International

അമേരിക്കന്‍ നയങ്ങള്‍ ഇന്ത്യയെ ദ്രോഹിക്കാനല്ല, വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; മാര്‍ക്കോ റൂബിയോ

യുഎസ് ഭരണകൂടത്തിന്റെ പുതിയ വിസാ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഐടി വിദഗ്ധരെയോ വിദ്യാര്‍ഥികളെയോ ലക്ഷ്യമിട്ടല്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി കാര്യക്ഷമമായി നടപ്പാക്കാതിരുന്ന കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റൂബിയോ

Madism Desk

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലാണെന്നും ചര്‍ച്ചകളുടെ 99 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുഎസ് ചുമത്തിയ തീരുവകള്‍ ഇന്ത്യയെ ശിക്ഷിക്കാനോ ഉപദ്രവിക്കാനോ ഉള്ളതല്ലെന്നും പുതിയ വിസാ നിയന്ത്രണങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെത്തിയ അദ്ദേഹം 'ദി ഇന്ത്യന്‍ എക്‌സ്പ്രസിന്' നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സാമ്പത്തിക നയങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.

വ്യാപാരക്കരാര്‍ തൊട്ടടുത്ത്

കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ഉടന്‍ തന്നെ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. മാസങ്ങള്‍ക്കകം അല്ല, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരാര്‍ അന്തിമരൂപത്തിലാക്കാന്‍ സാധിക്കുമെന്ന് റൂബിയോ പറഞ്ഞു. 'തീര്‍പ്പാകാനുള്ള തര്‍ക്കങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ കരാറിന്റെ 99 ശതമാനം കാര്യങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വാക്കുകളുടെയും ശൈലികളുടെയും അര്‍ത്ഥം സംബന്ധിച്ച ചില ഭാഷാപരമായ തിരുത്തലുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഭാവി കാര്യങ്ങളില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്,' റൂബിയോ വ്യക്തമാക്കി.

തീരുവകളും വിസാ നയവും

റഷ്യയില്‍ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100% വരെ തീരുവ ചുമത്തുമെന്ന യുഎസിന്റെ മുന്‍ തീരുമാനം (ഇതില്‍ അടുത്തിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചിരുന്നു) സാമ്പത്തിക ബന്ധങ്ങളെ ബാധിച്ചേക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യയെ ദ്രോഹിക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ, യുഎസ് ഭരണകൂടത്തിന്റെ പുതിയ വിസാ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഐടി വിദഗ്ധരെയോ വിദ്യാര്‍ഥികളെയോ ലക്ഷ്യമിട്ടല്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി കാര്യക്ഷമമായി നടപ്പാക്കാതിരുന്ന കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ചൈനയോടുള്ള നിലപാട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായുള്ള തന്റെ രണ്ടുവര്‍ഷത്തെ അനുഭവത്തില്‍ ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെട്ട രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് റൂബിയോ പറഞ്ഞു. ട്രംപ് ഭരണകൂടം ചൈനയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. 'ചൈനയോട് മൃദുസമീപനമല്ല മറിച്ച് തന്ത്രപരമായ സ്ഥിരത കൈവരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. യുഎസ്-ചൈന വ്യാപാരയുദ്ധം ഉണ്ടായാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ത്യയെയും ഒരുപോലെ ബാധിക്കും,' റൂബിയോ മുന്നറിയിപ്പ് നല്‍കി. പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ അമേരിക്ക വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

US Secretary of State Marco Rubio has said that the India-US trade agreement is in its final stages, with 99% of the negotiations completed. In an exclusive interview with The Indian Express during his visit to India, Rubio said the remaining work involved minor language-related changes and expressed hope that the deal could be finalised within weeks. He stressed that US tariffs were not intended to punish or harm India and that the latest visa restrictions were not specifically aimed at Indian IT professionals or students. Rubio also rejected claims that the Trump administration was adopting a softer approach towards China, saying Washington was seeking strategic stability to prevent a trade war that could hurt the global economy and India. He assured India that US relations with Pakistan would not come at the expense of its strategic partnership with New Delhi.