International

പ്രളയച്ചുഴിയിൽ നേപ്പാൾ; 1,243 മരണം, 4,875 പേരെ കാണാനില്ല, ആഗോളതാപനത്തിന്റെ ഇരകളെന്ന് ബലേൻ ഷാ

ടിബറ്റ്-ചൈന അതിർത്തിയിലെ ആശയവിനിമയ സംവിധാനങ്ങൾ താറുമാറായത് ബന്ധുക്കളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Madism Desk

കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ നേപ്പാളിൽ മരിച്ചവരുടെ എണ്ണം 1,243 ആയി. രക്ഷാപ്രവർത്തനം സജീവമായി തുടരുമ്പോഴും 4,875ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വ്യവസായവൽക്കരിക്കപ്പെട്ട രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺ ബഹിർഗമനവും അതുവഴിയുണ്ടാകുന്ന ആഗോളതാപനവുമാണ് ഈ ദുരന്തത്തിന് പ്രധാന കാരണമെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ കുറ്റപ്പെടുത്തി. ദുരന്തത്തിന് ഒരാഴ്ചയ്ക്ക് ശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് നാലാം തവണ മാത്രമാണ് പ്രധാനമന്ത്രി പാർലമെന്റിലെത്തുന്നത്.

കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ബോടേകോശി നദിയുടെ തീരങ്ങളിലെ തുരങ്കങ്ങളിലും ഭൂ​ഗർഭ പവർഹൗസുകളിലും ഊർജിതമായി തുടരുകയാണ്. അതിനിടെ മഹാരാഷ്ട്രയിലെ താനെയിൽ നിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ പത്ത് തീർത്ഥാടകരെയും പ്രളയത്തിന് ശേഷം കാണാതായിട്ടുണ്ട്. ടിബറ്റ്-ചൈന അതിർത്തിയിലെ ആശയവിനിമയ സംവിധാനങ്ങൾ താറുമാറായത് ബന്ധുക്കളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഓ​ഗസ്റ്റ് 26ന് രാവിലെ 8.37ന് ഒരു ഹിമാനിയുടെ തകർച്ചയെ തുടർന്നാണ് ഈ പ്രളയം ഉണ്ടായത്. എന്നാൽ ഇതിന്റെ മുന്നറിയിപ്പ് നൽകാൻ 38 മിനിറ്റോളം വൈകി 9.15നാണ് അലർട്ട് നൽകിയതെന്നാണ് വിവരം. ഇത് നാശനഷ്ടങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു. എങ്കിലും വിവരമറിഞ്ഞയുടൻ തന്നെ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി രക്ഷാപ്രവർത്തനത്തിലേക്ക് കടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തിന് പിന്നാലെ നേപ്പാൾ സൈന്യവും പൊലീസും സായുധ സേനയും നടത്തിയ ഇടപെടലുകൾ വഴി 13,000-ത്തിലധികം ആളുകളെ സുരക്ഷിതമായി രക്ഷിക്കാൻ സാധിച്ചു. എന്നാൽ, കനത്ത ചെളിയോടൊപ്പം വെള്ളം കുതിച്ചെത്തിയ തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനം അത്യന്തം ദുഷ്കരമാണെന്നും, ഇത്തരം പ്രതിസന്ധികളെ പൂർണ്ണമായി മറികടക്കാൻ നിലവിൽ സാങ്കേതികവിദ്യ ലഭ്യമല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തബാധിതരെ സഹായിക്കാനായി ഇന്ത്യയുടെ ഭാ​ഗത്ത് നിന്നുള്ള അഞ്ചാമത്തെ വ്യോമസേന വിമാനവും അഞ്ച് ടണ്ണിലധികം വരുന്ന അവശ്യ മരുന്നുകളും 11 അം​ഗ പ്രത്യേക രക്ഷാപ്രവർത്തക സംഘവും ആറ് ടൺ രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി നേപ്പാളിലെത്തിയിട്ടുണ്ട്. ഇതുവരെ 166 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായും അധികൃതർ അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ കൃത്യമായ നിയമ-ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച്, ഭാവിയിൽ ബന്ധുക്കൾ അന്വേഷിച്ചെത്തിയാൽ തിരിച്ചറിയാനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് ഇപ്പോൾ സംസ്കരിക്കുന്നത്.

വ്യവസായവത്ക്കരിക്കപ്പെട്ട വൻകിട രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺ ബഹിർ​ഗമനവും അതുണ്ടാക്കുന്ന ആ​ഗോളതാപനവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, ഹിമാലയൻ മേഖലകളിൽ തുടർച്ചയായി നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളും അണക്കെട്ടുകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയൊരു ഇര നേപ്പാളിലെ ജനങ്ങളാണെന്ന് ബലേൻ ഷാ പറഞ്ഞു. അതിനാൽ ഈ നാശനഷ്ടങ്ങൾക്ക് ആഗോള സമൂഹത്തിൽ നിന്ന് നീതി ലഭിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ശക്തമായി ഉന്നയിക്കുമെന്നും, പുനരധിവാസ പ്രവർത്തനങ്ങൾക്കായി ലോകരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

The death toll from the devastating flash floods in Nepal has climbed to 1,243, with nearly 4,875 people still missing. The disaster, triggered by a glacier collapse, caused widespread destruction across three districts near Kathmandu. Nepal Prime Minister Balendra Shah addressed Parliament, attributing the tragedy to global warming and carbon emissions from industrialized nations. He stated that Nepal would seek justice and support for rehabilitation from the international community. Despite a 38-minute delay in disaster alerts, security forces quickly mobilized, rescuing over 13,000 individuals. India has provided significant humanitarian aid, dispatching a fifth batch of medical supplies and specialized rescue teams. Search operations continue in treacherous conditions, particularly in tunnels and underground powerhouses.