International

ഇസ്രായേലില്‍ നെതന്യാഹുവിന് തിരിച്ചടി; ഭൂരിപക്ഷം ലഭിച്ചില്ല, വോട്ട് തട്ടിയെടുത്തു എന്ന് ലിക്വിഡ് പാര്‍ട്ടി

120 അംഗങ്ങളുള്ള നെസറ്റില്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന പ്രതിപക്ഷ മുന്നണി 48 സീറ്റുകള്‍ നേടിയപ്പോള്‍ അറബ് പാര്‍ട്ടികളുടെ സഖ്യം 19 സീറ്റുകള്‍ സ്വന്തമാക്കി

Madism Desk

ഇസ്രായേല്‍ പാര്‍ലമെന്റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നപ്പോള്‍, കേവല ഭൂരിപക്ഷം തികയ്ക്കാനാകാതെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്വിഡ് പാര്‍ട്ടി മാറിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ തികയ്ക്കാന്‍ കഴിയാത്തത് നെതന്യാഹുവിന് തിരിച്ചടിയായി. അതേസമയം, വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും തെരഞ്ഞെടുപ്പ് തട്ടിയെടുക്കപ്പെട്ടതായും ആരോപിച്ചു നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി രംഗത്തെത്തിയത് രാഷ്ട്രീയ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്.

120 അംഗങ്ങളുള്ള നെസറ്റില്‍ (പാര്‍ലമെന്റ്) നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. 27 സീറ്റുകള്‍ നേടിയ ലിക്വിഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടര്‍ന്നു. മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന പ്രതിപക്ഷ മുന്നണി 48 സീറ്റുകള്‍ നേടിയപ്പോള്‍ അറബ് പാര്‍ട്ടികളുടെ സഖ്യം 19 സീറ്റുകള്‍ സ്വന്തമാക്കി. മുന്‍ പാര്‍ലമെന്റില്‍ 68 സീറ്റുകളോടെ ശക്തമായ ഭരണത്തിലായിരുന്ന നെതന്യാഹു സഖ്യത്തിന് ഇത്തവണ 53 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നത് വലിയ തകര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പ് തട്ടിയെടുത്തെന്ന ആരോപണവുമായി ലിക്വിഡ്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തിരിച്ചടിയാകുമെന്ന് സൂചന നല്‍കിയതിന് പിന്നാലെ, ആരോപണങ്ങളുമായി ലിക്വിഡ് പാര്‍ട്ടി രംഗത്തെത്തി. അറബ് പാര്‍ട്ടികള്‍ വിദേശ സഹായത്തോടെ തെരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടല്‍ നടത്തിയെന്നും തങ്ങളുടെ ഭൂരിപക്ഷം തട്ടിയെടുക്കുകയായിരുന്നെന്നും തെളിവുകള്‍ നിരത്താതെ പാര്‍ട്ടി ആരോപിച്ചു. 'ഇസ്രായേലിലെ തെരഞ്ഞെടുപ്പ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നു. വലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാനും പാര്‍ലമെന്റ് വിദേശശക്തികള്‍ക്ക് മുന്നില്‍ കീഴടക്കാനുമുള്ള ഗൂഢശ്രമമാണിത്', ലിക്വിഡ് പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

വോട്ട് വാങ്ങുന്നതിനായി ഖത്തര്‍ അറബ് പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയെന്ന പ്രചാരണവും ഇസ്രായേലി മാധ്യമങ്ങളിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ശക്തമായിരുന്നു. എന്നാല്‍, അറബ് പാര്‍ട്ടികളും ഖത്തറും ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ ജനകീയ അടിത്തറ ചോദ്യം ചെയ്യാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഗാഡി ഐസന്‍കോട്ട് കുറ്റപ്പെടുത്തി.

ഷിന്‍ ബെറ്റ് അന്വേഷണം

വിദേശ ഇടപെടല്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലവനും സുപ്രീം കോടതി ജസ്റ്റിസുമായ നോആം സോള്‍ബെര്‍ഗ് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനോട് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളില്ലെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം. എന്നാല്‍, ഒരു പ്രത്യേക ജനവിഭാഗത്തെ മുഴുവന്‍ സംശയനിഴലിലാക്കാനോ കുറ്റപ്പെടുത്താനോ ഉള്ള നീക്കമല്ലിതെന്ന് ഷിന്‍ ബെറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തെ ഈ അന്വേഷണം ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന പലസ്തീന്‍ വംശജരായ അറബ് പൗരന്മാര്‍ക്കിടയില്‍ ഈ ആരോപണങ്ങള്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് മുന്നോടിയായി നെതന്യാഹുവും ലിക്വിഡ് പാര്‍ട്ടി ഭാരവാഹികളും അറബ് പാര്‍ട്ടികള്‍ക്കെതിരെ കടുത്ത പ്രചാരണം നടത്തിയിരുന്നു. അറബ് വംശജരെ മാറ്റിനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഗീയ പ്രചാരണങ്ങളും നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സര്‍ക്കാരിനോടുള്ള പൊതുജനങ്ങളുടെ എതിര്‍പ്പും അറബ് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കാരണമായി.

നിര്‍ണ്ണായകമായി അറബ് പാര്‍ട്ടികളുടെ പിന്തുണ

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ അറബ് പാര്‍ട്ടികള്‍ക്ക് മുമ്പെങ്ങുമില്ലാത്ത സ്വാധീനമാണ് നല്‍കിയിരിക്കുന്നത്. റാം, ജോയിന്റ് ലിസ്റ്റ് ഉള്‍പ്പെടെയുള്ള അറബ് ഗ്രൂപ്പുകള്‍ നേടിയ 19 സീറ്റുകള്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. കേവല ഭൂരിപക്ഷമായ 61 തികയ്ക്കാന്‍ പ്രതിപക്ഷ നേതാവ് ഐസന്‍കോട്ടിന് അറബ് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമായി വരും. ഭരണസഖ്യത്തില്‍ ഔദ്യോഗികമായി പങ്കാളികളായില്ലെങ്കിലും സ്പീക്കര്‍ തെരഞ്ഞെടുപ്പിലും നയരൂപീകരണത്തിലും ഇവരുടെ നിലപാട് പ്രധാനമാണ്. എന്നാല്‍, അറബ് പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത് 'രാജ്യദ്രോഹ'ത്തിന് തുല്യമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

ഭാവി അനിശ്ചിതത്വത്തില്‍

തെരഞ്ഞെടുപ്പിന്റെ അന്തിമഫലം ബുധനാഴ്ച പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കൈമാറും. തുടര്‍ന്ന് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരുണ്ടാക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് ക്ഷണിക്കും. ഭരണമൊഴിയേണ്ടി വന്നാല്‍ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകള്‍ വീണ്ടും സജീവമാകാനും 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം ശക്തമാകാനും സാധ്യതയുണ്ട്. നിര്‍ണ്ണായകമായ 61 എം.പിമാരുടെ പിന്തുണ കണ്ടെത്താന്‍ കക്ഷികള്‍ക്ക് സാധിച്ചില്ലെങ്കില്‍, രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.

Israel's parliamentary election has dealt a major blow to Prime Minister Benjamin Netanyahu's right-wing alliance, which failed to secure the 61 seats required for a parliamentary majority. Although Netanyahu's Likud party emerged as the single largest party with 27 seats, his alliance won only 53 seats in the 120-member Knesset. The opposition alliance led by former military chief Gadi Eisenkot secured 48 seats, while Arab parties won 19 seats. The election results have triggered political uncertainty, with Likud alleging widespread electoral fraud and foreign interference without presenting evidence. The allegations, which Arab parties and Qatar have denied, have prompted the election commission to ask Israel's domestic security agency, Shin Bet, to investigate. The commission has clarified that the probe will not affect the final election results.