അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെന അന്താരാഷ്ട്ര ജലപാതയില്‍ വെച്ച് ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാൻ. കടലിൽ വെച്ച് നടന്ന ക്രൂരതക്ക് ഇറാൻ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുമായുള്ള സൗഹൃദ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ഐആർഐഎസ് ദെന ആക്രമിക്കപ്പെട്ടത്. 130 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ഇറാൻ തീരങ്ങളിൽ നിന്നും ദൂരെ മാറിയാണ് അമേരിക്കൻ സേന കപ്പലിനെ ആക്രമിച്ചതെന്നും സയ്യിദ് അബ്ബാസ് അരാക്ച്ചി ആരോപിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഈ കീഴ്വഴക്കങ്ങളിൽ ഒട്ടും വൈകാതെ തന്നെ അമേരിക്കയ്ക്ക് ഖേദിക്കേണ്ടി വരുമെന്നും അരാക്ച്ചി പറഞ്ഞു. ഇറാൻ തീരത്ത് നിന്നും ഏറെ ദൂരെയുള്ള അന്താരാഷ്ട്ര ജലപാതയിൽ വെച്ച് തങ്ങളുടെ കപ്പലിനെ ആക്രമിച്ചത് വളരെ പ്രകോപനപരമാണ്. ഇതിനു തക്കതായ മറുപടി നൽകാൻ ഇറാന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഇറാന്റെ പ്രധാന യുദ്ധക്കപ്പലുകളിലൊന്ന് തന്നെ തകർക്കപ്പെട്ടത് ഈ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നതിലേക്ക് നയിക്കും.
ശ്രീലങ്കൻ തീരത്തിന് സമീപത്തു വെച്ച് അമേരിക്ക ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പലിൽ നിന്നും 87 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 32 പേരെ ലങ്കൻ നാവികസേന രക്ഷിച്ചിരുന്നു. അമേരിക്കൻ സൈനിക അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ ആണ് ഐആർഐഎസ് ദേനയെ തകർത്തത്. വിശാഖപട്ടണത്ത് നടന്ന സൈനിക അഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പൽ തകർത്തതിനെ സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകരുന്നത്. ബുധനാഴ്ചയായിരുന്നു ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ച് ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ആക്രമണം.
English Summary: Iran has warned the United States of severe retaliation after its advanced warship IRIS Dena was allegedly destroyed by a US submarine torpedo in international waters near Sri Lanka. Tehran called the attack a grave provocation and violation of international law, stating that it will respond decisively.