത്രീകള്‍ കോടതിയെ സമീപിക്കുന്നുണ്ടെന്നും ഷാങ്ഹായിലെ ലേബര്‍ ലോ വിദഗ്ധയായ മേ ലൂ പറയുന്നു. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ വിവാദത്തിനുശേഷം ചൈനയിലും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സിസിടിവി അവതാരകന്‍ സു ജുനെതിരെ മുന്‍ ഇന്റേണ്‍ സൗ സിയാക്‌സുവാന്‍ നല്‍കിയ കേസും മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവോലിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ശേഷം ടെന്നീസ് താരം പെങ് ഷുവായ് അപ്രത്യക്ഷയായതുമെല്ലാം ചൈനീസ് മീറ്റൂ ചരിത്രത്തിലെ വലിയ വിവാദങ്ങളായിരുന്നു. തെളിവുകളുടെ അഭാവം മൂലമാണ് പല കേസുകളും പരാജയപ്പെട്ടത്.

ഡിജിറ്റല്‍ തെളിവുകള്‍ തുണച്ചു

സിയോങ്ങിന്റെ കേസില്‍ മാനേജറുമായും മറ്റ് സഹപ്രവര്‍ത്തകരുമായും വീചാറ്റില്‍ നടത്തിയ ചാറ്റുകളുടെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതാണ് വിജയത്തിന് കാരണമായത്. സിയോങ്ങിന് അസ്വസ്ഥതയുണ്ടാക്കിയതില്‍ മാനേജര്‍ മുന്‍പ് അയച്ച ക്ഷമാപണ സന്ദേശങ്ങള്‍ കോടതിയില്‍ നിര്‍ണായകമായി. ഓഫിസ് ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ മാത്രമാണ് താന്‍ ക്ഷമചോദിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

തൊഴിലിടങ്ങളിലെ അധികാര സമവാക്യങ്ങളെക്കുറിച്ചും കോടതി വിധിയില്‍ എടുത്തുപറയുന്നുണ്ട്. ' ടീം ലീഡര്‍ എന്ന നിലയില്‍ ഒരു വ്യക്തിയുടെ വാക്കുകളും പ്രവൃത്തികളും സാധാരണ സഹപ്രവര്‍ത്തകരേക്കാള്‍ വലിയ സ്വാധീനമാണ് ജീവനക്കാരിലുണ്ടാക്കുക. അതിനാല്‍ ഒരു ലീഡര്‍ തന്റെ പെരുമാറ്റത്തിലും വാക്കുകളിലും കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം, ഒപ്പം വനിതാ ജീവനക്കാരുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും പൂര്‍ണമായി ബഹുമാനിക്കുകയും വേണം,'' കോടതി വ്യക്തമാക്കി.

A Chinese woman has secured a rare legal victory in a workplace sexual harassment case, marking a significant milestone for the country's MeToo movement. A court ruled in favor of the former employee of the Beijing Grassland Alliance, ordering her former manager to pay 5,000 yuan (around ₹57,000) in compensation for emotional distress and issue a written apology. The verdict, recently upheld by an appeals court, is being hailed as an important precedent in a country where the #MeToo movement has faced heavy censorship.