International

ഒമാനിലൂടെ സമാധാന വഴി തേടി അമേരിക്കയും ഇറാനും; ഹോര്‍മുസ് കടലിടുക്കില്‍ ഒത്തുതീര്‍പ്പ് ഉടന്‍

ഇറാനും ഒമാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ചരക്കുകപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്ന കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Madism Desk

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ഇറാന്‍ കരാറിലേര്‍പ്പെടുമെന്ന് റിപ്പോര്‍ട്ട്. അഞ്ചുമാസമായി തുടരുന്ന യു.എസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട അന്താരാഷ്ട്ര എണ്ണ വിതരണം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് കരാര്‍. ഇറാനും ഒമാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ചരക്കുകപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്ന കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതോടെ ഇറാനിലെ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം യു.എസ് പിന്‍വലിക്കും. എന്നാല്‍ ഇറാന്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനനുസരിച്ചായിരിക്കും യു.എസ് തീരുമാനമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കിടയിലാണ് അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാനുള്ള ഇറാന്റെ തന്ത്രപരമായ നീക്കം. ഇറാനെതിരെയുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്നും അവര്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നതിന് മുന്‍പ് ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നു. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനും അനുമതിയില്ലാതെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഇറാന്‍ മുതിര്‍ന്നതോടെ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുകയും പണപ്പെരുപ്പം രൂക്ഷമാവുകയും ചെയ്തിരുന്നു. അതിനിടെ, മേഖലയിലെ പുതിയ സൈനിക-പ്രതിരോധ ബലം ഉറപ്പാക്കാന്‍ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ വെള്ളിയാഴ്ച മക്കയില്‍ വെച്ച് സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു.

സുന്നി രാഷ്ട്രങ്ങളുടെ കവചം

മേഖലയില്‍ ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളും യുദ്ധഭീതിയും കണക്കിലെടുത്താണ് പ്രമുഖ സുന്നി രാഷ്ട്രങ്ങളായ സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നിവര്‍ പ്രതിരോധ മേഖലയില്‍ സംയുക്ത കരാറിന് ധാരണയായത്. കരാര്‍ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണമായി കണക്കാക്കും. മൂന്ന് യു.എസ് സഖ്യരാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച കരാറിനെ മേഖല വളര പ്രധാന്യത്തോടെയാണ് കാണുന്നത്.

കരാര്‍ പൂര്‍ണ്ണമായും പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും ഏതെങ്കിലും നിര്‍ദ്ദിഷ്ട രാജ്യത്തിന് എതിരല്ലെന്നും തുര്‍ക്കി വ്യക്തമാക്കി. എന്നിരുന്നാലും ഷിയാ ഭൂരിപക്ഷമുള്ള ഇറാനുമായി മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത പിരിമുറുക്കത്തിനിടയിലാണ് ഈ നീക്കം. അതേസമയം, അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ 15 കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം നടത്തിയതായും ഇതില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.

നയതന്ത്ര നീക്കങ്ങളെ പ്രതിരോധിച്ച് ഇറാന്‍ പ്രസിഡന്റ്

യു.എസുമായുള്ള സമാധാന ചര്‍ച്ചകളെ എതിര്‍ക്കുന്ന തീവ്രനിലപാടുകാര്‍ക്കെതിരെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രംഗത്തെത്തി. അമേരിക്കയുമായുള്ള ചര്‍ച്ചകളെ രാജ്യത്തെ ഭൂരിഭാഗം സൈനിക കമാന്‍ഡര്‍മാരും പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം സര്‍ക്കാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ചൈനയാണ്, എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ തമ്മില്‍ യുദ്ധം ചെയ്യാത്തത്? കാരണം ചൈന അവരുടെ വഴിയേ പോയി ദിനംപ്രതി കൂടുതല്‍ ശക്തരാകുന്നു. ചര്‍ച്ചകളിലൂടെ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമ്പോള്‍ എന്തുകൊണ്ട് നമ്മുക്ക് അത് ചെയ്തുകൂടാ?' പെസഷ്‌കിയാന്‍ ചോദിച്ചു. അതേസമയം, തെക്കന്‍ ലബനനില്‍ ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനും യു.എസ് മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നുണ്ട്.

Iran is reportedly close to reaching an agreement with Oman to restore safe commercial shipping through the strategically vital Strait of Hormuz, which has been disrupted by the five-month-long US-Iran war. A senior US official said talks between Iran and Oman are making progress and that an agreement could soon take effect to ensure the smooth passage of cargo vessels. The US may lift sanctions on Iranian ports if Tehran fulfils its commitments. Before the conflict, around one-fifth of the world’s oil supply passed through the Strait of Hormuz, and disruptions have pushed up global fuel prices and inflation. Meanwhile, Saudi Arabia, Türkiye and Pakistan have signed a joint defence pact, under which an attack on one member would be considered an attack on all three. Iranian President Masoud Pezeshkian has also defended diplomatic engagement with Washington, saying negotiations could help Iran secure its rights.