സൗദി അറേബ്യയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിനും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിനും നേരെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിക്ക് നേരെ അയച്ച ആറ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി അധികൃതർ അറിയിച്ചു.
ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. ഇവിടെ മരിച്ച മറ്റൊരാളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനും പാകിസ്താൻ പൗരനും പരിക്കേറ്റതായും സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും സൗദി അറേബ്യ വിടാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെടുകയും 835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യെമൻ സർക്കാർ അവകാശപ്പെട്ടു. തായിസ്, മരീബ് മേഖലകളിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ പോരാട്ടം നടന്നത്.
കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു
ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയും വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരനുമായ 37കാരൻ കമലേഷ് പാണ്ഡെയാണ് മരിച്ചത്. ആക്രമണത്തിൽ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലായതായി സൗദി വ്യോമയാന അതോറിറ്റി അറിയിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി.
റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് ചില വിമാനങ്ങൾ ദമാമിലേക്ക് തിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കിങ് ഫഹദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ജോലിക്കിടെയാണ് കമലേഷ് പാണ്ഡെ കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. യെമൻ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളും പരിക്കേറ്റവരിലുണ്ട്. സൗദിയിലെ ഷായ്ബ എണ്ണപ്പാടത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിലും ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. യെമൻ തീരത്തിന് സമീപം 14 ഇന്ത്യക്കാരുണ്ടായിരുന്ന ബോട്ടിനും ഹൂതികളുടെ ഭീഷണി നേരിടേണ്ടിവന്നു.
സുരക്ഷ ശക്തമാക്കി സൗദി
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി സൗദി അറേബ്യ. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ദഹ്റാനിലെ ആസ്ഥാനം അടിയന്തരമായി ഒഴിപ്പിച്ചു. ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാനും നിർദേശിച്ചു. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രധാന ആസ്ഥാനം പൂർണമായി ഒഴിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. റിയാദിലെ പ്രതിരോധ മന്ത്രാലയത്തിനും യാൻബുവിലെ അരാംകോ കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എണ്ണവിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാനുള്ള നടപടികളും സൗദി ആരംഭിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ പ്രതിദിനം 30 ലക്ഷം ബാരൽ എണ്ണ സംഭരിക്കാനാണ് നീക്കം. അതേസമയം, വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സൗദിയുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഹൂതികളുടെ നടപടികളെ ഭീകരസംഘടനകളുടെ പ്രവർത്തനങ്ങളോട് ഉപമിച്ച് സൗദിയിലെ മുതിർന്ന മതപണ്ഡിതരുടെ കൗൺസിലും രംഗത്തെത്തി.
വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ മക്കയിലെ ഉംറ തീർഥാടകരും യാത്രാപ്രതിസന്ധി നേരിടുകയാണ്. ചില തീർഥാടകർ ബസുകളിൽ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെത്തി അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയതായാണ് റിപ്പോർട്ട്.
അതിനിടെ, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. കടൽ മൈനുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മൂന്ന് കപ്പലുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും കൊല്ലപ്പെട്ട കമലേഷ് പാണ്ഡെയുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
Four people, including an Indian national, were killed and 10 others injured in Houthi attacks targeting Dammam Airport and the Shaybah oil field in Saudi Arabia. Saudi air defence forces reportedly intercepted six drones. Saudi authorities have tightened security measures amid escalating regional tensions.