aqua titan russian crude arrival 
International

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; ഏഴ് റഷ്യൻ എണ്ണക്കപ്പലുകൾ യൂടേണടിച്ച് ഇന്ത്യൻ തീരത്തേക്ക്

'അക്വാ ടൈറ്റൻ' എന്ന ചരക്ക് കപ്പലാണ് ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്ത് എത്തിയത്.

Madism Desk

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയിലേക്ക് പുറപ്പെട്ട ഏഴ് എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്. ഇതിൽ ആദ്യ കപ്പൽ ഇന്ത്യയിലെത്തിയിട്ടുണ്ട്. 'അക്വാ ടൈറ്റൻ' എന്ന ചരക്ക് കപ്പലാണ് ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്ത് എത്തിയത്. നേരത്തെ ചൈനയിലേക്ക് പുറപ്പെട്ട കപ്പൽ, ഇന്ത്യയുടെ അടിയന്തര ഊർജ്ജ ആവശ്യങ്ങൾ പരിഗണിച്ച് പാതിവഴിയിൽ വെച്ച് തിരിച്ചുവിടുകയായിരുന്നു. രാജ്യം നേരിടുന്ന ഇന്ധനക്ഷാമം പരിഹരിക്കാനുള്ള സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

ജനുവരി അവസാനത്തോടെ ബാൾട്ടിക് കടലിൽ നിന്ന് ചൈനയിലെ റിഷാവോ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടതായിരുന്നു 'അക്വാ ടൈറ്റൻ'. എന്നാൽ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതോടെ മാർച്ച് പകുതിയോടെ കപ്പലിന്റെ ദിശ ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തിൽ ചൈനയിലേക്ക് പോകേണ്ടിയിരുന്ന ആറ് റഷ്യൻ എണ്ണക്കപ്പലുകളാണ് ഇപ്പോൾ ഇന്ത്യ ലക്ഷ്യമാക്കി വരുന്നത്. ഇത് രാജ്യത്തെ അസംസ്‌കൃത എണ്ണ ലഭ്യതയിലെ കുറവ് നികത്താൻ വലിയ രീതിയിൽ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് ഇന്ത്യയിലേക്ക് ഇന്ധനമെത്തുന്നത് പ്രതിസന്ധിയിലായത്. രാജ്യത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഭാഗവും പാചകവാതക ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. റഷ്യയിൽ നിന്നുള്ള രണ്ടാമത്തെ കപ്പലായ 'സൂയസ്മാക്സ് സുസു എൻ' മാർച്ച് 25-ഓടെ ഗുജറാത്തിലെ സിക്ക തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അസംസ്‌കൃത എണ്ണയ്ക്ക് പുറമെ രാജ്യത്തെ പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി അമേരിക്കയിൽ നിന്നുള്ള എൽപിജി കപ്പലും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. ടെക്സസിൽ നിന്നുള്ള 'പിക്സിസ് പയനിയർ' എന്ന കപ്പലാണ് ഞായറാഴ്ച തുറമുഖത്ത് എത്തിയത്. ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കപ്പലിൽ നിന്ന് ഗ്യാസ് ഇറക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചു.

English Summary: India gets relief amid a fuel crisis as seven Russian oil tankers, including Aqua Titan, are redirected from China to Indian ports. The move is expected to ease crude oil shortages caused by disruptions in the Strait of Hormuz.