International

'അയല്‍ക്കാര്‍ക്ക് സമാധാനം വേണം, യുദ്ധം ഏകദേശം അവസാനിച്ചു;' ഇറാൻ സൈനികമായി തകർന്നുവെന്ന് ട്രംപ്

ചർച്ചകൾക്ക് ഇറാൻ തയ്യാറാണെങ്കിലും ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ കീഴടങ്ങില്ലെന്നും പ്രസിഡന്റ് പറഞ്ഞു

Madism Desk

അമേരിക്കയിലും ഇസ്രയേലിലും ഉള്‍പ്പെടെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ക്കിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വരുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം സൈനികപരമായി ഏതാണ്ട് അവസാനിച്ചെന്നാണ് ട്രംപിന്റെ എറ്റവും പുതിയ നിലപാട്. ഇറാന്റെ സൈനിക ശേഷി പൂര്‍ണമായി തകര്‍ത്തു എന്ന അവകാശവാദത്തിനൊപ്പമാണ് ട്രംപ് പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനെതിരെ ഇനിയൊരു സൈനിക നടപടിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായി വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ സൈനിക ശക്തി അമേരിക്ക തകര്‍ത്തുവെന്നും നിലവിലെ സാഹചര്യം തുടരാനാണ് അമേരിക്കയുടെ തീരുമാനമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ അയൽരാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോഴത്തെ സ്ഥിതി നിലനിർത്തുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ നിലവിലെ സാഹചര്യം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കയുടെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ വ്യാപാര ബന്ധങ്ങൾ തടസ്സപ്പെടുത്തുന്നതിനുള്ള നടപടികളും തുടരും. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാല സമാധാനത്തിനുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ തള്ളി. അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി പ്രതികരിച്ചു. അമേരിക്കൻ സർക്കാർ പ്രതിസന്ധിയിലാണെന്നും അതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, യുദ്ധത്തിനും സമാധാനത്തിനുമിടയിലെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ നിലപാടെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ചർച്ചകൾക്ക് ഇറാൻ തയ്യാറാണെങ്കിലും ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ കീഴടങ്ങില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ഏഴ് ഉപാധികൾ വെച്ചിട്ടുണ്ട്. അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികൾ വിട്ടുനൽകുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഒമാനുമായി ചേർന്ന് തയ്യാറാക്കിയ പുതിയ സംവിധാനം അംഗീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ട്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായത്. ഇതിന് പിന്നാലെ പ്രധാന എണ്ണ - വാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. ഇതോടെ അന്താരാഷ്ട്ര വ്യാപാരത്തിലും എണ്ണവിപണിയിലും വലിയ പ്രത്യാഘാതങ്ങളുണ്ടായി.

സംഘർഷം അവസാനിപ്പിക്കാൻ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. ഇറാൻ മുന്നോട്ടുവെച്ച യുദ്ധവിരാമ നിർദേശങ്ങൾ ട്രംപുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അമേരിക്കയുടെ ഉപരോധവും ഇറാന്റെ ഉപാധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സമാധാനം എപ്പോൾ സാധ്യമാകുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

US President Donald Trump has said that the US-Israel war against Iran is effectively over, claiming that Iran's military capabilities have been severely weakened. While the US has indicated no immediate need for further attacks, it will continue its naval blockade and remains prepared for military action if necessary. Iran has rejected Trump's claims, ruled out surrendering to American pressure and set seven conditions for ending the conflict. Meanwhile, diplomatic efforts led by Qatar and other countries continue, but the prospects for peace in West Asia remain uncertain.