ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അവസാന ദിനം ലോക നേതാക്കളെ ചിരിപ്പിച്ച് ഡോണൾഡ് ട്രംപിന്റെ തമാശ. പ്രഭാത ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ ട്രംപ് ഇരിപ്പിടം തേടി നടക്കുന്നതും ഒടുവിൽ താനാണ് ബോസ് എന്നുപറയുന്നതും മറ്റു നേതാക്കളെ പൊട്ടിച്ചിരിപ്പിച്ചു.
ഉച്ചകോടിക്കു ആതിഥേയത്വം വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള ലോകനേതാക്കൾ ട്രംപിനായി കാത്തിരിക്കുകയായിരുന്നു. ചർച്ച നടക്കുന്ന മുറിയിലേക്ക് എത്തിയ ട്രംപ് ആദ്യം വലത് വശത്തിലൂടെ നടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വരെ എത്തി. ഉടനെ അവിടെ നിന്ന് തിരിച്ച് നടന്ന് അപ്പുറത്തെ വശത്തേക്ക് പോയി.
നടക്കുന്നതിനിടെ മുറിയുടെ മധ്യത്തിൽ ഏതാനും സെക്കൻഡ് നിന്ന ശേഷം 'ഞാനാണ് ബോസ്' എന്ന് ട്രംപ് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു. നേരെ ഇമ്മാനുവൽ മാക്രോണിന്റെ അടുത്തേക്ക്. ട്രംപിന്റെ 'ബോസ്' സ്റ്റേറ്റ്‌മെന്റ് കേട്ട് മാക്രോണിനും ചിരിയടക്കാനായില്ല. തുടർന്ന് മാക്രോണിന്റെ ഇരിപ്പിടത്തിനു അടുത്തേക്ക് ട്രംപ് പോയി.
തന്റെ അടുത്തേക്ക് എത്തിയ ട്രംപിനു കൈകൊടുത്ത് 'എന്തുണ്ട് വിശേഷം?' എന്ന് മാക്രോൺ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. മാക്രോണിനു മറുപടി നൽകിയ ശേഷം ട്രംപ് കസേരയിൽ ഇരുന്നു.
ഇറാനുമായുള്ള കരാർ അന്തിമമാക്കിയതിനു ശേഷമാണ് ട്രംപ് ജി7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയത്. ഉച്ചകോടിയുടെ എല്ലാ സെഷനുകളിലും ട്രംപ് പങ്കെടുത്തതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിൽ നടന്ന അവസാന ജി7 ഉച്ചകോടിയിൽ ചില സെഷനുകൾ ട്രംപ് ഒഴിവാക്കിയത് വിവാദമായിരുന്നു. പലവട്ടം ട്രംപുമായി പിണങ്ങിയിട്ടുള്ള ഫ്രഞ്ച് പ്രസിഡന്റ് ജി7 ഉച്ചകോടിക്കു ശേഷം യുഎസ് പ്രസിഡന്റിനു അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.