International

'ചരിത്രത്തിലെ മുറിവ്', അടിമത്തത്തിന് മാപ്പ് പറഞ്ഞ് പോപ് ലിയോ; നൂറ്റാണ്ടുകളുടെ കുറ്റബോധം കഴുകിക്കളഞ്ഞ് സഭ

അടിമത്ത ചരിത്രങ്ങൾ സഭയുടെ തീരുമാനങ്ങളായിരുന്നെന്ന് തുറന്നുപറഞ്ഞ് ആദ്യമായാണ് ഒരു പോപ്പ് സഭയുടെ പേരില്‍ മാപ്പ് ചോദിക്കുന്നത്

Madism Desk

അടിമത്ത സംസ്‌കാരത്തില്‍ നൂറ്റാണ്ടുകളായുള്ള സഭയുടെ നിലപാടുകളില്‍ സഭക്കുവേണ്ടി മാപ്പ് ചോദിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പോപ് ലിയോ പതിനാലാമന്‍. അടിമകളെ കൈവശംവെച്ചതിലും കച്ചവടത്തിലും സഭയുടെ നിലപാടില്‍ മുന്‍കാല പോപുമാര്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം വ്യക്തിയധിഷ്ഠമായ സംഭവങ്ങളാക്കിയായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതെല്ലാം ഓരോകാലത്തെയും സഭയുടെ തീരുമാനങ്ങളായിരുന്നെന്ന് തുറന്ന് പറഞ്ഞ് ആദ്യമായാണ് ഒരു പോപ്പ് സഭയുടെ പേരില്‍ മാപ്പ് ചോദിക്കുന്നത്.

ക്രൈസ്തവ ചരിത്രസ്മരണയിലെ മുറിവ് തന്നെയായിരുന്നു ഇതെന്നാണ് പോപ് ലിയോ, സഭയുടെ ട്രാന്‍സ്-അറ്റ്‌ലാന്റിക് അടിമ സംസ്‌കാരത്തെ വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകളോളം അടിമത്തത്തെ നിയമസാധുതയുള്ളതാക്കി കാണിച്ചതിലും അതിനെ ശക്തമായി അപലപിക്കാന്‍ വൈകിയതിലും കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ വഹിച്ച പങ്കിനാണ് അദ്ദേഹം ഖേദം രേഖപ്പെടുത്തിയത്. അതിനാല്‍തന്നെ പോപ്പ് ലിയോയുടെ ഈ പ്രസ്താവന ചരിത്രപരമായ വഴിത്തിരിവായാണ് ലോകം കണക്കാക്കുന്നത്.

അമേരിക്കയില്‍ ജനിച്ച ആദ്യ പോപ്പായ ലിയോ പതിനാലാമന്റെ കുടുംബചരിത്രത്തില്‍ അടിമകളായിരുന്നവരും അടിമകളെ കൈവശം വെച്ചിരുന്നവരും ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 15-ാം നൂറ്റാണ്ടിലെ സഭാ ഉത്തരവുകളില്‍ പോര്‍ച്ചുഗീസ് രാജാക്കന്മാര്‍ക്ക് ആഫ്രിക്കയിലും അമേരിക്കയിലും അധിനിവേശം നടത്താനും ക്രിസ്ത്യാനികളല്ലാത്തവരെ അടിമകളാക്കാനും അനുമതി നല്‍കിയിരുന്നു.

1452ല്‍ പോപ്പ് നിക്കോളസ് അഞ്ചാമന്‍ പുറത്തിറക്കിയ ഉത്തരവില്‍ പോര്‍ച്ചുഗീസ് രാജാവിനും അദ്ദേഹത്തിന്റെ അവകാശികള്‍ക്കും അവിശ്വാസികളേയും ക്രിസ്തുവിന്റെ നാമത്തിന്റെ ശത്രുക്കളേ അക്രമിക്കാനും കീഴടക്കാനും അവരുടെ ഭൂമിയും സമ്പത്തും പിടിച്ചെടുക്കാനും അധികാരം നല്‍കിയിരുന്നു. പിടിക്കപ്പെട്ടവരെ ആജീവനാന്തം അടിമത്തത്തിലേക്കയക്കാനും അനുവാദവും നല്‍കിയിരുന്നു.

1455ല്‍ പുറത്തിറങ്ങിയ മറ്റൊരു ഉത്തരവിലും ഇതേ നിലപാട് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളാണ് പിന്നീട് ഡിസ്‌കവറി സിദ്ധാന്തത്തിന്റെ അടിസ്ഥാനമായത്. ഈ സിദ്ധാന്തം ഉപയോഗിച്ചാണ് യൂറോപ്യന്‍ ശക്തികള്‍ ആഫ്രിക്കയിലെയും അമേരിക്കയിലെയും സ്വദേശികളുടെ ഭൂമികള്‍ കൈവശപ്പെടുത്തിയതെന്നാണ് ചരിത്രം. പിന്നീട് പോപ്പുമാരായ കാലിക്സ്റ്റസ് മൂന്നാമന്‍(1456), സിക്സ്റ്റസ് നാലാമന്‍ (1481), ലിയോ പത്താമന്‍ (1514) എന്നിവര്‍ ഈ അനുമതികള്‍ക്ക് അനുമതി പുതുക്കിനല്‍കിയിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ അവകാശങ്ങള്‍ സ്പാനിഷ് രാജാക്കന്മാര്‍ക്കും ലഭിച്ചിരുന്നതായാണ് ചരിത്രം.

എന്നാല്‍ കണ്ടെത്തല്‍ സിദ്ധാന്തം 2023ല്‍ വത്തിക്കാന്‍ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഈ പഴയ പാപ്പല്‍ ഉത്തരുവകള്‍ ഔദ്യോഗികമായി റദ്ദാക്കിയിരുന്നില്ല. മാത്രമല്ല യൂറോപ്യന്‍ രാജാക്കന്മാര്‍ക്ക് അവിശ്വാസികളെ കീഴടക്കി അടിമകളാക്കാന്‍ സഭ അനുമതി നല്‍കിയത് രാജാക്കന്‍മാരുടെ വ്യക്തിപരമായ കുറ്റങ്ങളായിരുന്നെന്നാണ് മുന്‍പോപുമാര്‍ പറഞ്ഞിരുന്നത്.

നൂറ്റാണ്ടുകളായി സഭ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കുറ്റബോധത്തിനാണ് കഴിഞ്ഞ ദിവസം പോപ് ലിയോ അവസാനം കുറിച്ചത്. ദൈവം അനന്തമായി സ്‌നേഹിക്കുന്ന മനുഷ്യര്‍ സഹിക്കേണ്ടിവന്ന അപമാനങ്ങളും വേദനകളും ഓര്‍ക്കുമ്പോള്‍ അതീവ ദുഃഖം തോന്നുന്നുവെന്നും ഇതിനായി സഭയുടെ പേരില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു എന്നുമാണ് പോപ് എഴുതിയത്.

ഇന്നലെ പുറത്തിറങ്ങിയ 'മഹത്തായ മനുഷ്യത്വം' എന്ന തന്റെ ആദ്യ എന്‍സൈക്ലിക്കല്‍ രേഖയിലൂടെയാണ് അദ്ദേഹം ഈ മാപ്പുപറച്ചില്‍ നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം മനുഷ്യരാശിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചാണ് പ്രധാനമായും എന്‍സൈക്ലിക്കല്‍ രേഖയില്‍ പ്രതിപാദിക്കുന്നത്. എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുന്നതിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യരെ അനിയന്ത്രിതമായ തൊഴില്‍ചൂഷണത്തിന് വിധേയരാക്കുന്നതിനെ അദ്ദേഹം പുതിയ അടിമത്തം എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള ആധുനിക ചൂഷണങ്ങളെ വിമര്‍ശിക്കുമ്പോഴാണ് അദ്ദേഹം സഭയുടെ പഴയ ട്രാന്‍സ്-അറ്റ്‌ലാന്റിക് അടിമക്കച്ചവടത്തെ പരാമര്‍ശിച്ചത്.

English Summary: Pope Leo XIV shocked the world by officially apologising on behalf of the Catholic Church for its historic role in supporting and legitimising slavery. He acknowledged that past papal decrees had allowed European rulers to conquer territories and enslave non-Christians during the colonial era. Describing slavery as a “wound in Christian memory,” the Pope expressed regret for the Church’s delayed condemnation of the practice.