International

'ആദ്യം ഭീഷണി, പിന്നെ അപേക്ഷ'; ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാമെന്ന അമേരിക്കൻ നയമാറ്റത്തെ പരിഹസിച്ച് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ തുടരുന്നത് പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്

Madism Desk

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ തുടരുന്നത് പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. പുതിയ സാഹചര്യത്തിനിടയിൽ അമേരിക്കൻ നയമാറ്റങ്ങളെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് തടയാൻ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ യു.എസ്, ഇപ്പോൾ അതേ എണ്ണ സ്രോതസിനെ ആശ്രയിക്കാൻ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് അരാഗ്ചി എക്‌സിലൂടെയായിരുന്നു പ്രതികരിച്ചു.

റഷ്യയുടെ എണ്ണ ഉപഭോക്താവായിരുന്ന ഇന്ത്യയെ, പിന്തിരിപ്പിക്കുന്നതിനായി മാസങ്ങളോളം സമ്മർദം ചെലുത്തി. എന്നാൽ, ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം രണ്ടാഴ്ചയായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ തന്നെ വാങ്ങാൻ വൈറ്റ്ഹൗസ് യാചിക്കുകയാണ്. റഷ്യയ്ക്കെതിരായ യു.എസ്. പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണെന്നും -അരാഗ്ചി എക്‌സിൽ കുറിച്ചു.

ഇന്ധന വില വർദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ താത്കാലിക ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയ്‌ക്കെതിരെ ഇറാന്റെ പരിഹാസം. ഇന്ധനവിലയിൽ വർദ്ധനവുണ്ടായതോടെ റഷ്യയ്ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന വാർത്ത പങ്കുവെച്ചാണ് അരാഗ്ചിയുടെ വിമർശനം.

അതേസമയം മേഖലയിൽ യുദ്ധം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഇതുവരെ തടസ്സം പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലേക്കുള്ള രണ്ട് എൽ.പി.ജി കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത ഒരുക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കിയത്.

English Summary: Abbas Araghchi mocked the United States over its shifting stance on Russian oil amid the escalating West Asian conflict.