International

ഈജിപ്തും 'മക്ക പ്രതിരോധ കരാറി'ലേയ്ക്ക്, കൂടുതല്‍ രാജ്യങ്ങളെ ക്ഷണിച്ച് തുര്‍ക്കി; നാറ്റോ മാതൃകയില്‍ സംയുക്ത സഖ്യം

നാറ്റോയുടെ 'ആര്‍ട്ടിക്കിള്‍ 5' മാതൃകയിലാണ് സംഖ്യത്തിന്റെ പ്രവര്‍ത്തനം. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി മന്ത്രിതല കമ്മിറ്റി, രാഷ്ട്രീയ-സൈനിക സമിതികള്‍, സ്ഥിരം സെക്രട്ടേറിയറ്റ് എന്നിവയുണ്ടാകും. സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം സൗദി അറേബ്യയായിരിക്കും

Madism Desk

നാറ്റോ മാതൃകയില്‍ മിഡില്‍ ഈസ്റ്റില്‍ രൂപീകരിച്ച സംയുക്ത പ്രതിരോധ സഖ്യത്തില്‍ ഈജിപ്തും അംഗമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ സുന്നി രാഷ്ട്രങ്ങളാണ് 'മക്ക സംയുക്ത പ്രതിരോധ കരാര്‍' എന്ന് വിളിക്കുന്ന കരാറില്‍ അംഗങ്ങള്‍. ഇതിലേയ്ക്ക് ഈജിപ്തും ചേരുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍ വ്യക്തമാക്കി. പ്രാദേശിക സുരക്ഷാ സഖ്യം വിപുലീകരിക്കാനാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ രാജ്യങ്ങളെ ഈ കുടക്കീഴില്‍ കൊണ്ടുവരാനാണ് പദ്ധതിയെന്നും നിരവധി രാജ്യങ്ങള്‍ ഇതില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാറ്റോ മാതൃകയില്‍ കരാര്‍

ഓഗസ്റ്റ് ഏഴിനാണ് തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ചരിത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ എല്ലാ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന സംയുക്ത പ്രതിരോധ കരാറാണിത്. സൈനിക സഹകരണം, സംയുക്ത ആസൂത്രണം, പ്രതിരോധ ഏകോപനം എന്നിവ ഉറപ്പുനല്‍കുന്ന കരാറില്‍ സ്ഥാപക രാജ്യങ്ങളുടെ സമ്മതത്തോടെ പുതിയ അംഗങ്ങള്‍ക്ക് ചേരാനുള്ള വ്യവസ്ഥയുമുണ്ട്. പങ്കാളിത്ത രാജ്യങ്ങളുമായി ഏകദേശം മൂന്ന് വര്‍ഷമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളുടെ ഫലമാണ് ഈ കരാറെന്ന് വിശദീകരിച്ച ഫിദാന്‍, മേഖലയിലെ സ്ഥിരതയ്ക്കും സമൃദ്ധിക്കും ഇത്തരമൊരു കൂട്ടായ സംവിധാനം അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

നാറ്റോയുടെ 'ആര്‍ട്ടിക്കിള്‍ 5' മാതൃകയിലാണ് സംഖ്യത്തിന്റെ പ്രവര്‍ത്തനം. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി മന്ത്രിതല കമ്മിറ്റി, രാഷ്ട്രീയ-സൈനിക സമിതികള്‍, സ്ഥിരം സെക്രട്ടേറിയറ്റ് എന്നിവയുണ്ടാകും. സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം സൗദി അറേബ്യയായിരിക്കും. സംയുക്ത സൈനിക പരിശീലന പരിപാടികളും കരാറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ സഖ്യം ഇറാന് എതിരാണെന്ന പ്രചാരണങ്ങള്‍ തള്ളിയ ഫിദാന്‍, പൂര്‍ണ്ണമായും പ്രതിരോധ അധിഷ്ഠിതമായ സഖ്യം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞു. അകത്തുനിന്നോ പുറത്തുനിന്നോ ആക്രമണം ഉണ്ടാകാത്തിടത്തോളം സൈനിക നടപടികളിലേക്ക് കടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും തങ്ങളെ ആക്രമിക്കാത്ത ഒരു രാജ്യവും തങ്ങളുടെ ശത്രുക്കളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ചര്‍ച്ചകളിലൂടെ ഇറാനിലെ അധികാരികള്‍ക്ക് ഈ നീക്കത്തെക്കുറിച്ച് ധാരണയുണ്ടെന്നും ആവശ്യമെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ തുര്‍ക്കി തയ്യാറാണെന്നും ഫിദാന്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കും ഗാസയും

ഹോര്‍മുസ് കടലിടുക്ക് വഴി സമുദ്രഗതാഗതം താല്‍ക്കാലികമായെങ്കിലും പുനരാരംഭിക്കുക എന്നതാണ് നിലവിലെ ഏറ്റവും വലിയ മുന്‍ഗണനയെന്നും ഫിദാന്‍ പറഞ്ഞു. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ഒമാനും ഇറാനും തമ്മിലുള്ള നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഉടന്‍ തന്നെ അന്തിമ കരാറിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്ത്രപ്രധാനമായ ഈ കപ്പല്‍പ്പാത എത്രയും വേഗം തുറക്കാനാണ് പ്രാദേശിക രാജ്യങ്ങളും യു.എസ്, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്ന് ഫിദാന്‍ കൂട്ടിച്ചേര്‍ത്തു.

ഗാസ പ്രതിസന്ധിയിലും ഫിദാന്‍ തുര്‍ക്കിയുടെ നിലപാട് വ്യക്തമാക്കി. ആയുധം വെച്ചെഴിയുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഹമാസ് അംഗീകരിച്ചിട്ടും സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതില്‍ ഇസ്രായേല്‍ തടസ്സം നില്‍ക്കുകയാണെന്ന് ഫിദാന്‍ ആരോപിച്ചു. ഗാസയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുകയാണ് ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യമെന്നും അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടലിനെയാണെന്നും ഫിദാന്‍ കൂട്ടിച്ചേര്‍ത്തു.

കരിങ്കടലിലെ സുരക്ഷയെക്കുറിച്ച് സംസാരിക്കവേ, ആക്രമണങ്ങള്‍ സൈനിക ലക്ഷ്യങ്ങളില്‍ നിന്ന് വാണിജ്യ കപ്പലുകളിലേക്ക് പടര്‍ന്നിരിക്കുകയാണെന്ന് ഫിദാന്‍ മുന്നറിയിപ്പ് നല്‍കി. തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ളതും തുര്‍ക്കി പതാകയേന്തിയതുമായ വ്യാപാരി കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ റഷ്യയോടും യുക്രെയ്‌നോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഫിദാന്‍ പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ വിനാശകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സ്ഥിതി വഷളാക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.

Turkey is seeking to expand a NATO-style joint defence alliance in the Middle East, with Egypt expected to join the newly established “Mecca Joint Defence Pact” formed by Turkey, Saudi Arabia and Pakistan. Turkish Foreign Minister Hakan Fidan said several other countries have also shown interest in joining the alliance, which operates on a collective-defence principle similar to NATO’s Article 5. Fidan rejected claims that the alliance is aimed at Iran, stressing that it is purely defensive. He also discussed efforts to reopen shipping through the Strait of Hormuz, the Gaza crisis, attacks on commercial vessels in the Black Sea and the worsening Russia-Ukraine war.