International

പ്രത്യാക്രമണം തുടങ്ങി ഇറാന്‍; ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചു

പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകി

Madism Desk

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ​ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചായിരുന്നു ഇറാന്‍റെ മറുപടി. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തിയിട്ടുണ്ട്. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസില്‍ ഇറാന്റെ മിസൈൽ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ബേസിന് നേരെയും, സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈറൺ മുഴക്കികൊണ്ട് കുവൈത്തിലെ ജനങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് നൽകി.

അവശ്യ സാധനങ്ങൾ കരുതുന്നതിനും ജനലുകൾ ഇല്ലാത്ത മുറികളിൽ സുരക്ഷിതരായിരിക്കുവാനും ബഹ്റൈൻ നിർദേശം നൽകി. അതേസമയം ഖത്തറിലേക്ക് എത്തിയ മിസെൽ തടഞ്ഞതായും വിവരങ്ങളുണ്ട്. ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു ബഹ്റൈൻ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തങ്ങൾക്കും പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകി. ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെയും ആശങ്കയിലാഴ്ത്തുന്നതാണ്. മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്.

ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യ പ്രതികരണത്തിൽ നടത്തിയത് ഇറാനുള്ള മുന്നറിയിപ്പായാണ്. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖുമൈനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്നതിനുള്ള നീക്കമായാണ് നെതന്യാഹു തുറന്നടിച്ചത്. ടെഹ്‌റാൻ നഗരം ഞെട്ടിവിറച്ചതിന് പിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി സ്വന്തം ഭാവി കൈകളിലെടുക്കണമെന്ന് നെതന്യാഹു ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ റോറിംഗ് ലയൺ (Operation Roaring Lion) എന്ന് പേരിട്ടിരിക്കുന്ന ഈ ഇസ്രായേൽ സൈനിക നടപടിക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരെ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായും, ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാത്ത പക്ഷം ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇത് ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ അത്യാധുനിക ബി-2 ബോംബറുകളും യുദ്ധക്കപ്പലുകളും കൂടി ആക്രമണത്തിൽ പങ്കുചേർന്നതോടെ ഇറാൻറെ മിസൈൽ പ്രഹരശേഷി ഗണ്യമായി കുറഞ്ഞതായാണ് വാർത്തകൾ എത്തുന്നത്.

ഈ ആക്രമണത്തിൽ ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് നെതന്യാഹു നന്ദി പറഞ്ഞു. ലോകത്തെ ഏറ്റവും അപകടകരമായ ഭീകര ഭരണകൂടമാണ് ഇറാന്റേതെന്നും, മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

English Summary: Iran launched retaliatory missile strikes on US military bases across Gulf countries including Bahrain, Kuwait, Saudi Arabia, Qatar, and the UAE following Israeli attacks. The escalation has heightened tensions across West Asia, with strong reactions from Israel and the United States, raising concerns for regional stability and expatriate populations.