International

ലഹരി മരുന്നിനായി വീട്ടിൽ ലാബ് വരെ! ഈജിപ്തിൽ ടിവി അവതാരക ഉൾപ്പടെ 12 പേർക്ക് വധശിക്ഷ, ഞെട്ടിക്കുന്ന റിപ്പോർട്ട്

ഈജിപ്ഷ്യൻ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റിയുടെ ഓഫീസിൽ വെച്ചാണ് ലഹരിമരുന്ന് ആദ്യമായി കണ്ടതെന്നും അല്ലാതെ ലഹരിയെ കുറിച്ച് അറിയില്ലെന്നുമായിരുന്നു കോടതിയിൽ സാറയുടെ വാദം

Madism Desk

കോളിളക്കം സൃഷ്ടിച്ച ലഹരിമരുന്ന് മാഫിയാ കേസിൽ ടിവി അവതാരക സാറ ഖലീഫ ഉൾപ്പടെ 12 പേർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് ഈജിപ്ത്. ലഹരിമരുന്ന് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ ഇറക്കുമതി ചെയ്യുന്ന ഒരു ക്രിമിനൽ സംഘത്തിന്റെ ഭാഗമായി സാറ പ്രവർത്തിച്ചതായിട്ടാണ് കോടതിയുടെ കണ്ടെത്തൽ. ഈജിപ്‌ഷ്യൻ ഗ്രാൻഡ് മുഫ്‌തിയുടെ മതപരമായ ഉപദേശം തേടിയ ശേഷമാണ് വധശിക്ഷ സ്ഥിരീകരിച്ചത്. പ്രതികൾക്ക് വിധി ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്.

മിഷൻ ഇംപോസിബിൾ എന്ന പേരിൽ കുറ്റകൃത്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്ന പ്രശസ്തമായ ഷോയുടെ അവതാരകയായിരുന്നു സാറ ഖലീഫ. ഇവർക്ക് സ്വന്തമായി കോസ്‌മെറ്റിക്ക് സർജറി ക്ലിനിക്കും പ്രൊഡക്ഷൻ കമ്പനിയുമുണ്ട്. 750 കിലോ മയക്കുമരുന്ന് സാമഗ്രികളാണ് ഇവരുൾപ്പെട്ട സംഘത്തിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തത്. രണ്ട് അപ്പാർട്ട്മെന്റുകളിലായിട്ടായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

സാധനസാമഗ്രികൾ വിദേശത്ത് നിന്ന് വരുത്തി ഉയർന്ന ലഹരിയിൽ മരുന്ന് നിർമിച്ചെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇതിനായുള്ള ലാബ് സൌകര്യമടക്കം അപാർട്ട്മെന്റിൽ ഒരുക്കിയിരുന്നു. അനധികൃതമായി സൂക്ഷിച്ച രാസവസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നുമാണ് സാറയുടെ അഭിഭാഷകൻ അറിയിക്കുന്നത്. സെപ്റ്റംബർ അവസാനം നടന്ന വാദം കേൾക്കലിൽ, താൻ ലഹരിമരുന്ന് കണ്ടിട്ടേ ഇല്ല എന്നായിരുന്നു സാറയുടെ വാദം. ഈജിപ്ഷ്യൻ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റിയുടെ ഓഫീസിൽ വെച്ചാണ് ലഹരിമരുന്ന് ആദ്യമായി കണ്ടതെന്നും അന്ന് സാറ കോടതിയെ അറിയിച്ചിരുന്നു. ഒരു സിഗരറ്റ് പോലും താനിതു വരെ വലിച്ചിട്ടില്ല എന്നായിരുന്നു അന്ന് ഇവർ ആവർത്തിച്ചു പറഞ്ഞിരുന്നത്.

വധശിക്ഷ വിധിച്ചതറിഞ്ഞ് സാറ കോടതിയിൽ പൊട്ടിക്കരഞ്ഞു എന്നാണ് വിവരം. തന്നെ മാതാപിതാക്കൾ നല്ല രീതിയിലാണ് വളർത്തിയിരിക്കുന്നതെന്നും പണത്തിനായി തനിക്ക് ലഹരി വിൽക്കേണ്ടതില്ലെന്നുമൊക്കെ സാറ കോടതിയിൽ കരഞ്ഞുപറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ സാറയ്ക്കെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ഏകദേശം 20 പേരുടെ സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഫോട്ടോഗ്രാഫുകളും ചാറ്റ് വിവരങ്ങളും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ വധശിക്ഷയിൽ കുറഞ്ഞൊന്നും വിധിക്കാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിൽ സാറയെ കസ്റ്റഡിയിലെടുക്കുന്നത്. ലഹരി ഇടപാടുകൾക്കായി സാറയാണ് വിദേശത്തടക്കം പോയിരുന്നത് എന്നാണ് വിവരം.

ലഹരിക്കേസ് പോലുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ തന്നെയാണ് ഈജിപ്തിലെ ഭൂരിഭാഗം കോടതികളും വിധിക്കുക. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളിൽ നിന്ന് കാര്യമായ വിമർശനമുണ്ടെങ്കിലും ഈ രീതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. ലഹരി കൂടാതെ, കൊലപാതകം, തീവ്രവാദം, ബലാത്സംഗം എന്നീ കുറ്റങ്ങൾക്കും വധശിക്ഷയാണ് ഈജിപ്ത് വിധിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം വിവിധ കേസുകളിലായി 492 വധശിക്ഷകളാണ് ഈജിപ്തിലെ വിവിധ കോടതികളിലായി വിധിച്ചത്. ഇതിൽ 23 പേരുടേത് നടപ്പാക്കുകയും ചെയ്തിരുന്നു.

Egypt has sentenced 12 people, including TV presenter Sara Khalifa, to death in a high-profile drug trafficking case that has caused a major stir. The group was found to have been manufacturing drugs commercially using materials brought in from abroad. The death sentences were confirmed after seeking a religious opinion from Egypt’s Grand Mufti. The accused have the right to appeal the verdict before the Supreme Court.

Sara Khalifa is the host of the popular show Mission Impossible, which exposes crimes. She also owns a cosmetic surgery clinic and a production company. Police seized 750 kg of drugs from the group, which had been stored in two apartments.