International

പ്രതിവർഷം ഇരകളാകുന്നത് 30 കോടി കുട്ടികൾ; കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണത്തിന് എഐ ഉപയോഗിക്കുന്നതിൽ ഞെട്ടിക്കുന്ന വർധന

കുട്ടികൾക്കെതിരായ അതിക്രമം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണം

Madism Desk

ലോകമെമ്പാടുമുള്ള 30 കോടിയിലധികം കുട്ടികൾ ഓരോ വർഷവും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ലൈം​ഗിക ചൂഷണത്തിനോ ദുരുപയോ​ഗത്തിനോ ഇരയാകുന്നുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. 18 വയസ് തികയുന്നതിന് മുൻപ് നാലിൽ ഒരു കുട്ടി എന്ന നിരക്കിൽ ഏതെങ്കിലും തരത്തിലുള്ള ​ദുരുപയോ​ഗത്തിന് ഇരയാകുന്നുണ്ടെന്നാണ് എഡിൻബർ​ഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ്‌ലൈറ്റ് - ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇതിൽ ഓൺലൈൻ അതിക്രമങ്ങൾക്ക് പുറമെ നേരിട്ടുള്ള ശാരീരിക ചൂഷണങ്ങളും ഉൾപ്പെടുന്നു.

കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി നിർമ്മിത ബുദ്ധി ഉപയോ​ഗിക്കുന്ന കേസുകളിളെ വർധനവാണ് റിപ്പോർട്ടിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എഐ അധിഷ്ഠിത ചൂഷണ സാമ​ഗ്രികളുടെ ഉത്പാദനത്തിൽ 8,400 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023ൽ ഏകദേശം 4,700 ആയിരുന്ന ഇത്തരം കേസുകൾ 2025 ആയപ്പോഴേക്കും നാല് ലക്ഷത്തിലധികമായി (4,00,000) കുതിച്ചുയർന്നു. യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണ്ടെത്തലുകളും ഇത് ശരിവെക്കുന്നു.

കാണാൻ യഥാർത്ഥ ഫോട്ടോകളാണെന്ന് തോന്നിക്കുന്ന എഐ നിർമ്മിത ചൂഷണ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമാകുകയാണ്. 2026ന്റെ ആദ്യ പകുതിയിൽ മാത്രം കണ്ടെത്തിയ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ എണ്ണം 2025ൽ ആകെ കണ്ടെത്തിയതിനേക്കാൾ കൂടുതലാണെന്ന് IWF വിശകലന വിദഗ്ധർ കണ്ടെത്തി. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന 6,310 എഐ ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ പരിശോധിച്ചത് (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതൽ).

ന്യൂഡിഫൈ ആപ്പുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്‌ഫേക്കുകൾ വഴിയാണ് പ്രധാനമായും ഈ ചൂഷണം നടക്കുന്നത്. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ വ്യാജമാണെങ്കിലും, കുട്ടികളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാനോ യഥാർത്ഥ ചിത്രങ്ങൾ നൽകാൻ അവരെ നിർബന്ധിക്കാനോ ഉള്ള ബ്ലാക്ക്‌മെയിലിങ് ആയുധമായാണ് കുറ്റവാളികൾ ഇവ ഉപയോഗിക്കുന്നത്.

ഓൺലൈൻ ഭീഷണികൾക്ക് പുറമെ, കുട്ടികൾക്ക് നേരെയുള്ള നേരിട്ടുള്ള ദുരുപയോ​ഗങ്ങളും വർധിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വടക്കേ അമേരിക്കയിൽ മൂന്നിലൊന്ന് പെൺകുട്ടികളും പത്തിലധികം വരുന്ന ആൺകുട്ടികളും കുട്ടിക്കാലത്ത് നേരിട്ടുള്ള ലൈംഗിക ദുരുപയോഗത്തിന് ഇരയായിട്ടുണ്ടെന്ന് ഗവേഷണം കണ്ടെത്തി. ലൈംഗികാതിക്രമം, ബലാത്സംഗം, വസ്ത്രത്തിനടിയിൽ നിന്ന് രഹസ്യമായി ഫോട്ടോയോ വീഡിയോയോ എടുക്കുന്ന അപ്‌സ്‌കർട്ടിങ് തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള ലൈംഗിക ഉള്ളടക്കങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 2024-നും 2025-നും ഇടയിൽ അമേരിക്കയിൽ 63 ശതമാനവും കാനഡയിൽ 18 ശതമാനവും വർധിച്ചിട്ടുണ്ട്.

''നിർമ്മിത ബുദ്ധി കുട്ടികൾക്ക് നേരെയുള്ള ഭീഷണിയുടെ സ്വഭാവം മാറ്റുന്ന വേഗത അതീവ ആശങ്കാജനകമാണ്. വെറും രണ്ട് വർഷത്തിനുള്ളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങളുടെ റിപ്പോർട്ടുകളിൽ അസാധാരണമായ വർധനവാണ് കാണിക്കുന്നത്," ചൈൽഡ്‌ലൈറ്റ് ഗ്ലോബൽ ഡാറ്റാ ഡയറക്ടർ പ്രൊഫസർ ഡെബി ഫ്രൈ വ്യക്തമാക്കി. കണ്ടെത്തലുകളും റിപ്പോർട്ടിങും മെച്ചപ്പെടുത്തിയത് ഈ വർധനവിന് ഒരു കാരണമാകാമെങ്കിലും, ഉയർന്നുവരുന്ന ഇത്തരം ദുരുപയോഗങ്ങൾ മനസ്സിലാക്കാനും തടയാനും അവ വേഗത്തിൽ നീക്കം ചെയ്യാനും സർക്കാരുകളും സാങ്കേതിക കമ്പനികളും അടിയന്തിരമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ദശലക്ഷക്കണക്കിന് കുട്ടികൾ ചൂഷണത്തിന് ഇരയാകുമ്പോഴും ഇത് സംബന്ധിച്ച അപൂർണ്ണമായ വിവരങ്ങൾ വെച്ചാണ് സർക്കാരുകൾ പലപ്പോഴും പ്രവർത്തിക്കുന്നത്. "ദുരുപയോഗത്തിന്റെ യഥാർത്ഥ വ്യാപ്തിയും സ്വഭാവവും മനസ്സിലാക്കാതെ അത് ഫലപ്രദമായി തടയാനോ കുട്ടികളെ സംരക്ഷിക്കാനോ കഴിയില്ല. ഇതിന് മാറ്റം വരുത്താനുള്ള അറിവും ഉപകരണങ്ങളും നമുക്കുണ്ട്. ഇതൊരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി കണ്ട് നടപടിയെടുക്കാൻ സർക്കാരുകൾ തയ്യാറാകണം," ചൈൽഡ്‌ലൈറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പോൾ സ്റ്റാൻഫീൽഡ് പറഞ്ഞു. മികച്ച തെളിവുകളിൽ നിക്ഷേപിക്കാനും, സുസ്ഥിരമായ നേതൃത്വവും അന്താരാഷ്ട്ര സഹകരണവും ഉറപ്പാക്കാനും കഴിഞ്ഞാൽ, ഈ ചൂഷണം തടയാനും ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സുരക്ഷിതമായ ബാല്യം നൽകാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന സംഘടനയ്ക്ക് വിവിധ സാങ്കേതിക കമ്പനികൾ കൈമാറിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചൈൽഡ്‌ലൈറ്റ് ഈ പഠനം പൂർത്തിയാക്കിയത്. കിഴക്കൻ ഏഷ്യ, പസഫിക് മേഖല, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖല, വടക്കേ അമേരിക്ക എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പഠനം നടന്നത്.

A new report by the Childlight Global Child Safety Institute reveals a shocking 8,400% increase in AI-generated child sexual abuse material over the past two years, with cases crossing 400,000 in 2025. Deepfakes and "nudify" apps are increasingly being used to blackmail minors. Globally, over 300 million children face tech-facilitated abuse annually. Experts are urging governments and tech companies to treat this escalating crisis as a public health emergency and take immediate preventive actions.