International

യുഎസ്-ഇറാന്‍ യുദ്ധത്തില്‍ പുതിയ പോര്‍മുഖം; സൗദിക്കുമേല്‍ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതികള്‍

ഇറാന്റെ ഊര്‍ജ്ജ സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം തുടരുകയാണെങ്കില്‍ ചെങ്കടലിലേക്കുള്ള ബാബ് എല്‍-മന്ദേബ് കവാടം അടച്ചുപൂട്ടാന്‍ ഇറാന്‍ ഹൂതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.

Madism Desk

ഇറാന് മേലുള്ള അമേരിക്കയുടെ യുദ്ധത്തില്‍ പുതിയൊരു പോര്‍മുഖം തുറന്ന് യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഏര്‍പ്പെടുത്തിയ ഈ ഉപരോധം ഗള്‍ഫ് മേഖലയ്ക്ക് പുറമെ ആഗോള ഊര്‍ജ്ജ വിതരണത്തിനും വ്യാപാരത്തിനും വലിയ ഭീഷണിയുയര്‍ത്തുന്നതാണ്. കഴിഞ്ഞ മാസം ഒപ്പുവെച്ച താല്‍ക്കാലിക കരാര്‍ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടുള്ള ആക്രമണ പരമ്പരകള്‍ അവസാനിപ്പിക്കാന്‍ ഇറാനും അമേരിക്കയും നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നു എന്ന സൂചനകള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഹൂതികളുടെ പ്രസ്താവനയെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും നയതന്ത്രപരമായ പരിഹാരമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് വില പിന്നീട് കുറഞ്ഞു.

ഇറാന്റെ ഊര്‍ജ്ജ സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം തുടരുകയാണെങ്കില്‍ ചെങ്കടലിലേക്കുള്ള ബാബ് എല്‍-മന്ദേബ് കവാടം അടച്ചുപൂട്ടാന്‍ ഇറാന്‍ ഹൂതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഈ ജലപാത പൂര്‍ണ്ണമായി അടയ്ക്കുന്നത് ആഗോള എണ്ണ വിതരണത്തില്‍ ഏഴ് ശതമാനത്തിന്റെ കുറവുണ്ടാക്കും. കാരണം സൗദിയില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണ കയറ്റുമതിയും ഈ മേഖലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വരും. ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണത്തില്‍ ഇതിനകം തന്നെ 10 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പുതിയ ഉപരോധം ഇതിന്റെ ആഘാതം വര്‍ദ്ധിപ്പിക്കും.

യെമന് മേല്‍ സൗദി ഏര്‍പ്പെടുത്തിയ 'അനീതിയും അടിച്ചമര്‍ത്തുന്നതുമായ ഉപരോധത്തിന്' മറുപടിയായി 'കണ്ണിന് പകരം കണ്ണ്' എന്ന് കണക്കാക്കി ഉപരോധം പ്രഖ്യാപിക്കുകയാണ് എന്നാണ് ഹൂതി സായുധ സേന പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഇതിനോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ശാശ്വത കരാറിലേക്ക് വഴിതുറക്കാന്‍ ലക്ഷ്യമിട്ടുള്ള താല്‍ക്കാലിക കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. മധ്യസ്ഥരില്‍ നിന്ന് ഇറാന് 10 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ല. അമേരിക്കയുമായുള്ള മധ്യസ്ഥ ശ്രമം പുനാരംഭിക്കാന്‍ പാകിസ്താനോട് ഇറാന്റെ ആഭ്യന്തര മന്ത്രി ഇസ്‌കന്ദര്‍ മൊമേനി ആവശ്യപ്പെട്ടതായാണ് സൂചനകള്‍. ഇറാന്റെ നഗരങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ക്കും മേഖലയിലുടനീളമുള്ള യുഎസ് സൈനിക ആസ്തികള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് നടത്തിയ ആക്രമണങ്ങള്‍ക്കും തൊട്ടുപിന്നാലെയാണ് ഈ നയതന്ത്ര നീക്കങ്ങള്‍.

എണ്ണക്കപ്പലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതായി ഇറാന്‍

സുരക്ഷിതമല്ലാത്ത പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ഞായറാഴ്ച ഇതേ പ്രദേശത്ത് രണ്ട് കപ്പലുകള്‍ അപകടത്തില്‍പ്പെട്ടതായി ഐആര്‍ജിസി അറിയിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇതിനുപുറമെ, ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായി ഒമാന്‍ തീരത്ത് ഒരു കപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായതായി യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി അറിയിച്ചു. കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകുകയാണെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഏജന്‍സി വ്യക്തമാക്കി.

കടലിടുക്കിലെ പ്രധാന ഷിപ്പിങ് പാതകളില്‍ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. തുടര്‍ച്ചയായ ഒന്‍പതാം രാത്രിയാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. ഇറാനിലെ തബ്രിസ്, ചബഹാര്‍, കൊനാരക്, ബന്ദര്‍ മഹ്ഷഹര്‍, ബന്ദര്‍ ഇമാം ഖൊമേനി എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തബ്രിസിന് തെക്കുപടിഞ്ഞാറ് ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ദാനിലെ അഖബ വിമാനത്താവളത്തിലെ യുഎസ് വിമാനങ്ങളെയും കുവൈറ്റിലെ അല്‍-അദിരി ക്യാമ്പ്, അലി അല്‍ സാലം എയര്‍ബേസ് എന്നിവിടങ്ങളിലെ സൈനിക ആസ്തികളെയും സിറിയയിലെ താവളങ്ങളെയും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ബഹ്റൈനില്‍ ഉടനീളം അപായ സൂചന മുഴങ്ങി. അതേസമയം ഇറാന്റെ ഡ്രോണുകള്‍ തങ്ങള്‍ വീണ്ടും തടഞ്ഞതായി കുവൈറ്റ് സൈന്യം അറിയിച്ചു.

കുടിവെള്ള പ്ലാന്റുകള്‍ക്ക് നേരെ ആക്രമണം

തുടര്‍ച്ചയായ രണ്ടാം ദിവസവും തങ്ങളുടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണമുണ്ടായതായും ഇത് തീപിടുത്തത്തിന് കാരണമായതായും കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഗള്‍ഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്നത് ഇത്തരം പ്ലാന്റുകളാണ്. ശനിയാഴ്ച തങ്ങളുടെ ഒരു ശുദ്ധീകരണ പ്ലാന്റിന് നേരെ അമേരിക്ക ആക്രമണം നടത്തിയതായി ആരോപിച്ച ഇറാന്‍, ഇതിന് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലെ ഇത്തരം പ്ലാന്റുകള്‍ ലക്ഷ്യമിടുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാന്റെ പ്ലാന്റിന് നേരെ അമേരിക്ക ആക്രമണം നടത്തിയ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Yemen's Houthi rebels have announced a naval blockade against Saudi Arabia, opening a new front in the ongoing US-Iran conflict. The Iran-backed group said the move was in response to Saudi actions in Yemen and warned of further escalation if US attacks on Iran's energy infrastructure continue. The development has raised concerns over global energy supplies, as disruption in the Bab el-Mandeb Strait could significantly affect oil exports. Meanwhile, diplomatic efforts to restore a ceasefire and resume US-Iran talks are reportedly underway. The conflict has also seen attacks on oil tankers, missile and drone strikes across the region, and growing concerns over the security of shipping lanes and critical infrastructure, including water desalination plants in the Gulf.