International

യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ; ട്രംപിന് മുന്നിൽ മൂന്ന് ഉപാധികൾ

ഇറാനെതിരെ ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ടെഹ്റാൻ

Madism Desk

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ. അമേരിക്കയും ഇസ്രയേലും തങ്ങളുടെ മൂന്ന് ഉപാധികൾ അം​ഗീകരിച്ചാൽ മാത്രമാകും ഇത് സാധ്യമാവുകയെന്ന് ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഇറാൻ പരമാധികാരത്തിന് മേൽ കടന്നുകയറാൻ പാടില്ല, നിലവിൽ യുദ്ധം സൃഷ്ടിച്ചിരിക്കുന്ന എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകണം. ഭാവിയിൽ ഇറാനുമായി സം​ഘർഷമുണ്ടാവാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉടമ്പടി എന്നിവയാണ് ടെഹ്റാന്റെ ആവശ്യം. റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് സംസാരിക്കുന്നതിനിടെയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധതയും ഉപാധികളും മുന്നോട്ടുവെച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഏക മാർ​ഗം ഇറാന്റെ പരമാധികാരത്തെ ഇസ്രയേൽ ഭരണകൂടവും അമേരിക്കയും അം​ഗീകരിക്കുകയെന്നത് മാത്രമാണ്. അവർ തുടങ്ങിവെച്ച ഈ യുദ്ധം മറ്റൊരു മാർ​ഗത്തിൽ അവസാനിക്കില്ല, മറുവശത്ത് മേഖലയിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതിബദ്ധത ഞാൻ ഉറപ്പാക്കുകയും ചെയ്യുമെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഇറാനെതിരെ ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ടെഹ്റാൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയാണ് ഐക്യരാഷ്ട്രസഭ നിലപാട് സ്വീകരിച്ചത്. പ്രമേയത്തിൽ നിന്ന് റഷ്യയും ചൈനയും വിട്ടു നിന്നു.

അതേസമയം ഹോർമൂസ് കടലിടുക്ക് ആയുദ്ധമായി ഉപയോ​ഗിച്ച് ലോകത്തിലെ ഇന്ധന വിതരണം പൂർണമായും തകർക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഹോർമൂസ് വഴി ഒരൊറ്റ കപ്പൽ പോലും എണ്ണയുമായി കടന്നുപോകില്ലെന്ന് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹോർമൂസിലെ നീക്കം തുടർന്നാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ രണ്ട് എണ്ണക്കപ്പലുകൾ ഹോർമൂസ് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു.

English Summary: Masoud Pezeshkian said Iran is ready to end the West Asia conflict if its three conditions are accepted by United States and Israel. The demands include respecting Iran’s sovereignty, compensation for war damages, and an international agreement to prevent future conflicts, while Donald Trump warned Tehran against disrupting oil flow through the Strait of Hormuz.