ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അമേരിക്കയുടെ വാണിജ്യ മന്ത്രാലയം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കന്‍ സോളാര്‍ നിര്‍മ്മാതാക്കളെ സംരക്ഷിക്കുകയെന്ന ലക്ഷ്യം നേടാൻ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വില ഇറക്കുമതികള്‍ക്ക് നിയന്ത്രണം വേണമെന്നാണ് യുഎസ് നിലപാട്. ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍.
എന്താണ് ആന്റി ഡംപിങ് നികുതി
ഒരു രാജ്യം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റൊരു രാജ്യത്ത് അവിടത്തെ ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമ്പോള്‍ പ്രാദേശിക വിപണി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തടയുന്നതിനായി ഇറക്കുമതി ചെയ്യുന്ന രാജ്യം ചുമത്തുന്ന അധിക തീരുവയാണ് ആന്റി ഡംപിങ് നികുതി. പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയ്ക്ക് 123.04 ശതമാനം വരെ നികുതി ശുപാര്‍ശ
ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04 ശതമാനം പ്രാഥമിക ആന്റി ഡംപിങ് നികുതി ചുമത്താനാണ് ശുപാര്‍ശ. ഇതോടൊപ്പം ഇന്തോനേഷ്യയ്ക്ക് 35.17 ശതമാനവും ലാവോസിന് 22.46 ശതമാനവുമാണ് നികുതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ നീക്കം ഇന്ത്യയുടെ കയറ്റുമതിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഓഹരി വിപണിയില്‍ തിരിച്ചടി
വാര്‍ത്ത പുറത്തുവന്നതോടെ സോളാര്‍ മേഖലയിലെ പ്രമുഖ കമ്പനിയായ വാരീ എനര്‍ജീസിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ ഇടിവുണ്ടായി. വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ഓഹരി വില അഞ്ച് ശതമാനത്തിലധികം താഴ്ന്നു. തുടര്‍ന്ന് ഏകദേശം 4.26 ശതമാനം ഇടിവോടെ 3,267 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ വലിയൊരു വിഹിതം ഇന്ത്യയുള്‍പ്പെടെയുള്ള ഈ രാജ്യങ്ങളില്‍ നിന്നാണ് ഉണ്ടായത്. ഏകദേശം 450 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. അമേരിക്കന്‍ സോളാര്‍ നിര്‍മ്മാതാക്കളുടെ കൂട്ടായ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്.
അന്തിമ തീരുമാനം ജൂലൈയില്‍
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാഥമിക നികുതി നിരക്കുകളാണ്. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ സെല്ലുകളുടെ കാര്യത്തില്‍ ജൂലൈ 13-ഓടെ അന്തിമ തീരുമാനം പ്രതീക്ഷിക്കപ്പെടുന്നു. ലാവോസില്‍ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെപ്റ്റംബര്‍ 9-നാകും. അമേരിക്കന്‍ വിപണിയെ ആശ്രയിച്ച് മുന്നേറുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
English Summary: The United States has proposed anti-dumping duties of up to 123% on solar imports from India, Indonesia, and Laos to protect domestic manufacturers. The move could significantly impact Indian solar exports and has already caused a drop in solar company stocks like Waaree Energies. Final decisions are expected by July