ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിനുപിന്നാലെ ടെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍. സര്‍ക്കാരില്‍നിന്ന് മറിച്ചൊരു നിര്‍ദേശം ലഭിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇറാനില്‍നിന്ന് ഇസ്രയേലിലേക്കും ശക്തമായ ആക്രമണമുണ്ടായതായും വിവരമുണ്ട്.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. നേരിട്ടോ ഇടനിലക്കാര്‍ മുഖേനെയോ അമേരിക്ക ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍, ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദി എന്നിവര്‍ ഇറാനുമായും യുഎസുമായും തുടര്‍ച്ചായി ബന്ധപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ട്രംപിന്റെ നിലപാടില്‍ അനിശ്ചിതത്വ സാധ്യതയുള്ളതിനാല്‍ ഇറാന്‍ ജനതയ്ക്കിടയിലെ ആശങ്കയും ഭീതിയുമൊഴിഞ്ഞിട്ടില്ല. ഊര്‍ജനിലയങ്ങള്‍ക്കും അനുബന്ധ കേന്ദ്രങ്ങള്‍ക്കുമെതിരെ അഞ്ച് ദിവസത്തേക്ക് ആക്രമണമുണ്ടാവില്ലെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. യുഎസ് ആക്രമണം തുടരുമെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഊര്‍ജ കേന്ദ്രങ്ങള്‍ക്കുമാത്രമാണ് ബാധകമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് കടലിടുക്ക് പിടിച്ചടക്കാനുള്ള അമേരിക്കന്‍ തന്ത്രങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കലാണ് താല്‍ക്കാലിക വെടിനിര്‍ത്തലെന്നാണഅ ഇറാന്റെ വിലയിരുത്തല്‍. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണ സാധ്യതയും ജനങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയും പടര്‍ത്തിയിരിക്കുകയാണ്. വൈദ്യുതി വിതരണ സംവിധാനത്തില്‍ തടസ്സം നേരിടേണ്ടി വന്നാല്‍ ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ട്രംപിനെ പിന്തിരിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, യുഎസില്‍ എണ്ണ സംസ്‌കരണശാലയിലുണ്ടായ വന്‍ സ്‌ഫോടനം പ്രദേശവാസികളില്‍ വലിയ ഭീതി പടര്‍ത്തി. ടെക്‌സസ് തീരത്തുള്ള പോര്‍ട്ട് ആര്‍തറിലെ വലേറോ ഓയില്‍ റിഫൈനറിയിലാണ് സ്‌ഫോടനമുണ്ടായത്. ഹൂസ്റ്റണില്‍ നിന്ന് ഏകദേശം 145 കിലോമീറ്റര്‍ അകലെയുള്ള ഈ റിഫൈനറിയിലുണ്ടായ സ്‌ഫോടനം മൂലം ആകാശത്തേക്ക് വലിയ തോതില്‍ പുക പടര്‍ന്നു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആര്‍ക്കും പരുക്കില്ലെന്നും പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും മേയര്‍ ഷാര്‍ലറ്റ് എം. മോസസ് അറിയിച്ചു. യുഎസില്‍ പലയിടത്തും അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യമുണ്ടായതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.
പ്രമുഖ ഇറാനിയന്‍ ചിന്തകനായ അഹ്‌മദ് സെയ്ദാബാദി, നിലവിലെ ഇറാനിയന്‍ സാഹചര്യങ്ങളെ 'ബ്ലൈന്‍ഡ്നെസ്സ്' എന്ന നോവലുമായി താരതമ്യം ചെയ്തു സംസാരിച്ചു. '90 കോടി ആളുകള്‍ക്ക് വൈദ്യുതി നിലച്ചാല്‍, രാജ്യം മുഴുവന്‍ ഇരുട്ടിലാകുകയും വെള്ളം, ഇന്ധനം, ഭക്ഷണം, ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ തകരുകയും ചെയ്യും'' എന്നായിരുന്നു അദ്ദേഹം നല്‍കിയ മുന്നറിയിപ്പ്. 'ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയുടെ നിയന്ത്രണം കൈവശമുള്ള അപകടകാരിയായ വ്യക്തി' എന്നും ട്രംപിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ നീക്കങ്ങള്‍ക്ക് എതിരെ ഇറാന്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും, രാജ്യത്തെ വൈദ്യുതി വിച്ഛേദിച്ചാല്‍ അതിന്റെ പ്രതിഫലം തീര്‍ച്ചയായും ഉടനടി തിരിച്ചു കിട്ടുമെന്നും ഇറാന്‍ പ്രസിഡന്റിന്റെ മകന്‍ യൂസഫ് പെസെഷ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി അടുത്ത ബന്ധമുള്ള നിയമ വിദഗ്ധനായ റെസ നസ്രി, ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ ആക്രമണങ്ങള്‍ മുന്‍കൂട്ടി പദ്ധതിയിട്ട യുദ്ധ നീക്കമാണെന്നും അമേരിക്കന്‍ രാഷ്ട്രീയ സംവിധാനത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും ആരോപിച്ചു.
രാജ്യ വ്യാപക സംവിധാനമായതിനാല്‍ ഇറാന്റെ വൈദ്യുതി ഗ്രിഡ് ചെറിയ ആക്രമണങ്ങളിലൂടെ തകര്‍ക്കുന്നത് പ്രയാസമാണെന്നാണ് ഇറാന്‍ ഊര്‍ജ്ജ വിദഗ്ധന്‍ വ്യക്തമാക്കിയിരുന്നു. ഇറാനിലെ പ്രധാന അഞ്ച് വൈദ്യുതി നിലയങ്ങള്‍ മൊത്തം ഉത്പാദനത്തിന്റെ വെറും 10 ശതമാനം മാത്രമാണ് നല്‍കുന്നത്. ഇസ്രയേലില്‍ ഇത് 50 ശതമാനം വരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Donald Trump paused attacks on Iran’s energy facilities, but uncertainty continues to worry Iranians. Tehran denied any talks with the US, while fears persist over possible future strikes and power disruptions.