അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധം നാലാം ദിനവും തുടരുകയാണ്. നിലവിലെ അവസ്ഥയില്‍ യുദ്ധം പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം പരിധിക്ക് താഴെപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പെന്റഗൺ. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യുഎസ് സൈനിക കരുത്തിനെക്കുറിച്ച് നിര്‍ണായക ആശങ്കകള്‍ ഉയർത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ.
മിസൈലുകൾ തകർക്കാൻ ഉപയോഗിക്കുന്ന 'താഡ്', 'എസ്.എം-3' (SM-3) തുടങ്ങിയ പ്രതിരോധ മിസൈലുകളുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആയുധ ഉൽപ്പാദനക്ഷമതയിൽ ഇറാൻ നേടിയ വേഗത അമേരിക്കയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. ഇറാൻ പ്രതിമാസം നൂറിലധികം മിസൈലുകൾ നിർമിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയ്ക്ക് പ്രതിമാസം പരമാവധി ഏഴ് പ്രതിരോധ മിസൈലുകൾ മാത്രമാണ് നിർമിക്കാൻ സാധിക്കുന്നത് എന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഹ്രസ്വകാല ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി റഷ്യ, ചൈന തുടങ്ങിയ ലോക ശക്തികളിൽ നിന്നും രൂപകൽപ്പന ചെയ്ത അമേരിക്കൻ മിസൈൽ കവചങ്ങൾക്ക്, ഇറാന്റെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളെ നേരിടാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നതും വിദഗ്ധർ വിലയിരുത്തുന്നു.
എന്നാൽ ആയുധശേഖരം കുറവാണെന്ന തരത്തിലുള്ള പെന്റഗണിന്റെയും, സൈനിക മേധാവി ജനറൽ ഡാൻ കെയ്‌നിന്റെയും, മുന്നറിയിപ്പുകളെ മുഖവിലക്കെടുക്കാത്ത നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. അമേരിക്കയുടെ ആയുധശേഖരത്തിലെ എണ്ണമറ്റ ആയുധങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാൻ സാധ്യമാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, യുദ്ധം നീണ്ടു പോകുന്ന സാഹചര്യമുണ്ടായാൽ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും ആയുധക്ഷാമത്തിനും കാരണമാകുമെന്ന ആശങ്കയിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്കയുടെ പ്രതിരോധ വക്താക്കൾ.
English Summary: As the joint U.S.–Israel war against Iran enters its fourth day, leaked Pentagon reports warn of potential weapons shortages and heavy economic strain if the conflict continues. Critical missile defense systems like THAAD and SM-3 could face depletion, while former President Donald Trump insists the U.S. can sustain prolonged warfare despite military concerns.