International

ജനകീയ പ്രക്ഷോഭത്തില്‍ വിറങ്ങലിച്ച് ഫ്രാന്‍സ്; ചരിത്രസ്മാരകങ്ങള്‍ കത്തിയമര്‍ന്നു, വ്യാപക കൊള്ളയടി, അഞ്ച് ലക്ഷം പേര്‍ തെരുവില്‍

സ്‌കൂളുകളിലെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരമാണ് പിന്നീട് വലിയൊരു രാഷ്ട്രീയ പ്രക്ഷോഭമായി വളര്‍ന്നത്

Madism Desk

ജീവിതച്ചിലവ് വര്‍ധിക്കുന്നതിനും പൊതുസേവന മേഖലകളുടെ കടുത്ത തകര്‍ച്ചയ്ക്കുമെതിരെ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നപ്പോള്‍ പാരീസും മറ്റ് പ്രമുഖ നഗരങ്ങളും യുദ്ധക്കളത്തിന് സമാനമായി മാറി. ആകെ 5,50,000-ത്തോളം ആളുകള്‍ പങ്കെടുത്ത പ്രക്ഷോഭത്തില്‍ വ്യാപകമായ അക്രമങ്ങളും കൊള്ളയുമാണ് അരങ്ങേറിയത്. പാരീസില്‍ മാത്രം 1,10,000 പേര്‍ തെരുവിലിറങ്ങിയതായി ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് വ്യക്തമാക്കി. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 150 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും രാജ്യവ്യാപകമായി 1,200-ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അക്രമ പരമ്പരയിലേക്ക് വഴിമാറിയ പ്രക്ഷോഭം

സ്‌കൂളുകളിലെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരമാണ് പിന്നീട് വലിയൊരു രാഷ്ട്രീയ പ്രക്ഷോഭമായി വളര്‍ന്നത്. ട്രേഡ് യൂണിയനുകളും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ നിരാശരായ ജനങ്ങളും ഈ മുന്നേറ്റത്തിലേക്ക് അണിനിരക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പാരീസില്‍ ഉച്ചയോടെ സമാധാനപരമായി ആരംഭിച്ച മാര്‍ച്ചുകള്‍ വൈകുന്നേരത്തോടെ അക്രമത്തിലേക്ക് വഴിമാറി. പ്ലേസ് ഡി ലാ റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടയില്‍ ലൂയി വിറ്റോണ്‍, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങി നിരവധി ആഡംബര ബ്രാന്‍ഡുകളുടെ ഔട്ട്ലെറ്റുകളും വസ്ത്ര-ഭക്ഷണശാലകളും കൊള്ളയടിക്കപ്പെട്ടു. ലില്ലെയിലും മാര്‍സെയില്ലെയിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും റിപ്പോര്‍ട്ടുണ്ട്.

ചരിത്ര സ്മാരകങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും അഗ്‌നിക്കിരയായി

തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ഫ്രഞ്ച് നഗരങ്ങളിലും വലിയ രീതിയില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലിയോണില്‍ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ടൂറിസ്റ്റ് ഓഫീസ് പൂര്‍ണ്ണമായി കത്തിനശിച്ചു. തീയണക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സിനെ തടഞ്ഞത് സാഹചര്യം കൂടുതല്‍ വഷളാക്കി. ലിമോഗെസ് ടൗണ്‍ ഹാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഗ്രെനോബിള്‍, അവിഗ്‌നണ്‍, പോ, മോണ്ട്‌പെല്ലിയര്‍, വാലന്‍സ് എന്നീ നഗരങ്ങളിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രെനോബിളില്‍ പ്രക്ഷോഭകര്‍ മുഖംമൂടി ധരിച്ച് ടൂറിസ്റ്റ് ട്രെയിന്‍ പൊലീസുകാരുടെ നേരെ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതും ആശങ്ക പരത്തി. അക്രമങ്ങളുടെ ഭാഗമായി ഒരു യുവാവിന്റെ കൈപ്പത്തി സ്റ്റണ്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് തകര്‍ന്നത് ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കടുത്ത നടപടിയുണ്ടാകുമെന്ന് മാക്രോണ്‍

സംഭവങ്ങളെത്തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. പൊതുമുതല്‍ നശിപ്പിച്ചതിനും കൊള്ളിവെപ്പുകള്‍ നടത്തിയതിനും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില രാഷ്ട്രീയ ഗ്രൂപ്പുകള്‍ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു ആരോപിച്ചു. അതേസമയം, അക്രമങ്ങള്‍ ശക്തമായതോടെ പൊലീസിന്റെ നടപടികളും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ഇരുപതിലേറെ പരാതികള്‍ പൊലീസ് വാച്ച്ഡോഗ് അന്വേഷിച്ചുവരികയാണ്.

പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങള്‍

15-നും 18-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഫ്രാന്‍സിലെ സെക്കന്‍ഡറി സ്‌കൂളുകളിലെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ഈ പ്രതിഷേധങ്ങളുടെ തുടക്കം. ജീവനക്കാരുടെ കുറവും മോശം സൗകര്യങ്ങളും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രതിഷേധിച്ചത്. ഈ പ്രസ്ഥാനത്തിന് പിന്നീട് ട്രേഡ് യൂണിയനുകളുടെയും ജീവിതച്ചിലവ് വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിക്കുന്ന മറ്റ് ഗ്രൂപ്പുകളുടെയും പിന്തുണ ലഭിച്ചു. 2018-ല്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെയും സാമ്പത്തിക പ്രതിസന്ധിക്കെതിരെയും രൂപംകൊണ്ട 'മഞ്ഞക്കുപ്പായക്കാരുടെ' അംഗങ്ങളും ഇതിലുണ്ട്.

വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഒക്ടോബര്‍ എട്ടിന് നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍, 3,000 താല്‍ക്കാലിക അധ്യാപകരെക്കൂടി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എഡ്വേര്‍ഡ് ഗെഫ്രേ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ് ചെയ്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ രാഷ്ട്രീയ രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. മാക്രോണ്‍ അടുത്ത വര്‍ഷം സ്ഥാനമൊഴിയാനിരിക്കെ, നാഷണല്‍ റാലി നേതാവ് മരീന്‍ ലെ പെന്നും തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ലാ ഫ്രാന്‍സ് ഇന്‍സൗമിസെയുടെ നേതാവ് ഴാങ്-ലൂക്ക് മെലെന്‍ഷോണുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.

France has been gripped by widespread protests over the rising cost of living and deteriorating public services, with demonstrations reportedly turning violent in Paris and several other cities. According to the figures cited in the report, around 550,000 people took part in protests nationwide, including approximately 110,000 in Paris. Clashes left 150 police officers injured, while more than 1,200 people were arrested. The protests reportedly began with students raising concerns about poor conditions, staff shortages and inadequate infrastructure in secondary schools. Trade unions and groups dissatisfied with the government's economic policies subsequently joined the movement. Demonstrations escalated into clashes, arson and looting, with shops, restaurants, tourist facilities and public buildings among the reported targets. Cities including Lyon and Limoges also witnessed significant fires and property damage.