174 യാത്രക്കാരുമായി ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബൈ വിമാനത്തിലെ പൈലറ്റിനെ ക്രൂരമായി ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ഒമാനി സഹപൈലറ്റ് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിനിടെ വിമാനത്തിന്റെ എന്‍ജിനുകള്‍ സഹപൈലറ്റ് പൂര്‍ണ്ണമായും ഓഫാക്കിയിരിക്കാമെന്നാണ് വിമാന അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. ഇറ്റാലിയന്‍ ദിനപത്രമായ 'കോറിയറെ ഡെല്ല സെറ' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാനത്തിന്റെ പ്രധാന ഇന്ധന സ്വിച്ചുകള്‍ 'റണ്‍' അവസ്ഥയില്‍ നിന്ന് 'കട്ട്ഓഫി'ലേക്ക് മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുകയാണ്.
ടെല്‍ അവീവിലെ കെട്ടിടത്തില്‍ ഇടിച്ചിറക്കാന്‍ പദ്ധതി
ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, സഹപൈലറ്റായ ഹമ്മാം അല്‍ ഹമ്മാമി വിമാനം തകര്‍ക്കാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് കോക്പിറ്റില്‍ കയറിയത്. ഇന്ത്യന്‍ പൗരനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വധിച്ച്, വിമാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്ത് ടെല്‍ അവീവിലെ ഒരു വന്‍കെട്ടിടത്തിലേക്ക് ഇടിച്ചിറക്കുക എന്നതായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ക്യാപ്റ്റന്‍ മച്ചാറിന്റെ ശക്തമായ ചെറുത്തുനില്‍പ്പും സമയയോചിതമായ ഇടപെടലും കാരണം ഈ പദ്ധതി തകര്‍ന്നു. തുടര്‍ന്ന് വിമാനം മരുഭൂമിക്ക് മുകളില്‍ വെച്ച് തകര്‍ത്തുകളയാന്‍ അല്‍ ഹമ്മാമി ശ്രമം തുടങ്ങി. ഓട്ടോപൈലറ്റ് സംവിധാനം ഓഫാക്കി കണ്‍ട്രോള്‍ സ്റ്റിക്ക് മുന്നോട്ട് തള്ളിയതോടെ വിമാനം വെറും 30 സെക്കന്‍ഡിനുള്ളില്‍ 16,000 അടിയോളം താഴേക്ക് പതിച്ചു. മണിക്കൂറില്‍ 970 കിലോമീറ്ററിലധികം വേഗത കൈവരിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന്റെ ടെയില്‍ റഡറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
കോക്പിറ്റില്‍ പ്രാര്‍ത്ഥിക്കുന്നതായി നടിച്ച അല്‍ ഹമ്മാമി, പെട്ടെന്ന് ക്രാഷ് ആക്‌സ് കൈയ്യിലെടുത്ത് ക്യാപ്റ്റന്റെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. കടുത്ത പരിക്കുകളോടെയും രക്തസ്രാവത്തോടെയും ക്യാപ്റ്റന്‍ മച്ചാറ് കോക്പിറ്റ് വാതില്‍ തുറന്ന് വിവരം യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഒടുവില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാരാണ് സൗദി അറേബ്യയില്‍ തബ്റൂക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരനായ യാനിവ് ഹായൂണ്‍ കണ്‍ട്രോള്‍ സ്റ്റിക്ക് ബലമായി പിന്നിലേക്ക് വലിച്ചതിനെത്തുടര്‍ന്നാണ് വിമാനം കൂടുതല്‍ താഴേക്ക് പതിക്കാതെ തടയാനായത്. എന്നാല്‍ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ വിമാനം വീണ്ടും താഴേക്ക് പതിക്കാന്‍ തുടങ്ങിയെങ്കിലും ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം സാധാരണ നിലയിലാക്കുകയായിരുന്നു.
വിമാനത്തിനുള്ളിലെ പോരാട്ടത്തിനിടെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോകളില്‍ ക്യാബിന്‍ എമര്‍ജന്‍സി ലൈറ്റുകള്‍ തെളിഞ്ഞുനില്‍ക്കുന്നത് കാണാം. ബോയിംഗ് 737 വിമാനങ്ങളില്‍ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലയ്ക്കുമ്പോഴോ പ്രധാന പവര്‍ വിച്ഛേദിക്കപ്പെടുമ്പോഴോ മാത്രമാണ് ഇത്തരം ലൈറ്റുകള്‍ സ്വയം കത്തുന്നത്. ഇത് എന്‍ജിന്‍ കട്ട്ഓഫ് ചെയ്‌തെന്ന സംശയത്തിന് ബലം നല്‍കുന്നു.
അന്താരാഷ്ട്ര അന്വേഷണം ശക്തം
യു.എ.ഇ അധികൃതരാണ് നിലവില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതൊരു ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞിരുന്നു. സംഭവത്തിന്റെ പൂര്‍ണ്ണമായ സാഹചര്യങ്ങളും ഇതിന് പിന്നിലെ ലക്ഷ്യങ്ങളും ബന്ധങ്ങളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഹമദ് സെയ്ഫ് അല്‍ ഷംസി പറഞ്ഞു. ആക്രമണം നടത്തിയത് ഒരാള്‍ മാത്രമാണെന്നും തീവ്രവാദ ആശയങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് ചെയ്തതെന്നുമാണ് യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം, നയതന്ത്ര ബന്ധമില്ലാത്ത ഒമാനില്‍ നിന്നുള്ള ഒരു പൈലറ്റ് ഇസ്രായേലിലേക്ക് വിമാനം പറത്താന്‍ എങ്ങിനെ ക്ലിയറന്‍സ് നേടി എന്നതിനെക്കുറിച്ച് ഇസ്രായേലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
A Flydubai flight carrying 174 passengers to Tel Aviv was forced into an emergency landing in Saudi Arabia after its Omani co-pilot allegedly attacked the Indian captain with a crash axe and attempted to take control of the aircraft. According to a report by Italy’s Corriere della Sera, investigators suspect the co-pilot may have shut down the aircraft’s engines during the incident, although the official investigation is still ongoing. The co-pilot, identified in reports as Hammam al-Hammami, allegedly planned to kill Captain Smith Machar, seize control of the Boeing 737 and crash it into a high-rise building in Tel Aviv. After the captain resisted, the co-pilot reportedly disabled the autopilot and pushed the control column forward, causing the aircraft to lose around 16,000 feet in approximately 30 seconds and reach speeds exceeding 970 km/h.