യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി. മേഖലയിൽ യു.എസ് ശക്തമാക്കിക്കൊണ്ടിരിക്കുന്ന സൈനിക വിന്യാസത്തിൽ രാജ്യത്തിന് ഭയമില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയെ ഇറാന് പൂർണ വിശ്വാസമില്ല. പുതുക്കിയ ആണവ ഉടമ്പടികൾ സംബന്ധിച്ച് ഗൗരവപരമായ നിലപാടുകളാണോ യുഎസിനുള്ളത്?. ഇതിനെ സംബന്ധിച്ച് തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ഇറാന് മേൽ യുദ്ധം അടിച്ചേൽപ്പിക്കുന്ന സാഹചര്യമാണെങ്കിൽ പോലും യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്മാറില്ല, കാരണം രാജ്യത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാവണമെന്ന് നിശ്ചയിക്കാനുള്ള പരമാധികാരം മറ്റാർക്കുമല്ല, അത് ഞങ്ങളുടേത് മാത്രമാണെന്നും അരാഘ്ചി ചൂണ്ടിക്കാണിച്ചു. വിമാന വാഹിനിക്കപ്പലായ 'യുഎസ്എസ് അബ്രഹാം ലിങ്കണി'ന്റെ വരവിനെ പരാമർശിച്ച്, യുഎസിന്റെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തില്ലെന്നും അരാഘ്ചി വ്യക്തമാക്കിയിട്ടുണ്ട്
കഴിഞ്ഞ വർഷം ജൂണിൽ 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ്-ഇറാൻ ചർച്ചകൾ പുനഃരാരംഭിച്ചത്. ഒമാനിലായിരുന്നു ചർച്ച നടന്നത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകൾ അംഗീകരിക്കുന്നതിന് പകരം യുഎസ് രാജ്യത്തിനുമേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച ആവശ്യം.
English Summary: Iranian Foreign Minister Abbas Araghchi said Iran will never stop uranium enrichment and is not afraid of increased US military deployment in the region, questioning Washington’s sincerity in nuclear talks.