International

വാണിജ്യത്തിന്റെ മറവിലെ നയതന്ത്രം? ഇന്തോനേഷ്യയില്‍ ഇസ്രായേലി ബിസിനസ് ശൃംഖലകള്‍ വ്യാപിക്കുന്നുവെന്ന് വിമര്‍ശനം

ഇസ്രായേല്‍ സൈന്യവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് വ്യക്തികള്‍ യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്തോനേഷ്യയില്‍ ലക്ഷ്വറി വില്ല ബിസിനസ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

Madism Desk

ഇന്തോനേഷ്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപിച്ച് ഇസ്രായേലി കമ്പനികള്‍. ദശാബ്ദങ്ങളായി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണയ്ക്കുകയും ഇസ്രായേലിനെ നയതന്ത്രപരമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഇന്തോനേഷ്യന്‍ നയത്തിന് വിരുദ്ധമാണ് ഈ നിശ്ശബ്ദ കടന്നുകയറ്റം. വാണിജ്യ ശൃംഖലകളെ ഉപയോഗപ്പെടുത്തിയാണ് ഇസ്രായേല്‍ കമ്പനികളുടെ വ്യാപനമെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അധിനിവേശത്തെയും കോളനിവല്‍ക്കരണത്തെയും എതിര്‍ത്ത ഇന്തോനേഷ്യ ഫലസ്തീന്‍ പോരാട്ടത്തിനുള്ള പിന്തുണ തുടരുകയാണ് ചെയ്തത്.

വാണിജ്യ താല്‍പ്പര്യങ്ങളും ലംഘിക്കപ്പെടുന്ന നയങ്ങളും

സ്വിഫ്റ്റ് ഓപ്റ്റിക്‌സ് പോലുള്ള ഇസ്രായേലി ബ്രാന്‍ഡുകള്‍ നിയാസ്, ബാലി, ലോംബോക് തുടങ്ങിയ ഇന്തോനേഷ്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ ഉപയോഗിച്ച് പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുണ്ട്. സ്വിഫ്റ്റ് ഓപ്റ്റിക്‌സിന്റെ വൈസ് പ്രസിഡന്റായ യഹോനാഥന്‍ ദാദോന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഫലസ്തീനികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, ഇന്തോനേഷ്യയിലെ ഇസ്രായേലി കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെ വെറുമൊരു സാധാരണ ബിസിനസായി കണ്ട് തള്ളിക്കളയാനാവില്ലെന്നാണ് പൊതുവേയുള്ള വിമര്‍ശനം.

ഇമിഗ്രേഷന്‍ സംവിധാനത്തിലെ പാളിച്ചകള്‍

ഇന്തോനേഷ്യ ഇസ്രായേലിനെ അംഗീകരിക്കാത്തതിനാല്‍ തന്നെ മറ്റ് പല രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ലഭ്യമാകുന്ന സാധാരണ വിസ സൗകര്യങ്ങള്‍ ഇസ്രായേലി പൗരന്മാര്‍ക്ക് ലഭിക്കില്ല. പകരം, ഇന്തോനേഷ്യ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 'കോളിങ് വിസ' എന്ന കൂടുതല്‍ കര്‍ശനമായ പ്രക്രിയയിലൂടെ മാത്രമേ അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. എന്നാല്‍, ഈ വ്യവസ്ഥയെ മറികടക്കാന്‍ മറ്റൊരു വഴിയുണ്ട്. പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളുള്ള ഇസ്രായേലി പൗരന്മാര്‍ക്ക് ആ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്തോനേഷ്യയില്‍ പ്രവേശിക്കാം ബിസിനസ് ചെയ്യാം. അതായത് അവരുടെ ഇസ്രായേലി പൗരത്വം ഇന്തോനേഷ്യന്‍ ഇമിഗ്രേഷന്‍ രേഖകളില്‍ കാണണമെന്നില്ല.

ഇസ്രായേല്‍ സൈന്യവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് വ്യക്തികള്‍ യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്തോനേഷ്യയില്‍ ലക്ഷ്വറി വില്ല ബിസിനസ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ ഇസ്രായേലി പശ്ചാത്തലം ഇന്തോനേഷ്യന്‍ രേഖകളില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. പൗരത്വവും വാണിജ്യ പ്രവര്‍ത്തനങ്ങളും വ്യത്യസ്ത രേഖകളിലൂടെയും കോര്‍പ്പറേറ്റ് ക്രമീകരണങ്ങളിലൂടെയും വേര്‍തിരിക്കപ്പെടുമ്പോള്‍ ഇന്തോനേഷ്യയുടെ നിയന്ത്രണങ്ങള്‍ എങ്ങനെ ദുര്‍ബലപ്പെടുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

സാംസ്‌കാരിക ചൂഷണവും അനന്തരഫലങ്ങളും

നയതന്ത്ര ബന്ധമില്ലെങ്കിലും വാണിജ്യപരമായി സ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രമാണ് ഇവിടെ നടപ്പാകുന്നത്. ഇസ്രായേലി ബ്രാന്‍ഡുകള്‍ ഇന്തോനേഷ്യന്‍ വിപണിയിലും സോഷ്യല്‍ മീഡിയയിലും സജീവമാകുന്നതോടെ അവര്‍ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രായോഗിക സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഇത്തരം കമ്പനികള്‍ ഇന്തോനേഷ്യയുടെ പ്രകൃതിദത്തവും സാംസ്‌കാരികവുമായ സമ്പത്ത് തങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും രാജ്യത്തിനകത്ത് നിന്നും ഉയരുന്നുണ്ട്.

പരസ്യം, ബിസിനസ് പങ്കാളിത്തം, നിക്ഷേപം, മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്തോനേഷ്യയിലെ ഇസ്രായേലി വാണിജ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി സര്‍ക്കാര്‍ അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. വിദേശ പാസ്പോര്‍ട്ടുകള്‍, കോര്‍പ്പറേറ്റ് ഘടനകള്‍, പ്രാദേശിക പങ്കാളിത്തങ്ങള്‍എന്നിവയിലൂടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിര്‍ണ്ണയിക്കണം. ഇന്തോനേഷ്യന്‍ അധികാരികള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും വേണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടു.

ഏതൊക്കെ വിദേശ കമ്പനികളാണ് തങ്ങളുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും ആ കമ്പനികള്‍ എവിടെ നിന്നാണ് വരുന്നതെന്നും ബിസിനസ് വിപുലീകരിക്കുന്നതിനായി അവര്‍ ഇന്തോനേഷ്യയുടെ ഭൂപ്രദേശവും വിഭവങ്ങളും എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും അറിയാന്‍ ഇന്തോനേഷ്യന്‍ ജനതയ്ക്ക് അവകാശമുണ്ട്. ടൂറിസം വികസനത്തിനോ സര്‍ഗ്ഗാത്മക മുന്നേറ്റത്തിനോ ഇസ്രായേലി കമ്പനികളുടെ സഹായം ഇന്തോനേഷ്യയ്ക്ക് ആവശ്യമില്ല. ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്ന ശക്തമായ രാഷ്ട്രീയ നിലപാട് നയതന്ത്ര തലത്തില്‍ മാത്രമല്ല, വാണിജ്യ നയങ്ങളിലും ഇന്തോനേഷ്യ വ്യക്തമായി പ്രതിഫലിപ്പിക്കേണ്ടതുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

Israeli companies are reportedly expanding their commercial activities in Indonesia through business networks, advertising, investments and local partnerships, despite Indonesia’s longstanding refusal to establish diplomatic relations with Israel and its support for the Palestinian cause. A Middle East Monitor report highlights the growing presence of Israeli brands such as Swift Optics in tourist destinations including Nias, Bali and Lombok, where content creators have reportedly been used for promotional campaigns. Critics argue that such commercial activity could create greater public acceptance of Israeli businesses and indirectly contribute to the normalisation of bilateral ties.