ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തകളാണ് ഇറാനില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണ ടാങ്കറുകളും കണ്ടെയ്‌നര്‍ കപ്പലുകളും ഉള്‍പ്പെടെ 26 കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് നേവി അറിയിച്ചിരിക്കുകയാണ്. പെര്‍മിറ്റ് അധിഷ്ഠിത ഏകോപന സംവിധാനത്തിലൂടെ കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത് തുടരുന്നതായും നാവികസേന വ്യക്തമാക്കി.
ആഗോള ഊര്‍ജ്ജ വിതരണത്തില്‍ അതീവ നിര്‍ണായകമായ ഈ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം ഫെബ്രുവരി 28 നാണ് ഇറാന്‍ പൂര്‍ണമായും നിരോധിച്ചത്. ഏപ്രില്‍ 13 മുതല്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും അമേരിക്കയുടെ കപ്പല്‍വ്യൂഹം ഏര്‍പ്പെടുത്തിയ ഉപരോധം നേരിടുന്ന ഇറാന്‍, ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ തങ്ങളുടെ സായുധ സേനയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാല്‍ യുദ്ധം മേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി. 'ഇറാനെതിരെയുള്ള അധിനിവേശം ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രാദേശിക യുദ്ധം ഇത്തവണ ഈ മേഖലയ്ക്ക് വളരെ അപ്പുറത്തേക്ക് വ്യാപിക്കും. ഞങ്ങളുടെ പ്രഹരങ്ങള്‍ നിങ്ങളെ തകര്‍ത്തുതരിപ്പണമാക്കും', ഗാര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ 'സെപാ ന്യൂസില്‍' പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം അനുവദിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കിയുള്ള പുതിയ പൈപ്പ്ലൈന്‍ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയായതായി യുഎഇ അറിയിച്ചു. യുഎഇയുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ സിഇഒ സുല്‍ത്താന്‍ അല്‍ ജാബറാണ് ഇക്കര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് അസംസ്‌കൃത എണ്ണ കൊണ്ടുപോകുന്ന പുതിയ പൈപ്പ്ലൈന്‍ നിര്‍മാണം യുഎഇ ആരംഭിച്ചത്. അതേസമയം, തങ്ങളുടെ ആണവനിലയത്തിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണം ഇറാഖില്‍ നിന്നാണ് ഉണ്ടായതെന്ന ആരോപണത്തിനു പിന്നാലെ, ഇറാഖിന്റെ മണ്ണില്‍ നിന്നും യുഎഇയെ ലക്ഷ്യമാക്കിയുള്ള ആക്രമങ്ങള്‍ ഉടന്‍തന്നെ തടയനണമെന്ന് യുഎഇ ഇറാഖിനോട് ആവശ്യപ്പെട്ടു. മെയ് 17 നാണ് അറബ് ലോകത്തെ ഏക ആണവനിലയമായ അബുദാബിയിലെ ബറാഖ് നിലയത്തിന് സമീപമുള്ള ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇതോടൊപ്പം വന്ന മറ്റ് രണ്ട് ഡ്രോണുകള്‍ യുഎഇ തടുക്കുകയും ചെയ്തിരുന്നു.
English Summary: Iran has announced that 26 ships, including oil tankers and container vessels, were allowed to pass through the strategic Strait of Hormuz during the last 24 hours under a permit-based coordination system managed by the Revolutionary Guards Navy. The development has raised hopes of easing tensions in one of the world’s most important energy routes.