പശ്ചിമേഷ്യയിലെ ഇറാന്‍ - യുഎസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന സുചന നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇന്ധന ക്ഷാമത്തിലേക്കും തള്ളിവിട്ട സംഘര്‍ഷത്തില്‍ അലയൊലികള്‍ അടങ്ങാതെ തുടരുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പുതിയ പ്രതികരണം. യുദ്ധത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇറാന്‍ പ്രസിഡന്റ് പറയുന്നത്.
കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കൂട്ടായ്മയുടെ യോഗത്തിനിടെയാണ് പെസെഷ്‌കിയാന്‍ ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയിട്ടും അമേരിക്ക 'പ്രതിബദ്ധതകള്‍ നിറവേറ്റിയിട്ടില്ല' എന്ന ആക്ഷേപം ഇറാന്‍ ഉയര്‍ത്തുന്നതിനിടെയാണ് പ്രതികരണം. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ടെഹ്റാന്‍ ഇപ്പോഴും ചര്‍ച്ചയിലൂടെയുള്ള ഒരു പരിഹാരം തേടുന്നു എന്നാണ് പെസഷ്‌കിയാന്‍ വ്യക്തമാക്കുന്നു.
ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെസഷ്‌കിയാന്‍ നടത്തിയ കൂടിക്കാഴ്ച വാര്‍ത്ത തസ്‌നിം വാര്‍ത്താ ഏജന്‍സി പങ്കുവച്ചിരുന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഈ റിപ്പോര്‍ട്ടിലും പെസഷ്‌കിയാന്‍ യുദ്ധം തങ്ങളുടെ താത്പര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയതായി പറയുന്നു. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം സംഭാഷണവും സഹകരണവുമാണെന്ന് ഇറാന്‍ പ്രസിഡന്റ് മോദിയെ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ മുന്നോട്ടുവച്ച ധാരണകള്‍ പൂര്‍ത്തിയാക്കുന്നതിസല്‍ അമേരിക്ക പരാജയപ്പെട്ടു എന്നും പെസെഷ്‌കിയന്‍ മോദിയെ അറിയിച്ചു. ഇറാനിയന്‍ തുറമുഖങ്ങളുടെ ഉപരോധം തുടരുകയാണ്. ലോകത്തെ വിവിധ ഇടങ്ങളില്‍ മരവിപ്പിച്ചിരിക്കുന്ന ഇറാനിയന്‍ ആസ്തികള്‍ കൈവശം വയ്ക്കുകയും ചെയ്യാനാണ് അമേരിക്കയുടെ ലക്ഷ്യം എന്നും പെസഷ്‌കിയാന്‍ മോദിയെ ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
"ഇരുനേതാക്കളും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഇരുനേതാക്കളും പങ്കുവെച്ചു. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണം എന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് ആവർത്തിക്കുകയും ചെയ്തു." വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Iranian President Masoud Pezeshkian has indicated that Iran is willing to seek a diplomatic end to its conflict with the United States. His remarks come as the ongoing tensions continue to affect the global economy, fuel supplies and energy markets. Pezeshkian said Iran wants to bring the conflict to an end through diplomacy, raising hopes for a possible de-escalation in the region.